പോളണ്ടിനെപ്പറ്റി ഒന്നും പറയരുതെന്ന് ശ്രീനിവാസൻ പറഞ്ഞത് വെറുതെയല്ല: പോളണ്ടിന്റെ പേരിൽ കോട്ടയത്ത് അച്ഛനും മകനും ചേർന്ന് തട്ടിയത് പത്തൊമ്പതര ലക്ഷം; കാശ് പോയവർ നിലവിളിച്ച് നെട്ടോട്ടമോടുന്നു

പോളണ്ടിനെപ്പറ്റി ഒന്നും പറയരുതെന്ന് ശ്രീനിവാസൻ പറഞ്ഞത് വെറുതെയല്ല: പോളണ്ടിന്റെ പേരിൽ കോട്ടയത്ത് അച്ഛനും മകനും ചേർന്ന് തട്ടിയത് പത്തൊമ്പതര ലക്ഷം; കാശ് പോയവർ നിലവിളിച്ച് നെട്ടോട്ടമോടുന്നു

ക്രൈം ഡെസ്‌ക്

കോട്ടയം: പോളണ്ടിനെപ്പറ്റി ഒരക്ഷരം പറയരുതെന്ന് ശ്രീനിവാസൻ സന്ദേശത്തിൽ പറഞ്ഞപ്പോൾ നമ്മളെല്ലാം കൂടെയിരുന്ന് ചിരിച്ചു. എന്നാൽ, പോളണ്ട് എന്ന പേര് മാത്രം പറഞ്ഞ് അച്ഛനും മകനും ചേർന്ന് നാട്ടുകാരെ പറ്റിച്ചെടുത്തത് പത്തൊൻപതരലക്ഷം രൂപയാണ്. അയർക്കുന്നം, കോട്ടയം, കൊല്ലം സ്വദേശികളായ ഏഴു പേരിൽ നിന്നായി 19.50 ലക്ഷം രൂപ തട്ടിയെടുത്ത കോട്ടയം 
അയർക്കുന്നം അമയന്നൂർ വള്ളിക്കാട് മറ്റത്തിൽ തോമസ് മറ്റം (55) മകൻ മിഥുൻ തോമസ് (30) എന്നിവരെ ഈസ്റ്റ് സ്‌റ്റേഷൻ ഹൗസ് ഓഫിസർ സി.ഐ ടി.ആർ ജിജു അറസ്റ്റ് ചെയ്തതോടെയാണ് പോളണ്ടിന്റെ പേരിൽ കോട്ടയം നഗരത്തിൽ നടന്ന മുട്ടൻ തട്ടിപ്പ് പുറത്തായത്. കേസിലെ പ്രധാന പ്രതിയും സ്ഥാപനത്തിന്റെ മാനേജിഗ് ഡയറക്ടറുമായ മുണ്ടക്കയം സ്വദേശി ഡെൽജോ പൊലീസിനെയും പരാതിക്കാരെയും വെട്ടിച്ച് പോളണ്ടിലേയ്ക്ക് നാടുവിടുകയും ചെയ്തു. 
ഒറു വർഷം മുൻപാണ് മിഥുനും ഡെൽജോയും തോമസും ചേർന്ന് റെയിൽവേ സ്‌റ്റേഷന് സമീപം ഫ്‌ളൈ യൂറോ വിംഗ്‌സ് എന്ന സ്ഥാപനം ആരംഭിച്ചത്. പോളണ്ട് സ്‌ളോവേക്യ എന്നിവിടങ്ങളിൽ ജോലിയ്ക്കുള്ള വിസയും, വിദ്യാഭ്യാസത്തിനുള്ള വിസയും എടുത്തു നൽകുമെന്നായിരുന്നു വാദ്ഗാനം. മലയാള മനോരമ അടക്കമുള്ള പത്രങ്ങളിലും സോഷ്യൽ മീഡിയയിലും വൻ പബ്ലിസിറ്റി നൽകിയതോടെ നൂറുകണക്കിന് ആളുകളാണ് ദിവസവും ഇവിടെ തൊഴിൽ തേടി എത്തിയത്. രണ്ടു ലക്ഷം മുതൽ അഞ്ചു ലക്ഷം രൂപ വരെയാണ് ഓരുരുത്തരിൽ നിന്നും പ്രതികൾ ഈടാക്കിയിരുന്നത്. പണം നൽകി മാസങ്ങൾ കഴിഞ്ഞിട്ടും വിസ ലഭിക്കാതെ വന്നതോടെയാണ് ആളുകൾ പരാതിയുമായി രംഗത്ത് എത്തിയത്. നാട്ടുകാർ പരാതിയുമായി ജില്ലാ പൊലീസ് മേധാവി ഹരിശങ്കറിനെ സമീപിച്ചു. ഹരിശങ്കർ കേസ് അന്വേഷണത്തിനായി ഡിവൈഎസ്പി ആർ.ശ്രീകുമാറിന് കൈമാറി. ശ്രീകുമാറിന്റെ നിർദേശാനുസരണമാണ് ടി.ആർ ജിജു കേസ് അന്വേഷിച്ചത്. 
തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിൽ അടക്കം പ്രതികൾ വിസ വാഗ്ദാനം ചെയ്ത് പണം വാങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തി. തുടർന്ന് പ്രതികൾക്കായി അന്വേഷണം ആരംഭിച്ചു. ഇതിനിടെ പരാതിക്കാരുടെ എണ്ണം വർധിച്ചതായി കണ്ട സ്ഥാപന ഉടമ ഡെൽജോ പോളണ്ടിലേയ്ക്ക് മുങ്ങി. തുടർന്ന പൊലീസ് തോമസിനെയും മകനെയും അറസ്റ്റ് ചെയ്യുകയായിരുന്നു. മുങ്ങി നടന്ന പ്രതികളെ സി.ഐ ടി.ആർ ജിജു, പ്രിൻസിപ്പൽ എസ്.ഐ മഹേഷ്, അഡീഷൽ എസ്.ഐ തോമസ് , സിവിൽ പൊലീസ് ഓഫിസർ പി.സി സജി എന്നിവർ ചേർന്ന് പിടികൂടുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. 
പോളണ്ടിലും സ്‌ളോവൊക്യയിലും ജോലി വാഗ്ദാനം ചെയ്ത് ഇവർ കുട്ുക്കിയ ആളുകളിൽ പലരും ഇനിയും പരാതി നൽകാനുണ്ടെന്ന് പൊലീസ് പറഞ്ഞു. ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ മാത്രം നിലവിൽ മൂന്ന് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ആളുകൾ പരാതിയുമായി എത്തുമെന്നാണ് പൊലീസ് പ്രതീക്ഷിക്കുന്നത്. വരും ദിവസങ്ങളിൽ കൂടുതൽ പരാതികൾ എത്തിയേക്കും. ഡെൽജോയ്ക്കായി വിദേശ ഏജൻസികളുടെ സഹായത്തോടെ പൊലീസ് അന്വേഷണവും ആരംഭിച്ചു.