
തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതിക്കു ബദലായി സംസ്ഥാനത്ത് അതിവേഗ റെയിൽപാത നിർമ്മിക്കാൻ റെയിൽവേ. ഇ.ശ്രീധരൻ നിർദേശിച്ചിട്ടുള്ള ബദൽ, സംസ്ഥാന സർക്കാർ മുൻപ് കെ.വി.തോമസ് വഴി കേന്ദ്രത്തിനു മുന്നിൽ വച്ചിരുന്നതാണ്.
അന്ന് മറുപടി പോലും നൽകാതിരുന്ന കേന്ദ്രറെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവാണ് ഇ.ശ്രീധരൻ നേരിട്ടു കണ്ടപ്പോൾ പദ്ധതിക്ക് ഡിപിആർ തയാറാക്കാൻ അനുമതി നൽകിയത്.
ഇടത്, വലത് മുന്നണികളും പുതിയ പാതയ്ക്ക് അനുകൂല നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. സിൽവർ ലൈൻ കേന്ദ്രം അംഗീകരിക്കാത്തതിനാൽ പുതിയ പദ്ധതികൾ പരിശോധിക്കുമെന്നും അനുയോജ്യ നിലപാട് സ്വീകരിക്കാവുന്നതാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
സിൽവർലൈനിന് പകരം പുതിയ പദ്ധതി പരിഗണനയിലുണ്ടെന്നു മാസങ്ങൾക്കു മുൻപ് ഗോവിന്ദൻ കണ്ണൂരിലെ യോഗത്തിലും പ്രസംഗിച്ചിരുന്നു. അതേസമയം, ഇതു തിരഞ്ഞെടുപ്പ് സ്റ്റണ്ടാകരുതെന്നാണു മന്ത്രി വി.അബ്ദുറഹിമാന്റെ പ്രതികരണം.
രാഷ്ട്രീയ കാരണങ്ങളാലാണു സിൽവർലൈനിന് കേന്ദ്രാനുമതി ലഭിക്കാത്തതെന്നും ഏതു പേരിട്ടു വിളിച്ചാലും വേഗ റെയിൽ പദ്ധതി നടന്നാൽ മതിയെന്നും മുഖ്യമന്ത്രി പിണറായി വിജയൻ മുൻപ് പറഞ്ഞിട്ടുള്ളതിനാൽ പദ്ധതിയെ എൽഡിഎഫ് എതിർക്കാൻ സാധ്യതയില്ല.
വേഗ റെയിൽ പാതയ്ക്കു വേണ്ടി ഏറെ പരിശ്രമിച്ചത് ഉമ്മൻചാണ്ടിയുടെ നേതൃത്വത്തിലുള്ള യുഡിഎഫ് സർക്കാരായതിനാൽ പദ്ധതിയെ യുഡിഎഫ് എതിർക്കുന്നില്ല. പദ്ധതി വരട്ടെയെന്ന നിലപാടിലാണ് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ.
സിൽവർലൈൻ പദ്ധതിയെപ്പറ്റി തങ്ങൾ ഉന്നയിച്ച കാര്യങ്ങൾ ശരിയാണെന്നു തെളിഞ്ഞതായി വി.ഡി.സതീശൻ പറഞ്ഞു. സിൽവർ ലൈൻ ഒന്നും പഠിക്കാതെ തട്ടിക്കൂട്ടിയ പ്രോജക്ടായതു കൊണ്ടാണ് എതിർത്തത്. നല്ല കാര്യങ്ങൾ വരുമ്പോൾ എന്തിനാണ് എതിർക്കുന്നതെന്നും സതീശൻ ചോദിക്കുന്നു.
തിരുവനന്തപുരം- കണ്ണൂർ വേഗ പാത, നിലവിലെ പാതയിൽ ആധുനിക സിഗ്‌നലിങ് സംവിധാനം, നിലമ്പൂർ- നഞ്ചൻകോട് പാത, ചെങ്ങന്നൂർ- പമ്പ എന്നീ 4 പദ്ധതികളാണ് ഇ.ശ്രീധരൻ കേന്ദ്ര റെയിൽവേ മന്ത്രിക്കു മുന്നിൽ വച്ചത്.
ഇതിൽ സംസ്ഥാന സർക്കാരിന് യോജിപ്പില്ലാത്തത് ചെങ്ങന്നൂർ- പമ്പ പദ്ധതിയോടാണ്. പദ്ധതി വേണ്ടെന്നു പറഞ്ഞിട്ടില്ലെങ്കിലും കേരളത്തിലെ 14 പട്ടണങ്ങൾക്കു റെയിൽവേ യാത്രാ സൗകര്യം ലഭിക്കുന്ന അങ്കമാലി- എരുമേലി ശബരി പദ്ധതിക്കാണു സർക്കാർ മുൻഗണന നൽകുന്നത്.
പദ്ധതിക്കായി ഭൂമി കല്ലിട്ടു തിരിച്ചതിന്റെ പേരിൽ വർഷങ്ങളായി ദുരിതം അനുഭവിക്കുന്ന ജനങ്ങളുള്ളതിനാൽ ശബരി പാതയുടെ കാര്യത്തിൽ സംസ്ഥാന സർക്കാർ വിട്ടുവീഴ്ചയ്ക്കു തയാറാകില്ല. ഭൂമിയേറ്റെടുക്കലുമായി മുന്നോട്ടു പോകാനും കിഫ്ബി വഴി ഇതിനു പണം കണ്ടെത്താനും തീരുമാനിച്ചിട്ടുണ്ട്.
ശബരി പാത നിർമിച്ച ശേഷം ചെങ്ങന്നൂർ-പമ്പ പാത റെയിൽവേ നിർമിച്ചാലും കുഴപ്പമില്ലെന്നാണു സർക്കാർ നിലപാട്. ചെങ്ങന്നൂർ-പമ്പ പാതയുടെ പകുതി ചെലവ് കേരളം വഹിക്കണമെന്നു റെയിൽവേ കത്തു നൽകിയെങ്കിലും കേരളം പ്രതികരിച്ചിട്ടില്ല.
അങ്കമാലി-എരുമേലി ശബരി പാത 3800 കോടി രൂപയ്ക്കു തീർക്കാമെങ്കിൽ ചെങ്ങന്നൂർ-പമ്പയ്ക്കു ഏകദേശം 7000 കോടി രൂപയാണു ചെലവു പ്രതീക്ഷിക്കുന്നത്.
തിരുവനന്തപുരം- കണ്ണൂർ വേഗപാതയുടെ, നിലവിൽ നിശ്ചയിച്ചിരിക്കുന്ന റൂട്ടിൽ ഇതുവരെ ട്രെയിൻ സർവീസ് എത്താത്ത സ്ഥലങ്ങളും ഉൾപ്പെടും. കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം വിമാനത്താവളങ്ങൾക്കു സമീപവും നിലവിൽ റെയിൽപാതയില്ലാത്ത അടൂർ, കുന്നംകുളം, എടപ്പാൾ, കരിപ്പൂർ (മലപ്പുറം) തുടങ്ങിയ സ്ഥലങ്ങളിലും സ്റ്റേഷനുകളുണ്ടാകും.
തിരുവനന്തപുരം സെൻട്രൽ, വിമാനത്താവളം, വർക്കല, കൊല്ലം, കൊട്ടാരക്കര, അടൂർ, ചെങ്ങന്നൂർ, കോട്ടയം, വൈക്കം, എറണാകുളം (പാലാരിവട്ടം പാലത്തിന് സമീപം), ആലുവ, നെടുമ്പാശേരി, തൃശൂർ, കുന്നംകുളം, എടപ്പാൾ, തിരൂർ, മലപ്പുറം (കരിപ്പൂർ), കോഴിക്കോട്, കൊയിലാണ്ടി, വടകര, തലശ്ശേരി, കണ്ണൂർ എന്നിവയായിരിക്കും സ്റ്റേഷനുകൾ.



