
തൃശൂര്‍: ഭർതൃവീട്ടിൽ മകൾ നിരന്തരം പീഡനം അനുഭവിച്ചിരുന്നതായി തൃശൂർ ഇരിഞ്ഞാലക്കുടയിൽ ജീവനൊടുക്കിയ ഫസീലയുടെ പിതാവ് റഷീദ്. ഭർത്താവിനേക്കാൾ ഭർതൃമാതാവായ റംലയാണ് മകളെ കൂടുതൽ ഉപദ്രവിച്ചിരുന്നതെന്നും മകളുടെ നിർബന്ധത്തിന് വഴങ്ങിയാണ് അവയൊന്നും ചോദ്യം ചെയ്യാതിരുന്നതെന്നും റഷീദ് പറഞ്ഞു. ഒരു ആംബുലൻസ് പോലും വിളിക്കാതെ ഓട്ടോയിലാണ് നൗഫലും വീട്ടുകാരും തന്റെ മകളെ ആശുപത്രിയിൽ എത്തിച്ചതെന്നും മരണത്തിന് ഉത്തരവാദികളായവർക്ക് തക്കതായ ശിക്ഷ ലഭിക്കുന്നത് വരെ നിയമപരമായി മുന്നോട്ട് പോകുമെന്നും റഷീദ് പറയുന്നു.
മാതാവിന് വാട്സ്ആപ്പ് സന്ദേശം അയച്ചതിന് പിന്നാലെ ഫസീല ടെറസിൽ കയറി തൂങ്ങിമരിക്കുകയായിരുന്നു. മൂത്ത കുട്ടിക്ക് ഒരു വയസ് തികയും മുമ്പ് ഗർഭിണിയായതിന്റെ പേരിലായിരുന്നു ഫസീലയ്ക്ക് കുറ്റപ്പെടുത്തലും മർദ്ദനവും ഏല്‍ക്കേണ്ടി വന്നത്. സംഭവത്തില്‍ ഫലീസയുടെ ഭർത്താവിനെയും ഭര്‍തൃമാതാവിനെയും പൊലീസ് അറസ്റ്റ് ചെയ്തു.
ആത്മഹത്യ ചെയ്യുന്നതിന് തൊട്ടുമുമ്പാണ് ഫസീല എന്ന 23 കാരി ഉമ്മയ്ക്ക് വാട്സാപ്പിലൂടെ അയച്ച സന്ദേശം അയച്ചത്. ”ഉമ്മ ഞാൻ രണ്ടാമത് ഗർഭിണിയാണ്. നൗഫലിന്റെ വയറ്റിൽ കുറെ ചവിട്ടി, ഉപദ്രവിച്ചു. ഇവിടുത്തെ ഉമ്മയും എന്നെ തെറി വിളിച്ചു. ഉമ്മ ഞാൻ മരിക്കുകയാണ് ഇല്ലെങ്കിൽ ഇവർ എന്നെ കൊല്ലും.” എന്നായിരുന്നു ഫസീലയുടെ വാട്സാപ്പ് സന്ദേശം. നെറ്റ് ഓഫ് ആയതിനാൽ ഒരു മണിക്കൂറിന് ശേഷമാണ് മാതാപിതാക്കൾ ഈ മെസേജ് കാണുന്നത്. വണ്ടി പിടിച്ച് കൊടുങ്ങല്ലൂരിലെ വീട്ടിൽ എത്തിയപ്പോഴേക്കും മകളെ ആശുപത്രിയിലേക്ക് കൊണ്ടുപോയെന്ന് അറിഞ്ഞു. അവിടെ എത്തിയപ്പോൾ കാണുന്നത് ഫസീലയുടെ മാതാപിതാക്കള്‍ കാണുന്നത് മകളുടെ ജീവനറ്റ ശരീരമായിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group