
ട്രെയിൻ പാളത്തിനു സമീപം കണ്ടെത്തിയ മൃതദേഹം കോട്ടയം വൈക്കം സ്വദേശിയുടേത്; ജോലി ആവശ്യത്തിനായി പോയ യുവാവ് തിരിച്ചെത്താത്തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്; ട്രെയിനിൽ നിന്ന് വീണതെന്നാണ് പ്രാഥമിക നിഗമനം
കോഴിക്കോട്: ഫറോക്ക് ചെറുവണ്ണൂരിന് സമീപം റെയില്‍ പാതയ്ക്കരികില്‍ കണ്ടെത്തിയ യുവാവിന്റെ മൃതദേഹം കോട്ടയം വൈക്കം സ്വദേശിയുടേതെന്ന് തിരിച്ചറിഞ്ഞു.
പരുത്തുമുടി അറക്കത്തറ ലക്ഷ്മി നിവാസില്‍ ശരത്ത് ബാബു(30) ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം ബന്ധുക്കള്‍ എത്തി തിരിച്ചറിയുകയായിരുന്നു. വ്യാഴാഴ്ച വൈകീട്ടാണ് ഫറോക്ക് റെയില്‍പ്പാലം എത്തുന്നതിന് മുന്‍പുള്ള പുല്‍ക്കാടിനുള്ളില്‍ നിന്നാണ് തിരിച്ചറിയാന്‍ സാധിക്കാത്ത തരത്തില്‍ മൃതദേഹം കണ്ടെത്തിയത്.
ഇതിന് സമീപത്ത് നിന്നായി ലഭിച്ച പഴ്‌സിലെ വിലാസത്തില്‍ ബന്ധപ്പെട്ടാണ് ബന്ധുക്കളെ വിവരം അറിയിച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ 10 -ാം തിയതി ജോലി ആവശ്യത്തിന് എന്ന് പറഞ്ഞാണ് ശരത്ത് വീട്ടില്‍ നിന്ന് ഇറങ്ങിയതെന്ന് ബന്ധുക്കള്‍ പറഞ്ഞു. പിന്നീട് ഒരു വിവരവും ഇല്ലാത്തതിനാല്‍ ഇവര്‍ നാട്ടില്‍ പൊലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. അന്വേഷണം നടക്കുന്നതിനിടയിലാണ് മൃതദേഹം കണ്ടെത്തിയത്.
നാട്ടിലേക്ക് തിരിച്ചു പോകുന്നതിനിടെ ട്രെയിനില്‍ നിന്ന് വീണുപോയതാകാം എന്നാണ് പ്രാഥമിക നിഗമനം. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയിരുന്നു. അച്ഛന്‍: ബാബു. അമ്മ: വത്സല. ഭാര്യ: സോന, മകള്‍: വാത്സല്യ. സഹോദരന്‍: രഞ്ജിത്ത് ബാബു.