play-sharp-fill
ഇന്നും കോട്ടയം വിജിലൻസ് ടീമിൻ്റെ കൈക്കൂലി വേട്ട; കൃഷിയിടത്തിൽ വെള്ളമെത്തിക്കാൻ മോട്ടോർ സ്ഥാപിക്കാൻ ഏലം കർഷകനിൽ നിന്നും 15000 രൂപ കൈക്കൂലി: കുമളി പഞ്ചായത്ത് ഹെഡ് ക്ലാർക്ക് വിജിലൻസ് പിടിയിൽ; രണ്ട് മാസത്തിനിടയ്ക്ക് പിടിയിലായത് അഞ്ച് കൈക്കൂലിക്കാർ

ഇന്നും കോട്ടയം വിജിലൻസ് ടീമിൻ്റെ കൈക്കൂലി വേട്ട; കൃഷിയിടത്തിൽ വെള്ളമെത്തിക്കാൻ മോട്ടോർ സ്ഥാപിക്കാൻ ഏലം കർഷകനിൽ നിന്നും 15000 രൂപ കൈക്കൂലി: കുമളി പഞ്ചായത്ത് ഹെഡ് ക്ലാർക്ക് വിജിലൻസ് പിടിയിൽ; രണ്ട് മാസത്തിനിടയ്ക്ക് പിടിയിലായത് അഞ്ച് കൈക്കൂലിക്കാർ

 

തേർഡ് ഐ ബ്യൂറോ

കോട്ടയം: കൃഷിയിടത്തിൽ വെള്ളമെത്തിയ്ക്കാൻ സ്വന്തം സ്ഥലത്ത് മോട്ടോർ സ്ഥാപിക്കുന്നതിനായി  മോട്ടോർ പുര നിർമ്മിക്കുന്നതിനുള്ള അപേക്ഷ നൽകിയ ഏലം കർഷകനിൽ നിന്നും 15000 രൂപ കൈക്കൂലി വാങ്ങിയ കുമളി പഞ്ചായത്ത് ഹെഡ് ക്ലർക്ക് വിജിലൻസ് പിടിയിലായി. കുമളി ഗ്രാമ പഞ്ചായത്ത് ഹെഡ് ക്ലാർക്ക് കട്ടപ്പന മേച്ചേരിൽ ഹൗസ് അജയകുമാറിനെയാണ് (46) വിജിലൻസ് എസ്.പി വി.ജി വിനോദ്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.

ചൊവ്വാഴ്ച ഉച്ചയോടെ കുമളി സ്വദേശിയായ കർഷകനിൽ നിന്നും കൈക്കൂലി തുക വാങ്ങുന്നതിനിടെയാണ് ഇയാളെ വിജിലൻസ് സംഘം അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസമായിരുന്നു കേസിനാസ്പദമായ സംഭവങ്ങളുടെ തുടക്കം. കുമളി ചെങ്കര സ്വദേശിയായ കർഷകൻ അതി കഠിനമായ വേനലിനെ തുടർന്ന് കൃഷി നശിച്ചു തുടങ്ങിയതോടെയാണ് ആറു സെന്റുള്ള തന്റെ കൃഷിയിടത്തിൽ കുഴൽ കിണർ കുത്തി വെള്ളം പമ്പ് ചെയ്യാൻ പദ്ധതി തയ്യാറാക്കിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടർന്നു, കർഷകൻ കുഴൽകിണർ കുത്തുകയും, ഇവിടെ മോട്ടോർ സ്ഥാപിക്കുകയും ചെയ്തു. തുടർന്നു മോട്ടോർ സ്ഥാപിക്കുന്നതിനായി ഇവിടെ മോട്ടോർ ഷെഡ് നിർമ്മിക്കുകയും ചെയ്തു.

ഈ മോട്ടോർ ഷെഡിന് പഞ്ചായത്തിന്റെ അനുമതി ലഭിച്ചെങ്കിൽ മാത്രമേ ഇവിടെ വൈദ്യുതി കണക്ഷൻ ലഭിക്കുകയുള്ളു. ഇതിനായി കുമളി പഞ്ചായത്തിനെ കർഷകൻ സമീപിച്ചു. അപേക്ഷ ലഭിച്ചത് അജയകുമാറിനായിരുന്നു. തുടർന്ന് അജയകുമാർ സ്ഥലം സന്ദർശിക്കുകയും 15000 രൂപ കൈക്കൂലിയായി നല്കിയാൽ ഉടൻ  അനുമതി നല്കാമെന്നും പറഞ്ഞു. തുടർന്ന് കർഷകൻ തുകയിൽ ഇളവ് നല്കണമെന്നും 15000 രൂപ നല്കാൻ യാതൊരു നിർവ്വാഹവുമില്ലന്ന് പറഞ്ഞെങ്കിലും അജയകുമാർ പറ്റില്ലന്ന് പറഞ്ഞു.

പഞ്ചായത്ത് സെക്രട്ടറിയ്ക്കും തന്റെ ഒപ്പമുള്ള മറ്റ് ഉദ്യോഗസ്ഥർക്കും കൈക്കൂലിയുടെ വിഹിതം നൽകേണ്ടതിനാൽ 15000 രൂപയിൽ ഒരു രൂപ കുറയ്ക്കാനാവില്ലെന്ന് അദ്ദേഹം അറിയിച്ചു. തുടർന്ന് കഴിഞ്ഞ ആഴ്ച അഡ്വാൻസായി അയ്യായിരം രൂപ കൈപ്പറ്റുകയും ചെയ്തു. ബാക്കി 10000   നൽകിയാൽ ബുധനാഴ്ച തന്നെ നിർമ്മാണത്തിന് ആവശ്യമായ എല്ലാ രേഖകളും നൽകാമെന്നും ഉദ്യോഗസ്ഥൻ നിലപാട് എടുത്തു. ഇതേ തുടർന്ന് ഉദ്യോഗസ്ഥന്റെ സമ്മർദ്ദം ശക്തമായതോടെ കർഷകൻ വിജിലൻസിനെ സമീപിക്കുകയായിരുന്നു.

തുടർന്നു, വിജിലൻസ് സംഘത്തിന്റെ നിർദേശാനുസരണം ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടു മണിയോടെ ഓഫിസിൽ എത്തിയ കർഷകൻ 10000 രൂപ കൈക്കൂലി നൽകുകയായിരുന്നു. ഇതിനു പിന്നാലെ തന്നെ സ്ഥലത്ത് എത്തിയ വിജിലൻസ് സംഘം അജയകുമാറിനെ പിടികൂടി. കോട്ടയം എസ് പി വി ജി വിനോദ്കമാറിൻ്റെ നേതൃത്വത്തിൽ കഴിഞ്ഞ രണ്ട് മാസത്തിനിടെ അറസ്റ്റ് ചെയ്ത അഞ്ച് കേസുകളിലായി ആറാമത്തെ കൈക്കൂലിക്കാരനാണ് അജയകുമാർ.

വിജിലൻസ് എസ് പി വി ജി വിനോദ് കുമാറിന്റെ നിർദേശനുസരണം ഇടുക്കി യൂണിറ്റ് വിജിലൻസ് ഡി വൈ എസ് പി വിആർ രവികുമാർ, ഇൻസ്‌പെക്ടർമാരായ റിജോ പി ജോസഫ്, വിജു റ്റി, സബ് ഇൻസ്‌പെക്ടർമാരായ വിൻസെന്റ് കെ മാത്യു, പ്രസന്നൻ, സന്തോഷ്‌,സാമുവേൽ ജോസഫ്,തുളസിധരക്കുറുപ്പ്, സ്റ്റാൻലി തോമസ്,വിജിലൻസ് ഉദ്യോഗസ്ഥരായ അനൂപ്,സൂരജ്,കൃഷ്ണകുമാർ, രഞ്ജിത്ത് തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.