play-sharp-fill
കൃഷിസ്ഥലം താമസസ്ഥലം ആക്കി നൽകാൻ രണ്ടു ലക്ഷം കൈക്കൂലി ആവശ്യപ്പെട്ട ചങ്ങനാശേരിയിലെ വനിതാ കൃഷി ഓഫിസർ വിജിലൻസ് പിടിയിലായി; പിടികൂടിയത് കാൽലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടയിൽ

കൃഷിസ്ഥലം താമസസ്ഥലം ആക്കി നൽകാൻ രണ്ടു ലക്ഷം കൈക്കൂലി ആവശ്യപ്പെട്ട ചങ്ങനാശേരിയിലെ വനിതാ കൃഷി ഓഫിസർ വിജിലൻസ് പിടിയിലായി; പിടികൂടിയത് കാൽലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടയിൽ

സ്വന്തം ലേഖകൻ
കോട്ടയം: കൃഷിസ്ഥലം താമസ സ്ഥലം ആക്കുന്നതിനായി രണ്ടു ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെടുകയും, കാൽലക്ഷത്തോളം രൂപ ആദ്യഗഡുവായി കൈപ്പറ്റുകയും ചെയ്യുന്നതിനിടെ വനിതാ കൃഷി ഓഫിസർ വിജിലൻസ് പിടിയിലായി. ചങ്ങനാശേരി കൃഷി ഓഫിസറായ കൊല്ലം സ്വദേശി വസന്തകുമാരിയെയാണ് വിജിലൻസ് എസ്.പി വി.ജി വിനോദ്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. കൈക്കൂലിയായി വാങ്ങിയ 25,000 രൂപ കൂടാതെ, കണക്കിൽപ്പെടാത്ത 70,000 രൂപ കൂടി ഇവരുടെ പക്കൽ നിന്നും വിജിലൻസ് സംഘം പിടിച്ചെടുത്തിട്ടുണ്ട്.
ചൊവ്വാഴ്ച വൈകിട്ട് നാലരയോടെയാണ് വിജിലൻസ് ഡിവൈഎസ്പി എൻ.രാജന്റെ നേതൃത്വത്തിലുള്ള സംഘം ചങ്ങനാശേരി കൃഷി ഓഫിസിൽ എത്തിയത്. ചങ്ങനാശേരി സ്വദേശിയുടെ ഭൂമി നിലവിൽ കൃഷിഭൂമിയായാണ് രേഖകളിലുള്ളത്. ഇത് കരഭൂമിയാക്കി മാറ്റിനൽകുന്നതിനായാണ് ഇവർ കൃഷി ഓഫിസിൽ എത്തിയത്. ഇത്തരത്തിൽ ഭൂമി രേഖകളിൽ മാറ്റി നൽകുന്നതിനായി രണ്ടര ലക്ഷം രൂപ കൈക്കൂലി നൽകണമെന്നാണ് കൃഷി ഓഫിസർ ആവശ്യപ്പെട്ടിരുന്നത്. എന്നാൽ, പണം നൽകാൻ തയ്യാറാകാതിരുന്ന ഇവർ പരാതിയുമായി വിജിലൻസ് എസ്.പി വി.ജി വിനോദ്കുമാറിനെ സമീപിക്കുകയായിരുന്നു. തുടർന്ന് വിജിലൻസ് സംഘം ഫിനോഫ്തലിൻ പൗഡർ ഇട്ട നോട്ടുകൾ പരാതിക്കാരിയുടെ കൈവശം നൽകിയയക്കുകയായിരുന്നു. തുടർന്ന് പരാതിക്കാരി പണം നൽകിയതിനു പിന്നാലെ, വിജിലൻസ് സംഘം ഓഫിസിനുള്ളിൽ കയറി ഇവരെ പിടികൂടി. സി.ഐമാരായ വി.എ നിഷാദ്‌മോൻ ,  റിജോ പി.ജോസഫ്, പൊലീസ് ഉദ്യോഗസ്ഥരായ വിൻസന്റ് കെ.മാത്യു, തുളസീധരക്കുറുപ്,് അജിത്, തോമസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധനയും അറസ്റ്റും. അറ്‌സ്റ്റിലായ ഉദ്യോഗസ്ഥയെ വിജിലൻസ് ഓഫിസിൽ എത്തിക്കും. തുടർന്ന് കോടതിയിൽ ഹാജരാക്കും