വിവാഹ നിശ്ചയത്തിന് പിന്നാലെ കോവിഡ്: കല്ല്യാണ പന്തലൊരുങ്ങേണ്ട വീട്ടിൽ ചിതയൊരുങ്ങി; ഒറ്റമുറി വീട്ടിൽ താമസിച്ചിരുന്ന കുടുംബത്തിനെ ആത്മഹത്യയിലേക്ക് നയിച്ചത് മൂത്തമകളുടെ വിവാഹം മുടങ്ങുമോ എന്ന ഭയം; വീടിനുള്ളിൽ നിന്ന് ആസിഡ് കൊണ്ടുവന്ന കുപ്പിക്കൊപ്പം വാക്കത്തിയും കണ്ടെത്തി; ഭാര്യക്കും മക്കൾക്കും കുടുംബ നാഥൻ നിർബന്ധിച്ച് ആസിഡ് നൽകിയതാണെന്ന് സംശയം

Spread the love

സ്വന്തം ലേഖകൻ

തലയോലപ്പറമ്പ്: ആസിഡ് ഉള്ളിൽ ചെന്ന നിലയിൽ കണ്ടെത്തിയ കുടുംബത്തിലെ വീട്ടമ്മയ്ക്കു പിന്നാലെ ഭർത്താവും മൂത്ത മകളും മരിച്ചു. ഇളയ മകളുടെ നില ഗുരുതരം. ബ്രഹ്മമംഗലം കാലായിൽ സുകുമാരൻ (57), ഭാര്യ സീന (54), മൂത്തമകൾ സൂര്യ (26) എന്നിവരാണു മരിച്ചത്. ഇളയ മകൾ സുവർണ (24) ഗുരുതരാവസ്ഥയിൽ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.

തിങ്കളാഴ്ച രാത്രി പത്തോടെയാണ് സംഭവം. നാട്ടുകാർ മുട്ടുചിറയിലെ സ്വകാര്യ ആശുപത്രിയിൽ ഇവരെ എത്തിച്ചപ്പോഴേക്കും സീന മരിച്ചു. വിദഗ്ധ ചികിത്സയ്ക്കായി മറ്റുള്ളവരെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചു. ഇന്നലെ രാവിലെ ഏഴരയോടെ സൂര്യ മരിച്ചു. ഉച്ചതിരിഞ്ഞു മൂന്നിനായിരുന്നു സുകുമാരന്റെ മരണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്വകാര്യ സ്ഥാപനത്തിലെ ഫാർമസിസ്റ്റ് ആയ സുവർണ വെന്റിലേറ്ററിലാണ്. ആസിഡ് ഉള്ളിൽ ചെന്ന് അവശനിലയിലായ സുവർണ സമീപത്തു താമസിക്കുന്ന ഇളയച്ഛൻ സന്തോഷിന്റെ വീട്ടിലെത്തി ജനലിൽ തട്ടി വീട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു. ഇവർ അറിയിച്ചതനുസരിച്ചാണ് നാട്ടുകാർ എത്തി അവശനിലയിലായിരുന്ന കുടുംബത്തെ ആശുപത്രിയിൽ എത്തിച്ചത്. നാലുപേരടങ്ങുന്ന കുടുംബം ഒറ്റമുറി വീട്ടിലായിരുന്നു താമസം. അര ലീറ്റർ ആസിഡ് കൊള്ളുന്ന കന്നാസും 4 സ്റ്റീൽ ഗ്ലാസും വീട്ടിനുള്ളിൽ നിന്നു കണ്ടെത്തിയതായി പൊലീസ് പറഞ്ഞു. റബർ ഷീറ്റ് ഉണ്ടാക്കാൻ വീട്ടിൽ ആസിഡ് സൂക്ഷിച്ചിരുന്നു.

സൂര്യയുടെ വിവാഹം ഡിസംബർ 12ന് നടത്താനിരിക്കെയാണ് കൂട്ട ആത്മഹത്യ. നിശ്ചയം കഴിഞ്ഞ ശേഷം സൂര്യയ്ക്കു കോവിഡ് ബാധിക്കുകയും മറ്റു ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവപ്പെടുകയും ചെയ്തിരുന്നു. ഇത് വിവാഹശേഷമുള്ള കുടുംബജീവിതത്തെ ബാധിക്കുമോ എന്ന ഭയവും വിവാഹം നടത്താനുള്ള സാമ്പത്തിക ബുദ്ധിമുട്ടുമാകാം ജീവനൊടുക്കാൻ പ്രേരിപ്പിച്ചതെന്നാണ് പൊലീസിന്റെ നിഗമനം. മരണശേഷം നടത്തിയ പരിശോധനയിൽ കോവിഡ് പോസിറ്റീവ് ആയതിനെത്തുടർന്ന് സീനയുടെ സംസ്കാരം തൃപ്പൂണിത്തുറ പുതിയകാവിലുള്ള പൊതുശ്മശാനത്തിൽ നടത്തി. സൂര്യയുടെയും സുകുമാരന്റെയും മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ.