കുടുംബത്തിൽ തുടരെ തുടരെ ഉണ്ടാകുന്ന ദോഷങ്ങൾക്ക് പരിഹാരം കാണാൻ വന്ന് ലക്ഷങ്ങൾ തട്ടിയെടുത്ത ജോത്സ്യൻ അറസ്റ്റിൽ
സ്വന്തം ലേഖിക
റാന്നി; മന്ത്രവാദവും ജോലി വാഗ്ദാനവും നടത്തി ലക്ഷങ്ങൾ തട്ടിയ കേസിൽ യുവാവ് അറസ്റ്റിലായി. കുടുംബത്തിൽ അടിക്കടിയുണ്ടാകുന്ന ദോഷങ്ങൾക്കു പരിഹാരം കാണാൻ പൂജയും മന്ത്രവാദവും നടത്താമെന്നു പറഞ്ഞു വിശ്വസിപ്പിച്ചാണ് 1.65 ലക്ഷം രൂപ പലപ്പോഴായി വീട്ടുകാരിൽ നിന്ന് വാങ്ങിയത്.പെരുനാട്ടിലുള്ള അഭിലാഷിന്റെ ബന്ധുവിന്റെ കുടുംബത്തെയാണ് മന്ത്രവാദം നടത്താമെന്നു പറഞ്ഞ് രൂപ കൈക്കലാക്കിയത്. കേസിൽ അട്ടച്ചാക്കലിൽ താമസിക്കുന്ന കോന്നി താഴം പാലയ്ക്കൽ സ്വദേശി അഭിലാഷ്്(38) ആണ് അറസ്റ്റിലായത്.ഇയാൾ അറസ്റ്റിലായതിനു പിന്നാലെ നിരവധി കേസുകളും പുറത്തു വന്നു. കെ.ടി.ഡി.സിയിൽ ജോലി വാഗ്ദാനം ചെയ്ത് രണ്ടു യുവാക്കളിൽ നിന്നുമായി 13 ലക്ഷം രൂപ തട്ടിയെടുത്തതിനു ഇയാൾക്കെതിരേ പത്തനംതിട്ട പോലീസിൽ കേസ് ഉണ്ട്. അഭിലാഷിന്റെ പെരുനാട്ടിലുള്ള ബന്ധുവിന്റെ വീട്ടിൽ ഉണ്ടായ അനിഷ്ട സംഭവങ്ങൾ കുടുംബദോഷം മൂലമാണെന്നും ഇത് പരിഹരിക്കാനുള്ള ആളെ എത്തിക്കാമെന്നും ഉറപ്പു നൽകിയാണ് 1.65 ലക്ഷം രൂപ വാങ്ങിയത്. നാളുകൾ കഴിഞ്ഞിട്ടും പൂജ നടത്തുകയോ അതിനായി ഏൽപ്പിച്ച പണം മടക്കി നൽകുകയോ ചെയ്യാത്തതിനെത്തുടർന്നായിരുന്നു ഇവർ കേസ് നൽകിയത്.