
സ്വന്തം ലേഖിക
കൊച്ചി: വ്യാജ വാട്ട്സാപ്പ് അക്കൗണ്ട് നിര്‍മ്മിച്ച് എറണാകുളം സ്വദേശിയില്‍ നിന്നും 42 ലക്ഷം രൂപ തട്ടിയെടുത്ത നാല് യു പി സ്വദേശികളെ കൊച്ചി സൈബര്‍ ക്രൈം പൊലീസ് അറസ്റ്റ് ചെയ്തു.
ഉത്തര്‍പ്രദേശ് സ്വദേശികളായ വിപിൻ കുമാര്‍ മിശ്ര (22), ധീരജ് കുമാര്‍ (35) ഉമ്മത്ത് അലി (26), സാക്ഷി മൗലി രാജ് (27) എന്നിവരെയാണ് കൊച്ചി സിറ്റി സൈബര്‍ ക്രൈം പൊലീസ് പിടികൂടിയത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
എറണാകുളം സ്വദേശിയും പ്രമുഖ ബില്‍ഡിങ്ങ് കമ്പനിയുടെ ചീഫ് ഫിനാഷ്യല്‍ ഓഫീസറാണ് പരാതി നല്‍കിയത്. കമ്പനിയുടെ മാനേജിങ്ങ് ഡയറക്ടറുടെ ഫോട്ടോ ഉപയോഗിച്ച് പ്രതികള്‍ വ്യാജ വാട്ട്സാപ്പ് അക്കൗണ്ട് ഉണ്ടാക്കി അതില്‍ നിന്നും പരാതിക്കാരന് മെസേജ് അയച്ച് 42 ലക്ഷത്തോളം രൂപ തട്ടിയെടുക്കുകയായിരുന്നു എന്നാണ് പരാതി.
ആധാര്‍ ഡിജിറ്റല്‍ സേവാ കേന്ദ്രം നടത്തുന്ന വിപിൻ തൻ്റെ കടയില്‍ വിവിധ ആവശ്യങ്ങള്‍ക്കായി വരുന്ന സാധാരണക്കാരായ ആളുകളെ കമ്മീഷൻ വാഗ്ദാനം ചെയ്ത് അവരുടെ അക്കൗണ്ടിലെ ഫോണ്‍ നമ്പരും വിവരങ്ങളും മാറുകയും തുടര്‍ന്ന് എടിഎം കാര്‍ഡ് കൈക്കലാക്കിയുമാണ് തട്ടിപ്പ് നടത്തുന്നത്. അങ്ങനെ ലഭിക്കുന്ന അക്കൗണ്ടിലേക്ക് ആണ് സംഘം തട്ടിപ്പ് പണം മാറ്റുന്നത്.
തുടര്‍ന്ന് വിവിധ സ്ഥലങ്ങളിലെ എടിഎം വഴി പണം വഴി പിൻവലിച്ചെടുക്കുന്നതാണ് പ്രതികളുടെ രീതി. അങ്ങനെ ലഭിക്കുന്ന പണം വീതിച്ചെടുത്ത് ആഡംബര ജീവിതം നയിച്ചുവരുകയായിരുന്നു പ്രതികള്‍. 2023 ജൂണ്‍ ഒന്നാം തീയതി രജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതികളുപയോഗിക്കുന്ന മൊബൈല്‍ നമ്പരുകളും ബാങ്ക് അക്കൗണ്ട് വിവരങ്ങളും ഫോണിൻ്റെ വിവരങ്ങളും സിസിടിവി ദൃശ്യങ്ങളും ശേഖരിച്ച പൊലീസ് അന്വേഷണം ആരംഭിച്ചു.
ഉത്തര്‍ പ്രദേശിലെ ഗൊരഖ്പൂര്‍, ഖുഷി നഗര്‍ എന്നിവടങ്ങളില്‍ നിന്നാണ് പണം പിൻവലിക്കുന്നതെങ്കിലും ഫോണ്‍ നമ്പരുകളുടെ ലൊക്കേഷനുകള്‍ പ്രധാനമായും ബഹറായിച്ച്, സാന്ത കബീര്‍ എന്നീ ജില്ലകളിലാണെന്ന് വ്യക്തമായി.
തുടര്‍ന്ന് ഈ ജില്ലകളില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ അറസ്റ്റിലായത്. ഇൻസ്പെക്ടര്‍ തോമസ് കെ ജെ യുടെ നേതൃത്വത്തില്‍ പൊലീസുകാരായ ശ്യാം കുമാര്‍, അരുണ്‍ ആര്‍. അജിത്ത് രാജ്, നിഖില്‍ ജോര്‍ജ്, ആല്‍ഫിറ്റ് ആൻഡ്രൂസ് എന്നിവരടങ്ങുന്ന അന്വേഷണ സംഘം 12 ദിവസത്തോളം ഉത്തര്‍പ്രദേശില്‍ താമസിച്ച് നടത്തിയ അന്വേഷണത്തിലാണ് യഥാര്‍ഥ പ്രതികളെ വിവിധ സ്ഥലങ്ങളില്‍ നിന്നും പിടികൂടാനായത്.