video
play-sharp-fill

മുല്ലപ്പെരിയാർ പൊട്ടിയതായി വ്യാജ പ്രചാരണം: പ്രതി അറസ്റ്റിൽ; നടപടി തേർഡ് ഐ ന്യൂസിന്റെ പരാതിയെ തുടർന്ന്

മുല്ലപ്പെരിയാർ പൊട്ടിയതായി വ്യാജ പ്രചാരണം: പ്രതി അറസ്റ്റിൽ; നടപടി തേർഡ് ഐ ന്യൂസിന്റെ പരാതിയെ തുടർന്ന്

Spread the love

സ്വന്തം ലേഖകൻ

നെന്മാറ: മുല്ലപ്പെരിയാർ പൊട്ടിയെന്ന് വ്യാജ പ്രചരണം നടത്തിയ എഞ്ചിനീയറിംഗ് വിദ്യാർത്ഥിയായ യുവാവ് അറസ്റ്റിൽ. നെന്മാറ സ്വദേശി അശ്വിൻ ബാബു(19)വിനെയാണ് നെന്മാറ പോലീസ് അറസ്റ്റ് ചെയ്തത്. പ്രളയദുരിതത്തിൽ കേരളം വിറങ്ങലിച്ചു നിൽക്കെ, മുല്ലപ്പെരിയാർ അണക്കെട്ട് തകർന്നതായി വ്യാജ ശബ്ദ സന്ദേശം വാട്ട്‌സ്അപ്പിലൂടെ പ്രചരിപ്പിച്ച് ഭീതി പരത്തുകയായിരുന്നു. മുല്ലപ്പെരിയാർ പൊട്ടിയെന്ന് പ്രധാനമന്ത്രിയുടെ ഓഫീസിലുള്ള സുഹൃത്തുക്കൾ വഴി അറിഞ്ഞതാണെന്നും മൂന്നു മണിക്കൂറിനകം വെള്ളം എറണാകുളത്ത് ഒഴുകിയെത്തുമെന്നും എറണാകുളം, കോട്ടയം, തൃശ്ശൂർ ജില്ലകൾ നാമാവശേഷമാകുമെന്നുമാണ് ഇയാൾ ശബ്ദസന്ദേശത്തിൽ പറഞ്ഞിരുന്നത്. ഇത് വ്യാപകമായി ഷെയർ ചെയ്യപ്പെടുകയും ചെയ്തിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് തേർഡ് ഐ ന്യൂസ് മുഖ്യമന്ത്രിക്കും, ഡിജിപിക്കും, കോട്ടയം ജില്ലാ പോലീസ് മേധാവിക്കും ശബ്ദ സന്ദേശം അയച്ചു കൊടുക്കുകയും സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നൽകുകയും ചെയ്തിരുന്നു. തുടർന്ന് അടിയന്തിര അന്വേഷണത്തിന് ബഹു.ഡിജിപി ഉത്തരവിടുകയുമായിരുന്നു. വ്യാജ സന്ദേശത്തെ പിന്തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ പാലക്കാട് നെന്മാറ സ്വദേശിയായ അശ്വിൻ ബാബുവാണ് വ്യാജ സന്ദേശം അയച്ചതെന്ന് കണ്ടെത്തുകയും ഇന്ന് ഉച്ചയോടെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. ഇയാളുടെ മൊബൈൽ ഫോണും പിടിച്ചെടുത്തു. ശബ്ദസന്ദേശം വാട്ട്‌സ്അപ്പിൽ ഷെയർ ചെയ്ത് പ്രചരിപ്പിച്ചവരെ കണ്ടെത്തുന്നതിനായി സൈബർ സെൽ അന്വേഷണം ആരംഭിച്ചു.