
ദുബായ്∙ വ്യാജ റിക്രൂട്ട്മെന്റ് സംഘങ്ങൾ വീണ്ടും സജീവമാകുന്നു. വിദേശരാജ്യങ്ങളിൽ ജോലി സ്വപ്നം കാണുന്ന ഉദ്യോഗാർഥികളെയാണ് ഇവർ കൂടുതലായി ലക്ഷ്യമിടുന്നത്.
ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ‘വി മൈഗ്രേറ്റ് 365’ എന്ന കൺസൾട്ടൻസി നെതർലൻഡ്സിലേക്ക് വീസ വാഗ്ദാനം ചെയ്ത് മലയാളി ഉദ്യോഗാർഥികളിൽ നിന്ന് ലക്ഷങ്ങൾ തട്ടിയെടുത്തു.
എറണാകുളം തൃപ്പൂണിത്തുറ സ്വദേശിനി ലക്ഷ്മി രാജേന്ദ്രനിൽ നിന്ന് 5,500 ദിർഹവും (ഏകദേശം ഒന്നേകാൽ ലക്ഷം രൂപ) കൂട്ടുകാരി കോട്ടയം തലയോലപ്പറമ്പ് സ്വദേശി അനീറ്റയിൽ നിന്ന് ഇത്രയും തന്നെ സംഖ്യയും തട്ടിയെടുത്തു. കൃത്യമായ ആസൂത്രണത്തോടെ ഘട്ടം ഘട്ടമായാണ് ഈ തുക സംഘം കൈക്കലാക്കിയത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ലക്ഷ്മിക്ക് വിദേശത്ത് പോകാൻ ആഗ്രഹമുള്ളതിനാൽ കഴിഞ്ഞ വർഷം സമൂഹ മാധ്യമത്തിൽ ഇത്തരം അറിയിപ്പുകൾ സന്ദർശിച്ചതിനെ തുടർന്ന് ‘ശ്വേത’ എന്ന് പരിചയപ്പെടുത്തിയ ഒരു മലയാളി ഏജന്റ് അമ്മയെ ബന്ധപ്പെട്ടതോടെ തട്ടിപ്പിന് തുടക്കമായി. ഇന്റർവ്യൂ ഫീസായി ആയിരം ദിർഹം ആവശ്യപ്പെട്ടുകൊണ്ടായിരുന്നു അവരുടെ സമീപനം.
പണം നൽകിയതിനെ തുടർന്ന് ഗൂഗിൾ മീറ്റ് വഴി നടത്തിയ ഇന്റർവ്യൂവിൽ പങ്കെടുത്ത ഉദ്യോഗാർഥിക്ക് ആദ്യം തന്നെ സംശയം തോന്നിയിരുന്നു. അഭിമുഖം നടത്തിയ വ്യക്തി തന്റെ ക്യാമറ ഓഫ് ചെയ്തിരിക്കുകയായിരുന്നു എന്നതാണ് ഇതിന് കാരണം.
എന്നാൽ മൂന്ന് ദിവസത്തിന് ശേഷം ഇന്റർവ്യൂ പാസ്സായെന്ന ഇമെയിൽ സന്ദേശം ലഭിച്ചതോടെ ലക്ഷ്മി വിശ്വസിക്കുകയും തുടർന്ന് ഏജന്റിന്റെ നിർദ്ദേശപ്രകാരം 2100 ദിർഹം കൂടി നൽകുകയും ചെയ്തു.
പണം കൈപ്പറ്റിയ ശേഷം നൽകിയ കരാർ പത്രങ്ങളിൽ കമ്പനിയുടെ ഔദ്യോഗിക സീലോ ഒപ്പോ ഉണ്ടായിരുന്നില്ല എന്നത് തട്ടിപ്പിന്റെ മറ്റൊരു വ്യക്തമായ സൂചനയായിരുന്നു. തുടർന്ന് സെപ്റ്റംബറിൽ മെഡിക്കൽ പരിശോധനയ്ക്കും ജോലി സ്ഥലത്തെ വിവരങ്ങൾക്കുമായി 2400 ദിർഹം കൂടി ഉദ്യോഗാർഥിയിൽ നിന്ന് സംഘം ഈടാക്കി. മാസങ്ങളോളം വിവരമൊന്നുമില്ലാതിരുന്ന സംഘം, ഇക്കഴിഞ്ഞ ജനുവരിയിൽ വീണ്ടും നെതർലൻഡ്സ് ഗവൺമെന്റ് ഫീസ് എന്ന വ്യാജേന 3000 ദിർഹം കൂടി ആവശ്യപ്പെട്ടപ്പോഴാണ് തട്ടിപ്പിന്റെ വ്യാപ്തി ബോധ്യപ്പെട്ടത്.
യുഎഇയിലെ തൊഴിൽ നിയമങ്ങൾ പ്രകാരം ഒരു റിക്രൂട്ട്മെന്റ് ഏജൻസിയും ഉദ്യോഗാർഥികളിൽ നിന്ന് വീസയ്ക്കോ മറ്റ് ആവശ്യങ്ങൾക്കോ പണം ഈടാക്കാൻ പാടുള്ളതല്ല. വീസയും യാത്രാച്ചെലവും ഉൾപ്പെടെയുള്ള മുഴുവൻ തുകയും തൊഴിലുടമയാണ് വഹിക്കേണ്ടത്. യുഎഇ ഹ്യൂമൻ റിസോഴ്സ് മന്ത്രാലയത്തിന്റെ അംഗീകാരമുള്ള ഏജൻസികൾക്ക് മാത്രമേ വീസ പ്രോസസിങ് നടത്താൻ അനുമതിയുള്ളൂ. സാധാരണ കൺസൾട്ടൻസി ലൈസൻസ് ഉള്ള കമ്പനികൾ വീസ വാഗ്ദാനം ചെയ്യുന്നത് നിയമവിരുദ്ധമാണ്.
ഈ സാഹചര്യത്തിൽ എത്രയും വേഗം ദുബായ് പൊലീസിന്റെ ഓൺലൈൻ പോർട്ടലായ ‘ഇ-ക്രൈം’ വഴി പരാതി നൽകാനുള്ള ഒരുക്കത്തിലാണ് ലക്ഷ്മി. പണം കൈമാറിയതിന്റെ രസീതുകളും വാട്സാപ്പ് സന്ദേശങ്ങളും തെളിവായി ഹാജരാക്കും. കൂടാതെ ദുബായ് ഇക്കണോമിക് ഡിപ്പാർട്ട്മെന്റിൽ കൺസ്യൂമർ പ്രൊട്ടക്ഷൻ വിഭാഗത്തെയും സമീപിക്കാം. വിദേശ വീസകൾക്കായി പണം നൽകുന്നതിന് മുൻപ് അതാത് രാജ്യങ്ങളുടെ ഔദ്യോഗിക വെബ്സൈറ്റുകൾ വഴി വിവരങ്ങൾ പരിശോധിക്കണമെന്നും ഇന്റർവ്യൂവിൽ മുഖം കാണിക്കാൻ മടിക്കുന്ന ഏജൻസികളെ സൂക്ഷിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകുന്നു.
അനീറ്റയ്ക്കും സമാനമായ അനുഭവം തന്നെയാണ് ഉണ്ടായത്. ഇതുപോലെ കേരളത്തിനകത്തും പുറത്തും ഒട്ടേറെ യുവതീ യുവാക്കൾ നേരത്തെയും ഇത്തരം റിക്രൂട്ട്മെന്റുകളിൽപ്പെട്ടിരുന്നു.



