കടുവാക്കുളത്തെ വ്യാജ റിക്രൂട്ട്മെന്റ് മുഖ്യമന്ത്രിയുടെ മൗനസമ്മതത്തോടെ..! ട്രാഫിക് പൊലീസിലേയ്ക്ക് ആളെ എടുത്തത് എല്ലാ രേഖകളോടെയുമെന്ന് ജാമ്യത്തിലിറങ്ങിയ പ്രതികൾ; പൊലീസിനെ വിഴുങ്ങിയ പ്രതികൾ പറയുന്നത് ആരെയൊക്കെ കുടുക്കും

കടുവാക്കുളത്തെ വ്യാജ റിക്രൂട്ട്മെന്റ് മുഖ്യമന്ത്രിയുടെ മൗനസമ്മതത്തോടെ..! ട്രാഫിക് പൊലീസിലേയ്ക്ക് ആളെ എടുത്തത് എല്ലാ രേഖകളോടെയുമെന്ന് ജാമ്യത്തിലിറങ്ങിയ പ്രതികൾ; പൊലീസിനെ വിഴുങ്ങിയ പ്രതികൾ പറയുന്നത് ആരെയൊക്കെ കുടുക്കും

തേർഡ് ഐ ന്യൂസ്

കോട്ടയം: കടുവാക്കുളം എമ്മൗസ് പബ്ലിക്ക് സ്‌കൂൾ മൈതാനത്ത് നടന്ന വ്യാജ റിക്രൂട്ട്മെന്റ് തട്ടിപ്പ് മുഖ്യമന്ത്രി പിണറായി വിജയന്റെ സമ്മതത്തോടെയോ..? പൊലീസിലേയ്ക്ക് ആളുകളെ പരിശീലിപ്പിക്കുന്നതിനു മുഖ്യമന്ത്രി പിണറായി വിജയൻ തങ്ങൾക്ക് വാക്കാൽ അനുമതി നൽകിയിരുന്നു എന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണ് തട്ടിപ്പ് കേസിൽ ദിവസങ്ങളോളം റിമാൻഡിൽ കഴിഞ്ഞ ശേഷം ജാമ്യത്തിലിറങ്ങിയ പ്രതികൾ ഇപ്പോൾ നടത്തിയിരിക്കുന്നത്. ബുധനാഴ്ച കോട്ടയം പ്രസ്‌ക്ലബിലാണ് കേസിലെ പ്രതികളായവർ പത്രസമ്മേളനം നടത്തിയത്. പത്രസമ്മേളനത്തിലെ അവരുടെ വാദഗതികൾ ഇങ്ങനെ..
എറണാകുളം ജില്ല ട്രാഫിക് പൊലീസ് യൂണിറ്റിന്റെ കീഴിൽ ട്രാഫിക് പൊലീസ് വാർഡൻമാരായി ജോലി ചെയ്തു വന്നിരുന്ന ഞങ്ങൾ കുറച്ചു പേർ ചേർന്ന് ബഹു കേരള മുഖ്യമന്ത്രി അവറുകൾക്കു മുൻപാകെ ഞങ്ങളുടെ ആവലാതി ബോധ്യപ്പെടുത്തുന്നതിന് കേരള ട്രാഫിക് ട്രെയിൻഡ് പൊലീസ് വാർഡൻ അ്സോസിയേഷൻ എന്ന പേരിൽ ഒരു കമ്മിറ്റി രൂപീകരിച്ച് അപേക്ഷ എഴുതി അദേഹത്തെ നേരിൽക്കണ്ട് പരാതി ബോധിപ്പിച്ചു. അദ്ദേഹത്തിന്റെ വാക്കാലുള്ള നിർദേശപ്രകാരം രജിസ്ട്രേഷ്ൻ നമ്പരോടു കൂടി കേരളത്തിലെ പൊലാീസ് സ്റ്റേഷനുകളിൽ നിലവിലുള്ള ട്രാഫിക് ഒഴിവുകളിൽ താല്കാലികം ആയി കരാർ അടിസ്ഥാനത്തിൽ ട്രാഫിക് ഡ്യൂട്ടി ചെയ്യുന്നതിനായി ട്രാഫിക് ട്രെയിൻഡ് പൊലീസ് ഫോഴ്സ് എന്ന ഒരു ഫോഴ്സ് രൂപീകരിക്കുകയും, തുടർന്ന് ഈ ഫോഴ്സിന്റെ കീഴിൽ തിരുവതാംകൂർ ദേവസ്വം ബോർഡിന് മണ്ഡലകാല ഡ്യൂട്ടിയ്ക്കായി ഒഴിവുകൾ ചോദിച്ചുകൊണ്ട് അപേക്ഷ വയ്ക്കുകയുമുണ്ടായി. തുടർന്ന് കരാർ അടിസ്ഥാനത്തിൽ ഈ ജോലി നൽകാം എന്ന് വാക്കാലുള്ള നിർദേശത്തെ തുടർന്ന് ഈ ഫോഴ്സിന്റെ കുറവു പരിഹരിക്കുന്നതിനായാണ് പരീക്ഷ നടത്തിയതെന്നാണ് ഇവർ വാദിക്കുന്നത്.
ഇത്തരത്തിൽ അബദ്ധ ജഡിലമായ വാദങ്ങൾ നിരത്തിയ ആറ് പേജുള്ള പരാതിയാണ് സംസ്ഥാന പൊലീസ് മേധാവിയ്ക്ക് പ്രതികൾ അയച്ചിരിക്കുന്നത്. ട്രാഫിക് ട്രെയിൻഡ് പൊലീസ് ഫോഴ്സിന്റെ മേധാവിയായി കെ.കെ രവി തന്നെയാണ് എന്ന് ഇവർ സ്ഥാപിക്കുന്നു. പരീക്ഷ നടത്തിപ്പിനായി സ്‌പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പിയ്ക്ക് തങ്ങൾ രേഖാമൂലം അപേക്ഷ സമർപ്പിച്ചെന്നും, ഈ അപേക്ഷയുടെ അടിസ്ഥാനത്തിൽ ജില്ലാ പൊലീസ് മേധാവി എഴുത്ത് പരീക്ഷയും ഫിസിക്കൽ ടെസ്റ്റും നടത്തുന്നതിന് അനുമതി നൽകുകയും, ഉദ്യോഗാർത്ഥികളുടെ സുരക്ഷയ്ക്കായി മെഡിക്കൽ സംഘത്തെ ജില്ലാ മെഡിക്കൽ ഓഫിസർ അയക്കുകയും ചെയ്തതായും ഇവർ സംസ്ഥാന പൊലീസ് മേധാവിയ്ക്ക് നൽകിയ പരാതിയിൽ വ്യക്തമാക്കുന്നു.
എന്നാൽ, സ്വകാര്യ സംഘടനയ്ക്ക് ഏത് രീതിയിൽ ഏതെങ്കിലും യൂണിഫോം സേനയിലേയ്ക്ക് സിലക്ഷൻ നടത്താൻ സാധിക്കുമോ എന്ന കാര്യത്തിൽ പ്രതികൾ കൃത്യമായ ഉത്തരം നൽകുന്നില്ല. കേസിൽ അറസ്റ്റിലായി റിമാൻഡിലായവരെല്ലാം യൂണിഫോമും ധരിച്ചാണ് സ്ഥലത്ത് എത്തിയിരുന്നത്. ഇവരുടെ യൂണിഫോമിലാകട്ടെ അധികാര ചിഹ്നങ്ങളെല്ലാമുണ്ടായിരുന്നു. ഇവർ ധരിച്ചിരുന്ന യൂണിഫോമിന്റെ ചിത്രങ്ങൾ സഹിതമാണ് പൊലീസ് ഇവരെ അറസ്റ്റ് ചെയ്തത്.
പരീക്ഷ നടത്തുന്നതിനു മുൻപ് പൊലീസിലേയ്ക്കുള്ള റിക്രൂട്ട്‌മെന്റ് അല്ലെന്നും, ഇത് ട്രാഫിക് പൊലീസിനെ സഹായിക്കാൻ വേണ്ടി മാത്രം താല്കാലിക അടിസ്ഥാനത്തിൽ എടുക്കുന്ന സേനയാണെന്നുമുള്ള വിവരം ഉദ്യോഗാർത്ഥികളെ അറിയിച്ചിരുന്നതായും പ്രതികൾ പറയുന്നു. എന്നാൽ, വാർത്ത് ആദ്യമായി പുറത്ത് എത്തിച്ച തേർ്്ഡ് ഐ ന്യൂസ് ലൈവ് സംഘം റിക്രൂട്ട്‌മെന്റ് നടന്ന കടുവാക്കുളം എമ്മൗസ് പബ്ലിക്ക് സ്‌കൂളിൽ എത്തി ഉദ്യോഗാർത്ഥികളുമായി നേരിട്ട് സംസാരിച്ചിരുന്നു. അപ്പോൾ ഇവർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ റിക്രൂട്ട് മെന്റ് സംഘം തങ്ങളെ നേരിട്ട് പൊലീസിൽ എടുക്കുമെന്നാണ് അറിയിച്ചതെന്ന്് വ്യക്തമാക്കുന്നു. പെൺകുട്ടികൾ അടക്കമുള്ളവർ ഇത്തരത്തിലാണ് മൊഴി നൽകിയിരിക്കുന്നത്.
തട്ടിപ്പ് കേസിൽ അറസ്റ്റിലായ നാലു പ്രതികളും കഴിഞ്ഞ ദിവസം കോട്ടയം നഗരത്തിൽ പത്രസമ്മേളനം നടത്തിയിരുന്നു. ഇവരെ ആരോ കാര്യമായി തെറ്റിധരിപ്പിക്കുന്നുണ്ടെന്നാണ് ഇവരുടെ ശരീര ഭാഷയിൽ നിന്നും വ്യക്തമാകുന്നത്. ഇതോടെ തട്ടിപ്പിന് പിന്നിൽ വൻ സംഘങ്ങളുണ്ടെന്ന സൂചനകളുടെ അടിസ്ഥാനത്തിൽ വിശദമായ അന്വേഷണം നടത്തേണ്ടിയിരിക്കുന്നു.