
സ്വന്തം ലേഖകൻ
കോഴിക്കോട്: കോഴിക്കോട് സൈബര്‍ സെല്ലിന്റെ പേരില്‍ പണമാവശ്യപ്പെട്ടതിനെ തുടര്‍ന്ന് പ്ലസ് ടു വിദ്യാര്‍ത്ഥി ജീവനൊടുക്കിയ സംഭവത്തില്‍ വ്യാജ സന്ദേശം ലഭിച്ചത് പോളണ്ട് സര്‍വറില്‍ നിന്ന്. ക്യുമെയിന്‍.കോം എന്ന സൈറ്റില്‍ നിന്നാണ് സന്ദേശം ലഭിച്ചതെന്ന് പൊലീസ് അറിയിച്ചു.
ക്യുമെയിന്‍.കോം സൈറ്റിനെ കുറിച്ചുളള വിശദാംശങ്ങള്‍ തേടി ഗൂഗിളിന് മെയില്‍ അയച്ചതായും പൊലീസ് അറിയിച്ചു. സൈബര്‍ ഡോമിന്റെ സഹായത്തോടെയാണ് അന്വേഷണം നടക്കുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കഴിഞ്ഞ ദിവസമാണ് കോഴിക്കോട് സാമൂതിരി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥി ആദിനാഥ് (16) ജീവനൊടുക്കിയത്. ലാപ്പ്‌ടോപ്പില്‍ സിനിമ കാണുന്നതിനിടെയാണ് 33900 രൂപ ആവശ്യപ്പെട്ട് സന്ദേശമെത്തിയത്. ആറ് മണിക്കൂറിനുള്ളില്‍ പണം നല്‍കണമെന്നായിരുന്നു ആവശ്യം. നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയോട് സാമ്യമുള്ള സൈറ്റ് ഉപയോഗിച്ചാണ് ഹാക്കര്‍ പണം ആവശ്യപ്പെട്ടത്.
നിയമ വിരുദ്ധമായ സൈറ്റിലാണ് കയറിയിട്ടുള്ളതെന്നും പണം തന്നില്ലെങ്കില്‍ പൊലീസില്‍ വിവരം അറിയിക്കുമെന്നും അറസ്റ്റ് രേഖപ്പെടുത്തുമെന്നും ഇവര്‍ പറഞ്ഞു. തുക നല്‍കിയിട്ടില്ലെങ്കില്‍ രണ്ട് ലക്ഷം രൂപയാണ് പിഴ അടയ്ക്കേണ്ടതെന്നും രണ്ട് വര്‍ഷം തടവും അനുഭവിക്കേണ്ടി വരുമെന്നും ഭീഷണിപ്പെടുത്തി. തുടര്‍ന്നാണ് വിദ്യാര്‍ത്ഥി ജീവനൊടുക്കിയത്.
കുറ്റവാളികള്‍ വിപിഎന്‍ വഴി പോളണ്ടിലെ സര്‍വറാണ് ഉപയോഗിച്ചതെന്നാണ് നിഗമനം. വീഡിയോ മോഷന്‍ എന്ന സൈറ്റാണ് വിദ്യാര്‍ത്ഥി ഉപയോഗിച്ചത്. ഗോള്‍ഡ് എന്ന മലയാളം സിനിമയാണ് വിദ്യാര്‍ത്ഥി കണ്ടത്. സിനിമ തുടങ്ങി രണ്ട് മിനിറ്റിനകമാണ് നാഷ്ണല്‍ ക്രൈം റെക്കോര്‍ഡ് ബ്യൂറോയുടെ പേരില്‍ വ്യാജ സന്ദേശം ലഭിച്ചത്.