ഔഷധവിപണിയിൽ വ്യാജന്മാരുടെ വിളയാട്ടം; കേന്ദ്ര ഡ്രഗ്‌സ് വിഭാഗം നടത്തിയ പരിശോധനയിൽ കണ്ടെത്തിയത് പ്രമുഖ ബ്രാൻഡുകളിലെ വ്യാജ മരുന്നുകൾ; പാൻ 40, ഓഗ്മെന്റിൻ 650നും വ്യാജന്മാർ; പരിശോധന ശക്തമാക്കി ഡ്രഗ്‌സ് കൺട്രോൾ വിഭാഗം

Spread the love

തൃശ്ശൂർ: ഇന്ത്യൻ ഔഷധവിപണിയിൽ വ്യാജന്മാരുടെ വിളയാട്ടം ശക്തമായി തുടരുന്നതിന്റെ സൂചനകൾ വീണ്ടും. പ്രമുഖ കമ്പനികളുടെ വിൽപ്പനയുള്ള ബ്രാൻഡുകളിൽപോലും വ്യാജന്മാരുണ്ട്. കേന്ദ്ര ഡ്രഗ്‌സ് വിഭാഗം കഴിഞ്ഞമാസം നടത്തിയ പരിശോധനയിൽ ഇത്തരത്തിലുള്ള രണ്ടുമരുന്നുകളുടെ വ്യാജന്മാരെ കണ്ടെത്തി.

ഇതോടെ പരിശോധനകൾ കൂടുതൽ ശക്തമാക്കി. ആമാശയസംബന്ധമായ അസുഖങ്ങൾക്കുള്ള പാൻ 40 മരുന്നിന്റെ ബിഹാറിൽനിന്നുള്ള സാമ്പിളാണ് വ്യാജനാണെന്ന് തെളിഞ്ഞത്. ഈ ബാച്ച് മരുന്നുണ്ടാക്കിയിട്ടില്ലെന്ന് ബ്രാൻഡിന്റെ നിർമാതാക്കൾ രേഖാമൂലം അധികൃതരോട് വ്യക്തമാക്കി.

അണുബാധയ്ക്കെതിരേയുള്ള അമോക്‌സിസിലിനും ക്ലോവുനിക് ആസിഡും ചേർന്ന ഓഗ്മെന്റിൻ 650 മരുന്നിന്റെ ഉത്തർപ്രദേശിലെ ഗാസിയാബാദിൽനിന്നുള്ള സാമ്പിളും വ്യാജനാണെന്ന് കണ്ടെത്തി. ഇതിന്റെ നിർമാതാക്കളും ഈ ബാച്ച് ഉണ്ടാക്കിയിട്ടില്ലെന്ന് അറിയിച്ചിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രണ്ടു കേസുകളിലും കൂടുതൽ അന്വേഷണം നടത്തിവരുകയാണ്. നിർമാതാക്കളാരാണെന്നും മരുന്നിന്റെ പാർശ്വഫലമെന്തൊക്കെയാണെന്നുമുള്ള അന്വേഷണമാണ് നടക്കുന്നത്. രണ്ട് സംസ്ഥാനത്തും വ്യാജമരുന്നുകൾക്കായുള്ള തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്. തെലങ്കാന, പശ്ചിമബംഗാൾ എന്നിവിടങ്ങളിലെ ഡ്രഗ്‌സ് കൺട്രോൾ വിഭാഗവും പരിശോധന ശക്തമാക്കിയിട്ടുണ്ട്.