സമ്പന്നരെ കണ്ടെത്തി വിവാഹം; രണ്ടുനാൾ കൂടെ താമസിക്കും; മൂന്നാം നാൾ വിവാഹത്തിന് നൽകിയ ആഭരണങ്ങളും വസ്ത്രങ്ങളും പണവുമായി മുങ്ങും; കുടുംബത്തോടെ വിവാഹത്തട്ടിപ്പ്; ഒളിവിലായിരുന്ന വധുവും പിടിയിൽ

Spread the love

ഗുരുഗ്രാം:വിവാഹത്തട്ടിപ്പ് നടത്തുന്ന സംഘത്തിലെ യുവതിയെ അറസ്റ്റു ചെയ്ത് രാജസ്ഥാൻ പൊലീസ്. കാജൽ എന്ന യുവതിയെയാണ് ഗുരുഗ്രാമിൽ നിന്ന് അറസ്റ്റു ചെയ്തത്. ഒരു വർഷത്തോളമായി ഒളിവിലായിരുന്നു ഇവർ. കാജലിന്റെ മാതാപിതാക്കളും സഹോദരനും സഹോദരിയും നേരത്തെ കേസിൽ അറസ്റ്റിലായിരുന്നു.

കാജലിന്റെ പിതാവ് ഭഗത് സിങ് സമ്പന്നരായ കുടുംബത്തെ കണ്ടെത്തി തന്റെ പെൺമക്കളായ കാജലിനും തമന്നയ്ക്കും വിവാഹം ആലോചിക്കും. ഇതോടെയാണ് തട്ടിപ്പിന് തുടക്കമാകുക. 2024 മേയിൽ യുപി സ്വദേശിയായ താരാചന്ദ് ജാട്ട് എന്നയാളുടെ രണ്ട് ആൺമക്കൾക്ക് ഇയാൾ തന്റെ പെൺമക്കളെ വിവാഹം ആലോചിച്ചു.

വിവാഹ ആവശ്യങ്ങൾക്കായി 11 ലക്ഷം രൂപ താരാചന്ദിൽ നിന്നു വാങ്ങുകയും ചെയ്തു. മേയ് 21ന് കുടുംബാംഗങ്ങൾ പങ്കെടുത്തുകൊണ്ട് വിവാഹവും നടന്നു. കാജലിന്റെയും തമന്നയുടെയും മാതാവ് സരോജ്, സഹോദരൻ സുരാജ് എന്നിവരും വിവാഹത്തിനുണ്ടായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വധുവിന്റെ കുടുംബം രണ്ടുനാൾ വരന്റെ കുടുംബത്തോടൊപ്പം കഴിഞ്ഞു. എന്നാൽ മൂന്നാം നാൾ ഇവരെ കുടുംബത്തോടെ കാണാതായി. വിവാഹത്തിന് നൽകിയ ആഭരണങ്ങളും വസ്ത്രങ്ങളും പണവും ഇവർ കൊണ്ടുപോവുകയും ചെയ്തു. തുടർന്ന് താരാചന്ദ് പൊലീസിൽ പരാതി നൽകി. ആദ്യം ഭഗത് സിങ്ങിനെയും ഭാര്യയെയും അറസ്റ്റു ചെയ്തു. പിന്നീട് വധുമാരിലൊരാളായ തമന്നയെയും സഹോദരൻ സുരാജിനെയും അറസ്റ്റു ചെയ്തു.

ചോദ്യംചെയ്യലിലാണ് ഇവർ ഇത്തരത്തിലുള്ള തട്ടിപ്പുകൾ സ്ഥിരമായി നടത്തുന്നവരാണെന്നു തെളിഞ്ഞത്. കാജലിനെ പിടികൂടാൻ സാധിച്ചിരുന്നില്ല. ഒരു വർഷത്തോളം നീണ്ട അന്വേഷണത്തിലാണ് കാജലിനെ അറസ്റ്റു ചെയ്തത്. തന്റെ പിതാവാണ് എല്ലാ തട്ടിപ്പും ആസൂത്രണം ചെയ്തതെന്നാണ് കാജൽ പൊലീസിനോടു പറഞ്ഞത്.

കുടുംബത്തോടെ എല്ലാവരും പങ്കെടുക്കുന്നതിനാൽ വിവാഹം ആലോചിക്കുന്നവർക്ക് സംശയം തോന്നാറില്ല. സമ്പന്ന വ്യക്തികളെ കണ്ടെത്തിയാണ് മക്കൾക്ക് വിവാഹം ആലോചിക്കാറെന്നും തെളിഞ്ഞു. കൂടുതൽ പേർ തട്ടിപ്പിന് ഇരയായിട്ടുണ്ടോയെന്നും സഹായികളായി വേറെ ആളുകളുണ്ടോയെന്നും അന്വേഷിക്കുകയാണെന്നു പൊലീസ് പറഞ്ഞു