
സ്വന്തം ലേഖകൻ
വൈപ്പിൻ: ഹൈക്കോടതി ജഡ്ജി ചമഞ്ഞ് തട്ടിപ്പ് നടത്തിയ യുവാവ് അറസ്റ്റിൽ. മഹാരാഷ്ട്ര നാഗ്പുർ സ്വദേശി ഹിമാലയ് മാരുതി ദേവ്‌കോട്ടാണ് (24) മുനമ്പം പൊലീസിന്റെ പിടിയിലായത്. മുംബൈ ഹൈക്കോടതി ജഡ്ജ് എന്ന ബോർഡ് ഘടിപ്പിച്ച് ബീക്കൺ ലൈറ്റ് വച്ച ഇന്നോവ കാറിൽ രണ്ട് ദിവസം മുൻപാണ് ഇയാൾ ചെറായി ബീച്ചിലെ റിസോർട്ടിൽ എത്തിയത്. പ്രതിയോടൊപ്പം മൂന്ന് യുവാക്കളും ഉണ്ടായിരുന്നു. ഇന്നലെ പണം നൽകാതെ മുങ്ങാൻ ശ്രമിച്ച സംഘത്തെ റിസോർട്ട് അധികൃതർ തടഞ്ഞു വയ്ക്കുകയും പൊലീസിൽ വിവരം അറിയിക്കുകയുമായിരുന്നു.
ഫ്രീലാൻസ് ഫൊട്ടോഗ്രഫി സ്ഥാപനം നടത്തുന്ന തങ്ങളെ ജഡ്ജിയാണെന്നു പരിചയപ്പെടുത്തി ഫോട്ടോ ഷൂട്ട് നടത്താൻ പ്രതി ബന്ധപ്പെടുകയായിരുന്നെന്നും വാഹനം അയച്ചു തന്ന് കൂടെക്കൂട്ടുകയായിരുന്നു എന്നുമാണ് കൂടെയുള്ളവർ പറയുന്നത്. തങ്ങൾക്ക് ഇയാളെ കറിച്ച് യാതൊന്നും അറിയില്ലെന്നും കൂടെയുണ്ടായിരുന്നവർ പൊലീസിൽ മൊഴി നൽകി. ചേറായി റിസോർട്ടിൽ മുറിയെടുത്ത് താമസിച്ച ശേഷം പണം കൊടുക്കാതെ മുങ്ങാൻ ശ്രമിച്ച യുവാവ് അടിമുടി തട്ടിപ്പാണെന്ന് ഇയാളുടെ കൂടെയുണ്ടായിരുന്നവർക്ക് പോലും തിരിച്ചറിയാൻ സാധിച്ചിരുന്നില്ല.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇതേ രീതിയിൽ ട്രാവൽ ഏജൻസിയിൽ നിന്ന് തരപ്പെടുത്തിയതാണ് വാഹനമെന്ന് ഡ്രൈവർ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. മുംബൈയിൽ നിന്ന് പുറപ്പെട്ട സംഘം മുരടേശ്വർ ബീച്ചിൽ വിഐപിയായി താമസിച്ചിരുന്നു. പിടിയിലായപ്പോഴാണ് കൂടെയുണ്ടായിരുന്നവർ പോലും ഇയാൾ തട്ടിപ്പുകാരനാണെന്ന് അറിഞ്ഞതെന്ന് പൊലീസ് പറഞ്ഞു.