
കൊച്ചി:വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പത്രത്തില്‍ വന്ന പരസ്യം വിശ്വസിച്ച് അപേക്ഷ നല്‍കിയ പെണ്‍കുട്ടിക്കും കുടുംബത്തിനും 350 ദിർഹം (ഒൻപതിനായിരം രൂപ) നഷ്ടമായി.
വഞ്ചിച്ചവരുടെ വിവരങ്ങളൊന്നും അറിയാത്തതിനാല്‍ ഈ പണം തിരികെ ലഭിക്കാതെ വിഷമിക്കുകയാണ് ഈ കുടുംബം. അദാലത്തില്‍ ലഭിച്ച ഈ പരാതിക്ക് പിന്നാലെ, ഇത്തരം തട്ടിപ്പുകള്‍ക്കെതിരെ മുന്നറിയിപ്പുമായി പ്രവാസി കമ്മീഷൻ രംഗത്തെത്തി.
അംഗീകാരമില്ലാത്ത ഏജൻസികളെക്കുറിച്ച് പൊതുജനങ്ങള്‍ക്ക് ബോധവല്‍ക്കരണം നല്‍കേണ്ടതുണ്ടെന്ന് പ്രവാസി കമ്മീഷൻ ചെയർപേഴ്സണ്‍ ജസ്റ്റിസ് സോഫി തോമസ് പറഞ്ഞു.
കാക്കനാട് സിവില്‍ സ്റ്റേഷനില്‍ നടന്ന അദാലത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പ്രവാസി കമ്മീഷൻ ചെയർപേഴ്സണ്‍. കമ്പനിയുടെ വിവരങ്ങളോ രജിസ്ട്രേഷനോ സർക്കാർ അംഗീകരിച്ച രേഖകളോ പരിശോധിക്കാതെ വിദേശരാജ്യങ്ങളിലേക്ക് പോകാൻ ഒരുങ്ങുന്നവർ വഞ്ചിതരാകാൻ സാധ്യതയുണ്ടെന്ന് അവർ വ്യക്തമാക്കി. ഇതിന് മാധ്യമങ്ങള്‍ കൂടുതല്‍ ശ്രദ്ധ നല്‍കണമെന്നും അവർ ആവശ്യപ്പെട്ടു.
അദാലത്തില്‍ 49 കേസുകളാണ് പരിഗണിച്ചത്. ഇതില്‍ അഞ്ച് കേസുകള്‍ പരിഹരിക്കുകയും മറ്റു കേസുകള്‍ വിശദമായ അന്വേഷണത്തിനും തുടർനടപടികള്‍ക്കുമായി മാറ്റിവെക്കുകയും ചെയ്തു. കൂടാതെ, 40 പുതിയ കേസുകളും ഇത്തവണ ലഭിച്ചു.
പ്രവാസികളുടെ പ്രശ്നങ്ങള്‍ക്ക് വേഗത്തില്‍ പരിഹാരം കണ്ടെത്തുക എന്നതാണ് ഇത്തരം അദാലത്തുകള്‍ ലക്ഷ്യമിടുന്നത്. പ്രവാസികളായിരുന്നവരുടെയും നിലവില്‍ പ്രവാസികളായി തുടരുന്നവരുടെയും പരാതികള്‍ അദാലത്തില്‍ പരിഗണിച്ചു.
എല്ലാ മാസത്തെയും രണ്ടാമത്തെ ചൊവ്വാഴ്ച വിവിധ ജില്ലകളിലായി പ്രവാസി കമ്മീഷൻ അദാലത്ത് നടക്കും. അടുത്ത അദാലത്ത് ഒക്ടോബർ 14-ന് കോട്ടയം ജില്ലയിലാണ് നടക്കുക. കമ്മീഷൻ അംഗങ്ങളായ പി.എം. ജാബിർ, ഡോ. മാത്യൂസ് കെ. ലൂക്കോസ്, എം.എം. നയീം, ജോസഫ് ദേവസ്യ പൊന്മാങ്കല്‍ എന്നിവർ അദാലത്തില്‍ പങ്കെടുത്തു