
പത്തനാപുരം: വ്യാജ സ്വർണം നിർമിക്കുകയും അവ പണയംവെച്ച് കോടികൾ തട്ടിയെടുക്കുകയും ചെയ്തുവെന്ന കേസിൽ ഒരാൾ അറസ്റ്റിൽ. ഏഴു പേരുടെ പേരിലാണ് മൂന്ന് ശാഖകളിലുമായി മുക്കുപണ്ടം പണയം വച്ചിട്ടുള്ളതെന്നാണ് വിവരം.
സ്വകാര്യ ബാങ്കിന്റെ മൂന്നു ശാഖകൾ വഴി മാത്രം നടന്നത് 1.6 കോടിയുടെ തട്ടിപ്പ്. തട്ടിപ്പിന്റെ സൂത്രധാരൻ കോട്ടയം സ്വദേശിയാണ് എന്നാണ് പൊലീസിനു ലഭിച്ച പ്രാഥമിക വിവരം. മാസങ്ങളുടെ ഇടവേളകളിൽ പല ദിവസങ്ങളിലായിട്ടാണ് വ്യാജ സ്വർണം പണയം വച്ചത്. ചെറിയ തുക ആദ്യം എടുത്ത ഇവർ പലിശയും മുതലും കൃത്യമായി തിരിച്ചടച്ച് ബാങ്കിന്റെ വിശ്വസ്തരായി.
പിന്നീട് വലിയ തുകയുടെ സ്വർണം പണയം വയ്ക്കുകയായിരുന്നു. ചില പണയങ്ങൾ പലിശ അടച്ച് പുതുക്കി, കൂടുതൽ തുക എടുത്തിട്ടുണ്ട്. ദിവസങ്ങൾക്ക് മുമ്പ് ബാങ്കിൽ നടത്തിയ ഓഡിറ്റിലാണ് വ്യാജ സ്വർണം കണ്ടെത്തിയത്. ബാങ്ക് ഉടമ പൊലീസിൽ നൽകിയ പരാതിയിലാണ് കൂടുതൽ സ്വർണം പണയം വച്ചയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇയാളിൽ നിന്നാണ് സൂത്രധാരനെന്നു കരുതുന്ന കോട്ടയം സ്വദേശിയെക്കുറിച്ചുള്ള വിവരം ലഭിച്ചത്. ഇയാൾ ഒറ്റയ്ക്കായിരിക്കില്ല തട്ടിപ്പിന് നേതൃത്വം നൽകിയതെന്നാണ് പൊലീസിന്റെ നിഗമനം. ഓരോ പ്രദേശത്തും സമാന രീതിയിൽ പണയം വച്ച് പണം കണ്ടെത്താൻ ആളുകളുണ്ടാകാനാണ് സാധ്യതയെന്നും പൊലീസ് പറയുന്നു.
സംസ്ഥാനത്തുടനീളം സംഘത്തിന് ശൃംഖലയുണ്ടെന്നും പൊലീസിന് പ്രാഥമിക വിവരം ലഭിച്ചിട്ടുണ്ട്. റൂറൽ എസ്പിയുടെ നേരിട്ടുള്ള നേതൃത്വത്തിൽ പത്തനാപുരം എസ്എച്ച്ഒ ബൈജു, എസ്ഐ ശരലാൽ എന്നിവരാണ് അന്വേഷണം നടത്തുന്നത്. കലഞ്ഞൂരിലെ സ്വകാര്യ ബാങ്കിലും വ്യാജ സ്വർണം പണയം വച്ചതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
ബാങ്ക് പലിശയും തിരിച്ചടവും വൈകിയതോടെ ബാങ്ക് ജീവനക്കാർക്കുണ്ടായ സംശയം കാരണം സ്വർണം ഇവിടെ നിന്ന് തിരിച്ചെടുത്താണ് പത്തനാപുരത്തും മറ്റു മൂന്നു സ്ഥലങ്ങളിലുമായി പ്രവർത്തിക്കുന്ന ബാങ്കിലേക്ക് പണയം വച്ചത്. കസ്റ്റഡിയിലുള്ളയാളെ ഇന്ന് കോടതിയിൽ ഹാജരാക്കിയേക്കും.
ഇത്തരത്തിലുള്ള സ്വർണം സ്വർണ കടകളിൽ ഉപയോഗിക്കുന്ന മെഷീനിലും പിടിക്കപ്പെടില്ല. പണയ വസ്തുവായി എത്തിച്ച വ്യാജ സ്വർണം ആദ്യം ഉരച്ചു നോക്കും ശേഷം മെഷീനിൽ പരിശോധിക്കും. ഈ രണ്ട് പരിശോധനകൾക്കും ശേഷമാണ് പണയമായി സ്വർണം സ്വീകരിക്കുന്നത്.
ബാങ്കുകളിൽ എത്തിച്ച വ്യാജ സ്വർണത്തിൽ ഒരിക്കൽ പോലും സംശയം തോന്നിയില്ലെന്നു ബാങ്ക് ജീവനക്കാർ പറയുന്നു. മുറിച്ചു നോക്കുമ്പോൾ മാത്രമാണ് സ്വർണം വ്യാജമാണെന്ന് മനസ്സിലാകുക. കോട്ടയം വരാപ്പുഴ കേന്ദ്രീകരിച്ചാണ് വ്യാജ സ്വർണത്തിന്റെ നിർമാണമെന്നാണ് വിവരം.
ഇക്കാര്യത്തിൽ പൊലീസിന് കൂടുതൽ വ്യക്തതയില്ല. വളയായിരുന്നു ആഭരണങ്ങളിൽ കൂടുതലും. വേഗം നിർമിക്കാൻ കഴിയുന്നതായതിനാലാണ് വള നിർമിച്ചിരുന്നതെന്നാണ് വിലയിരുത്തൽ. വ്യാജ സ്വർണം പണയം വച്ച് നൽകുന്നവർക്ക് ലഭിക്കുന്നത് ഭീമമായ കമ്മിഷൻ. അഞ്ച് ശതമാനം മുതൽ 20 ശതമാനം വരെയാണ് കമ്മിഷൻ. തുക കൂടുന്നതനുസരിച്ച് കമ്മിഷന്റെ ശതമാനവും ഉയരും.
ഒരു കോടി രൂപയ്ക്ക് 20 ലക്ഷം രൂപ വരെ കമ്മിഷൻ കൈപ്പറ്റാവുന്ന തട്ടിപ്പ് ആയതിനാൽ കൂടുതൽ പേർ ഇതിലേക്ക് വരിക സ്വാഭാവികമാണ്. കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, എറണാകുളം, ഇടുക്കി ജില്ലകളിൽ സംഘം പ്രവർത്തിക്കുന്നുണ്ടെന്നാണ് പൊലീസിന്റെ സംശയം.