
10 ഗ്രാം തൂക്കം വരുന്ന വള പണയം വച്ച് പരമാവധി തുക വേണമെന്ന് ആവശ്യപ്പെട്ടു; രണ്ടാഴ്ച മുമ്പും വള പണയംവെച്ച് പണം വാങ്ങി; സ്ഥാപന ഉടമയുടെ സംശയത്തിൽ വള മുറിച്ചു നോക്കി പരിശോധന; പിടിച്ചെടുത്തത് 916 രേഖപ്പെടുത്തി സ്വര്‍ണം പൂശിയ മുക്കുപണ്ടം; ഒരേ സ്ഥാപനത്തിൽ പലതവണ തട്ടിപ്പിന് ശ്രമിച്ചയാൾ പിടിയിൽ; പ്രതിക്കെതിരെ കോട്ടയം കടുത്തുരുത്തി സ്റ്റേഷനിലും സമാനമായ കേസ്
അടൂര്‍: ഒരേ സ്ഥാപനത്തില്‍ രണ്ടാംവട്ടവും മുക്കുപണ്ടം പണയം വച്ച് തട്ടിപ്പിന് ശ്രമിച്ചയാളെ പോലീസ് അറസ്റ്റ് ചെയ്തു. കുളക്കട ഈസ്റ്റ് തുരുത്തിലമ്പലം പുന്തലവിള വീട്ടിൽ അനില്‍കുമാര്‍(46) ആണ് പിടിയിലായത്.
ഏനാത്ത് ജംഗ്ഷനില്‍ മഠത്തിവിളയില്‍ ഫിനാന്‍സ് എന്നപേരില്‍ ധനകാര്യ സ്ഥാപനം നടത്തുന്ന ടോം ജേക്കബ് ആണ് ഇയാളുടെ തട്ടിപ്പിന് ഇരയായത്. കഴിഞ്ഞ ദിവസം വൈകിട്ട് അഞ്ചിന് സ്ഥാപനത്തിലെത്തി 10 ഗ്രാം തൂക്കം വരുന്ന വള പണയം വച്ച് പരമാവധി തുക വേണമെന്ന് ആവശ്യപ്പെട്ടു. ഇതുപ്രകാരം 58,000 രൂപയ്ക്കുണ്ടെന്ന് ടോം അറിയിച്ചു.
കഴിഞ്ഞ മൂന്നിനും ഇയാള്‍ ഇത്തരത്തില്‍ എത്തി ഒരു വള പണയം വച്ച് 43,000 രൂപ വാങ്ങിയിരുന്നു. സംശയം തോന്നിയ സ്ഥാപനയുടമ അടുത്തുള്ള ജ്വല്ലറിയില്‍ പോയി വള മുറിച്ചു നോക്കിയപ്പോള്‍ മുക്കുപണ്ടമാണെന്ന് ബോധ്യപ്പെട്ടു. തിരികെ വന്ന് അനില്‍കുമാറിനോട് ചോദിച്ചപ്പോള്‍ അയാള്‍ പരസ്പര വിരുദ്ധമായ മറുപടിയാണ് നല്‍കിയത്. രണ്ടു വളകളിലും 916 എന്ന് രേഖപ്പെടുത്തി സ്വര്‍ണം പൂശിയതായിരുന്നു എന്നും കണ്ടെത്തി.
Whatsapp Group 1 | Whatsapp Group 2 |Telegram Group

മുമ്പ് വെച്ച വള പരിശോധിച്ചപ്പോള്‍ അതും മുക്കുപണ്ടമാണെന്ന് ബോധ്യമായി. വിവരം അറിയിച്ചതു പ്രകാരം ഉടനടി സ്ഥലത്തെത്തിയ പോലീസ് അനില്‍കുമാറിനെ കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്തപ്പോള്‍ കുറ്റം സമ്മതിച്ച പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. പ്രതി കോട്ടയം കടുത്തുരുത്തി സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത സമാനമായ കേസിലും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് വ്യക്തമായി.