
കോട്ടയം: ഡോക്ടറാണെന്ന് സ്വയം പരിചയപ്പെടുത്തി യുവാവിനെ ഒന്നര വർഷമായി വഞ്ചിച്ച കേസില്‍ യുവതി പിടിയിലായ സംഭവം കൂടുതൽ വിവരങ്ങൾ പുറത്ത്. ശതകോടീശ്വരിയായ മനിശ്ശേരി മനയിലെ ഡോ. നിഖിത ബ്രഹ്മദത്തന്‍റെ മുഖംമൂടിയാണ് അഴിഞ്ഞു വീണത്.
കോട്ടും സ്യൂട്ടുമിട്ട്, അനുചരന്മാരുമായി വന്ന് തന്മയത്തത്തോടെ കള്ളക്കഥകള്‍ പറഞ്ഞ് ആളുകളുടെ വിശ്വാസം നേടിയെടുത്താണ് മലപ്പുറം മണ്ണാർക്കാട്ടുകാരി മുബീന മുഹമ്മദ് വൻ തട്ടിപ്പുകള്‍ നടത്തിയിരുന്നത്.
35കാരിയുടെ വലയില്‍ വീണ് പണം നഷ്ടപ്പെട്ടത് നിരവധി പേർക്കാണ്. മൂക്കത്ത് വിരല്‍വച്ചുപോകുന്ന ഈ തട്ടിപ്പ് പരമ്ബരയ്ക്ക് പിന്നില്‍ മുബീന ഒറ്റയ്ക്കാണോ എന്നാണ് ചോദ്യം ഉയരുന്നത്. നിഖിത ബ്രഹ്മദത്തന് പിന്നില്‍ വൻ അധോലോക സംഘമോ ഉണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഡോക്ടറാണെന്ന് വിശ്വസിപ്പിച്ച് മനിശ്ശേരിമനയിലെ നിഖിത ബ്രഹ്മദത്തനെന്ന പേരില്‍ പൂജാരിയില്‍ നിന്ന് 70 ലക്ഷത്തോളം രൂപ തട്ടിയ മുബീന മുഹമ്മദിന്‍റെ വലയില്‍ കൂടുതല്‍ പേർ കുടുങ്ങിയതായാണ് സൂചന. തട്ടിപ്പ് കേസില്‍ റിമാൻഡിലായ വിവരം പുറത്തുവന്നതിന് പിന്നാലെ സംസ്ഥാനകത്തുനിന്നും പുറത്തുനിന്നുമായി നിരവധി പേരാണ് അന്വേഷണ സംഘത്തെ ബന്ധപ്പെടുന്നത്. ആള്‍മാറാട്ട തട്ടിപ്പ് പരാതികളുടെ ആധികാരകത ഉറപ്പുവരുത്താനുള്ള ശ്രമത്തിലാണ് പൊലീസ്.
കാവില്‍പ്പാട് നാഗയക്ഷിക്കാവിലെ പൂജാരിയാണ് നിലവില്‍ അറസ്റ്റ് ഉണ്ടായ സംഭവത്തിലെ പരാതിക്കാരൻ. മനിശ്ശേരി മനയിലെ ബ്രഹ്മദത്തൻ നമ്ബൂതിരിപ്പാടിന്റെ ഏക മകള്‍ ഡോ. നിഖിത ബ്രഹ്മദത്തൻ ആണെന്ന് പറഞ്ഞാണ് യുവതി പരാതിക്കാരനെ പരിചയപ്പെട്ടത്. കോടികളുടെ ഏക അവകാശിയാണെന്നും തറവാട്ടില്‍ ആണവകാശികള്‍ ഇല്ലാത്തതിനാല്‍ യുവാവിനെ ദത്തെടുക്കാൻ തയ്യാറാണെന്നും പറഞ്ഞ് വിശ്വസിപ്പിച്ചു. ഇക്കാര്യം സ്റ്റാംപ് പേപ്പറില്‍ എഴുതി നല്‍കുകയും ചെയ്തു. പിന്നീട് ഇവർ തമ്മില്‍ ഒരു വർഷത്തോളം സൗഹൃദം തുടർന്നു. പിന്നീട് ഇടക്കിടെ താൻ ജോലി ചെയ്യുന്നുവെന്ന് വിശ്വസിപ്പിച്ച പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് വിളിച്ചു വരുത്തുകയും ചെയ്തു. പരാതിക്കാരൻ വരുന്ന സമയത്ത് മുബീന സ്റ്റെതസ്കോപ്പ് അണിഞ്ഞ് ഡോക്ടറെന്ന മട്ടില്‍ പെരുമാറി. ഇതിനായി പ്രതിയുടെ തന്നെ സഹായികളെ കൂടെ നിർത്തി സംസാരിച്ചു വിശ്വസിപ്പിക്കുകയും ചെയ്തിരുന്നു.
ഇതിന് ശേഷം, താൻ നിർമിക്കാനൊരുങ്ങുന്ന ഐ വി എഫ് ആശുപത്രിയില്‍ പാർട്ണർ ആക്കാം എന്ന് പറഞ്ഞ് യുവാവില്‍ നിന്ന് 68 ലക്ഷം രൂപയോളം പല തവണയായി കൈപ്പറ്റി. പരിചയപ്പെടുന്ന ആരോടും കൂസലില്ലാതെ പണം ചോദിച്ചു വാങ്ങുന്ന ഇവർ ആരംഭത്തില്‍ അത് തിരിച്ചു നല്‍കും. അടുത്ത തവണ കൂടുതല്‍ പണം വാങ്ങിച്ച് തിരികെ നല്‍കാതെ മുങ്ങുകയാണ് ഇവരുടെ പതിവ് രീതി. കഴിഞ്ഞ ഒരു വർഷത്തിലേറെയായി വിവിധ ജില്ലകളില്‍ പല പേരുകളിലും പല സ്ഥലത്തും ഒളിവില്‍ കഴിയുകയായിരുന്നു ഇവർ.
9-ാം ക്ലാസ് മാത്രമാണ് മുബീനയുടെ യോഗ്യത. എന്നാല്‍ ഡോക്ടറാണെന്ന് മറ്റുള്ളവരെ വിശ്വസിപ്പിക്കുന്ന തരത്തില്‍ ജില്ലാ ആശുപത്രിക്ക് അകത്തുതന്നെ ഇവർക്ക് ധാരാളം സഹായികള്‍ ഉണ്ടായിരുന്നു. പല തവണ ഡോക്ടറുടെ വേഷമണിഞ്ഞ് ആശുപത്രിക്ക് അകത്തും മോർച്ചറിയിലും വെച്ച് കണ്ടതിനാല്‍ അവിശ്വസിക്കേണ്ടതായ സാഹചര്യം ഉണ്ടായില്ല എന്ന് പരാതിക്കാരനും പറയുന്നു. സമാന രീതിയില്‍ ധാരാളം പേരില്‍ നിന്നും ഇത്തരത്തില്‍ മുബീന പണം വാങ്ങിയിട്ടുണ്ട്. ആലപ്പുഴ, കോഴിക്കോട്, എറണാകുളം, പാലക്കാട് ടൗണ്‍ നോർത്ത് എന്നീ സ്റ്റേഷനുകളിലും യുവതിയുടെ പേരില്‍ നേരത്തെ കേസുകള്‍ രജിസ്റ്റർ ചെയ്തിട്ടുണ്ട്.



