വ്യാജ ഡോക്ടർ ചമഞ്ഞ് വൻ തട്ടിപ്പ്; ഇഎസ്ഐ കോർപ്പറേഷനിൽ ജോലി നൽകാമെന്ന് പറഞ്ഞ് തട്ടിയത് ലക്ഷങ്ങൾ; തൃശൂർ സ്വദേശിനിയായ യുവതിക്കും ഭർത്താവിനുമെതിരെ കേസെടുത്ത് പോലീസ്

Spread the love

സ്വന്തം ലേഖിക

കോയമ്പത്തൂർ: വ്യാജ ഡോക്ടർ ചമഞ്ഞ് ദമ്പതികളുടെ തട്ടിപ്പ്. തൃശൂർ സ്വദേശിനി ധന്യ(39),ഭർത്താവ് കരുണാനിധി എന്നിവരാണ് തട്ടിപ്പ് നടത്തിയത്. ഇവർക്കെതിരെ കോയമ്പത്തൂർ സിറ്റി ക്രൈംബ്രാഞ്ച് കേസെടുത്തു. വ്യാജ ഡോക്ടർ ചമഞ്ഞ് ഇഎസ്ഐ കോർപ്പറേഷനിൽ ജോലി നൽകാമെന്ന് പറഞ്ഞാണ് ഇവർ തട്ടിപ്പ് നടത്തിയത്.

ആശുപത്രിയിലെ ഡീൻ ആണെന്ന് ധന്യ തന്റെ ഡ്രൈവറായ പ്രദീപിനെ വിശ്വസിപ്പിക്കുകയായിരുന്നു. ആശുപത്രിയിൽ വിവിധ വിഭാഗങ്ങളിൽ ഒട്ടേറെ ജോല​ി ഒ​ഴിവുകളുണ്ടെന്നും ഇവർ ഇയാളെ പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചു. സിങ്കാനല്ലൂർ ഇ.എസ്.ഐ. ആശുപത്രിയിലെ ഡോക്ടറാണെന്നും ആശുപത്രിയിൽ സ്റ്റാഫ് നഴ്‌സ്, ക്ലാർക്ക്, അസിസ്റ്റന്റ്, എച്ച്.ആർ. വിഭാഗങ്ങളിലായി ഒട്ടേറെ ഒഴിവുണ്ടെന്നും പ്രദീപിനോട് ഇവർ പറഞ്ഞിരുന്നു.

പ്രദീപ് പറഞ്ഞതനുസരിച്ചാണ് ധന്യയെ സൂലൂർ സ്വദേശി നുഫൈലും സുഹൃത്തുക്കളും സമീപിച്ചത്.തന്റെ സഹോദരിക്ക് നഴ്‌സ് ജോലിക്കായി മൂന്നുലക്ഷം രൂപ നൽകിയിരുന്നെന്ന് പ്രദീപ് യുവാക്കളോട് പറഞ്ഞു. പിന്നാലെ 10 പേർ 50 ലക്ഷത്തോളം രൂപയും യഥാർഥ സർട്ടിഫിക്കറ്റുകളും നൽകുകയായിരുന്നു. ഇതിന് ശേഷം ദമ്പതിമാരെ കാണാതാകുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പിന്നീട് ഭക്ഷണവിതരണ കമ്പനിയിൽ ജോലിക്കുകയറിയ നുഫൈൽ ആറുമാസത്തിനുശേഷം ഭക്ഷണം നൽകാനായി ഇവരുടെ വീട്ടിൽ എത്തിയപ്പോഴാണ് ദമ്പതിമാരെ തിരിച്ചറിഞ്ഞത്.ഇതേ തുടർന്ന് തട്ടിപ്പിനിരയായ മറ്റ് ആളുകളോടൊപ്പം മൂന്നു ദിവസത്തോളം സമരം നടത്തി.അഭിഭാഷകരുടെ സഹായത്തോടെ ധന്യ സർട്ടിഫിക്കറ്റുകൾ തിരിച്ചുനൽകിയെങ്കിലും പണം നൽകാത്തതിനെത്തുടർന്ന് സമരം മുന്നോട്ടുപോയി.

ഇതിനിടെ വ്യാഴാഴ്ച മുതൽ ധന്യ ഗ്യാസ് അടുപ്പ് തുറന്ന് ആത്മഹത്യ ഭീഷണി മുഴക്കി. ഇതോടെ പോലീസ് സമരക്കാരെ അനുനയിപ്പിച്ച് പറഞ്ഞു വിടുകയായിരുന്നു.