മലയാളി വിദ്യാർത്ഥികൾക്ക് ചതിയൊരുക്കി ഏജന്റുമാർ, മോഹനവാദ്​ഗാനം നൽകി കെണിയിൽ വീഴ്ത്തും, പരീക്ഷ അടുക്കുമ്പോൾ ഹാൾ ടിക്കറ്റില്ല, അന്വേഷിക്കുമ്പോൾ വാടക കെട്ടിടം, വ്യാജ അധ്യാപകർ, യാഥാർഥ്യവുമായി ബന്ധമില്ലാത്ത കോളേജുകൾ, അന്യസംസ്ഥാനങ്ങളിൽ അഡ്മിഷൻ എടുക്കുന്നവർ ശ്രദ്ധിച്ചില്ലെങ്കിൽ പണികിട്ടും

മലയാളി വിദ്യാർത്ഥികൾക്ക് ചതിയൊരുക്കി ഏജന്റുമാർ, മോഹനവാദ്​ഗാനം നൽകി കെണിയിൽ വീഴ്ത്തും, പരീക്ഷ അടുക്കുമ്പോൾ ഹാൾ ടിക്കറ്റില്ല, അന്വേഷിക്കുമ്പോൾ വാടക കെട്ടിടം, വ്യാജ അധ്യാപകർ, യാഥാർഥ്യവുമായി ബന്ധമില്ലാത്ത കോളേജുകൾ, അന്യസംസ്ഥാനങ്ങളിൽ അഡ്മിഷൻ എടുക്കുന്നവർ ശ്രദ്ധിച്ചില്ലെങ്കിൽ പണികിട്ടും

തിരുവനന്തപുരം: പണ്ടുകാലത്ത് പഠനം പൂർത്തിയാക്കി ജോലിക്കാണ് പലരും സ്വന്തം ദേശം വിട്ട് പോകാറുള്ളത് എങ്കിൽ ഇന്നത്തെ കാലത്ത് സ്ഥിതി മാറി. പഠനം പോലും വിദേശരാജ്യങ്ങളിലോ അയൽ സംസ്ഥാനങ്ങളിലോ ആകണമെന്ന് നിർബന്ധം ഉള്ളതുപോലെയാണ്.

പത്താം ക്ലാസ്സ് അല്ലെങ്കിൽ പ്ലസ്ടു കഴിഞ്ഞാൽ പലരും പുറത്തു പോവുകയാണ്. മിക്കവരും പ്രൊഫഷണല്‍ കോഴ്‌സുകള്‍ക്കും അല്ലാത്ത കോഴ്‌സുകള്‍ക്കുമായി സമീപിക്കുന്നത് അയല്‍ സംസ്ഥാനങ്ങളായ കർണാടകയെയും തമിഴ്നാടിനെയുമാണ്.


കേരളത്തിലും മറ്റു സംസ്ഥാനങ്ങളിലുമായി നിരവധി ഏജന്റുമാരാണ് മലയാളി വിദ്യാർത്ഥികള്‍ക്കു കോളേജുകളില്‍ അഡ്മിഷൻ ശരിയാക്കി നൽകാൻ പ്രവർത്തിക്കുന്നത്. ചിലർ വിശ്വസ്തരെങ്കിലും മിക്കവർക്കും നല്ല അനുഭവമല്ല ഏജന്റുമാരില്‍നിന്ന് ഉണ്ടാകുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈ സാഹചര്യത്തില്‍ ബെംഗളുരു ഉള്‍പ്പടെയുള്ള കർണാടകയിലെ വിവിധ സ്ഥലങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്രവേശനത്തിന് ശ്രമിക്കുന്നവർ നിരവധി കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. പ്രവേശനം നേടാൻ ആഗ്രഹിക്കുന്ന കോളേജിനെക്കുറിച്ച്‌ കൃത്യമായി അറിയുകയെന്നതാണ് പ്രധാനം.

കോളേജ് നേരിട്ട് സന്ദർശിച്ചോ പരിചയക്കാരുടെ സഹായം തേടിയോ ഓണ്‍ലൈൻ റിവ്യൂകള്‍ വായിച്ചോ കൃത്യമായ നിഗമനത്തിലെത്താം. കോളേജുകളുടെ പേര് വെച്ച്‌ ഗൂഗിളില്‍ സേർച്ച്‌ ചെയ്‌താല്‍ കോളേജിന്റെ റിവ്യൂ, റേറ്റിങ്, ഫാക്കല്‍റ്റിയുടെ ഗുണനിലവാരം, ക്യാമ്പസിലെ സൗകര്യങ്ങള്‍, കോളേജിനെക്കുറിച്ചുള്ള പരാതികള്‍ തുടങ്ങിയവയൊക്കെ ലഭിക്കും.

ഇവയെല്ലാം നന്നായി വിലയിരുത്തി വേണം ഈ സ്ഥാപനത്തില്‍ പ്രവേശനം നേടണമോയെന്ന തീരുമാനത്തിലെത്താൻ. മിക്ക കോളേജുകളും അവരുടെ പ്രോസ്പെക്ടസില്‍ നല്‍കിയിരിക്കുന്ന ഫോട്ടോകളും സൗകര്യങ്ങളെക്കുറിച്ചുള്ള വിവരണവും യാഥാർഥ്യവുമായി ബന്ധമുള്ളതാവണമെന്നില്ല.

നേരിട്ടുപോയി സൗകര്യങ്ങള്‍ ഉറപ്പുവരുത്തുന്നതാണ് ഉചിതം.ചേരാൻ പോകുന്ന കോളേജ് ഏതു സർവകലാശാലയ്ക്കു കീഴിലാണെന്നതു മനസിലാക്കുന്നതും നല്ലതാണ്.

കേന്ദ്ര സർവകലാശാലകള്‍, കല്പിത സർവകലാശാലകള്‍, സംസ്ഥാന സർവകലാശാലകള്‍, സ്വകാര്യ സർവകലാശാലകള്‍, സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ അഫിലിയേറ്റ് ചെയ്തതാകും കോളേജുകള്‍. ഇവയ്ക്കു കീഴിലുള്ള കോളേജുകളില്‍ പ്രവേശനം നേടുന്നതിനു പൊതു പ്രവേശന പരീക്ഷകളും സ്ഥാപനങ്ങള്‍ സ്വന്തംനിലയ്ക്കു നടത്തുന്ന പ്രവേശന പരീക്ഷകളുമുണ്ടാകും.

സർവകലാശാലകള്‍ നിഷ്കർഷിക്കുന്ന നിശ്ചിത ശതമാനം മാർക്കുള്ളവർക്കാണു പ്രവേശന പരീക്ഷ എഴുതാനുള്ള യോഗ്യത. നിശ്ചിത ശതമാനം മാർക്കില്ലെങ്കിലും ഉദ്ദേശിക്കുന്ന കോഴ്‌സിനു തന്നെ പ്രവേശനം തരപ്പെടുത്താമെന്ന് മോഹനവാഗ്ദാനം നല്‍കി സമീപിക്കുന്ന ഏജന്റുമാരുടെ വലയില്‍ വീഴാതിരിക്കാൻ വളരെയധികം ശ്രദ്ധപുലർത്തണം.

അങ്ങനെ കെണിയില്‍ വീണാല്‍ നിങ്ങളുടെ പേര് കോളേജ് റജിസ്റ്ററില്‍ മാത്രമേ ഉണ്ടാകൂ. ആദ്യ സെമസ്റ്റർ പരീക്ഷയ്ക്കു തയാറെടുത്തു ഹാള്‍ ടിക്കറ്റ് കിട്ടാതാകുമ്പോഴാകും ചതിക്കപ്പെട്ട കാര്യം നിങ്ങളറിയുക. അപ്പോഴേക്കും സമയം ഏറെ വൈകിയിട്ടുണ്ടാകും.

പണനഷ്ടവും സമയനഷ്ടവും മാത്രമാകും മിച്ചം. അതിനാല്‍ ഉപരിപഠനത്തിനു യോഗ്യതയുണ്ടെന്നു ഉറപ്പുവരുത്തിയ ശേഷം അഡ്മിഷനെടുക്കാൻ ശ്രദ്ധിക്കണം. മാർക്ക് കുറഞ്ഞ കുട്ടികളെ ലക്ഷ്യമിട്ട് മാത്രം പ്രവർത്തിക്കുന്ന ഏജന്റുമാർ സജീവമാണ് ബെംഗളൂരുവില്‍. തട്ടിക്കൂട്ടിയ പല ട്രസ്റ്റിന്റെയും പേരിലാകും നിങ്ങള്‍ക്ക് ഇവർ കോളേജുകളില്‍ അഡ്മിഷൻ എടുത്തുതരുന്നത്.

കോളേജാണെന്ന് തെറ്റിദ്ധരിപ്പിച്ചു വാടകക്കെട്ടിടത്തില്‍ കൊണ്ടിരുത്തുകയും വ്യാജ അധ്യാപകർ വന്ന് ക്ലാസെടുക്കുകയും ചെയ്ത് ദിവസങ്ങളോളം കുട്ടികളെ കബളിപ്പിച്ച സംഭവമുണ്ടായിട്ടുണ്ട്. സെമസ്റ്റർ പരീക്ഷ അടുത്തപ്പോഴായിരുന്നു കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും ചതി മനസിലായത്.

സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുട്ടികളെ ലക്ഷ്യം വെച്ചാണ് ഇവരുടെ തട്ടിപ്പ്. താരതമ്യേന കുറഞ്ഞ ഫീ നിരക്കില്‍ പഠിക്കാമെന്നും ഹോസ്റ്റല്‍ ഫീ ഉള്‍പ്പടെ ഈ തുകയില്‍ ഉള്‍പ്പെടുമെന്നുമുള്ള വാഗ്‌ദാനമാണ് ഇവർ നല്‍കുക.

ഇവരുടെ തന്ത്രത്തില്‍ വീണുപോകുന്നവർ പാതിവഴിയില്‍ സ്വപ്നങ്ങള്‍ ഉപേക്ഷിച്ച്‌ പിൻവാങ്ങേണ്ടി വരും. പോലീസില്‍ പരാതി നല്‍കിയാലും പ്രത്യേകിച്ച്‌ പ്രയോജനമുണ്ടാവാനിടയില്ല. സർവകലാശാലയിലേക്കു അയച്ചെന്നുപറഞ്ഞ് വിശ്വസിപ്പിച്ച നിങ്ങളുടെ സർട്ടിഫിക്കറ്റ് അലമാരയില്‍നിന്ന് എടുത്തുതന്ന് അവർ തടിയൂരും. വിദ്യാഭ്യാസ വായ്പ കിട്ടാൻ പ്രയാസമുള്ളവർ കടം വാങ്ങിയും പലിശക്കെടുത്തുമാണ് ഏജന്റുമാർക്ക് പണം നല്‍കുന്നത്.

നിങ്ങള്‍ ചേരാൻ ഉദ്ദേശിക്കുന്നത് സാമാന്യം തരക്കേടില്ലാത്ത കോളേജാണെങ്കില്‍ പ്രമുഖ ബാങ്കുകള്‍ വിദ്യാഭ്യാസവായ്പ തരും. തട്ടിപ്പു നടത്താനായി മാത്രം പിറവി കൊള്ളുന്ന ‘കോളേജു’കളെ വിദ്യാഭ്യാസ വായ്പയ്ക്ക് അപേക്ഷിക്കുമ്പോള്‍ തന്നെ തിരിച്ചറിയാൻ സാധിക്കും.