ആരോഗ്യവകുപ്പിന്റെ പരിശോധന നിലച്ചു; വ്യാജ വെളിച്ചെണ്ണ വ്യാപകം; ഒരുകിലോ കൊപ്രയ്ക്ക് 220 രൂപ;വെളിച്ചെണ്ണ ലിറ്ററിന് 200 – 260; ഓഫറുകളിൽ വീണു പോകല്ലേ

Spread the love

കോഴിക്കോട് : വെളിച്ചെണ്ണ വില ഉയർന്നതോടെ വിപണിയിൽ പിടിമുറുക്കി വ്യാജന്മാർ.തമിഴ്നാട് കേന്ദ്രീകരിച്ചുള്ള വൻകിട ലോബിയാണു വിപണിയിൽ വ്യാജ വെളിച്ചെണ്ണ വിൽക്കുന്നത്. തമിഴ്നാട്ടിലെ മൊത്തക്കച്ചവടക്കാരിൽ നിന്നു വാങ്ങുന്ന വ്യാജ വെളിച്ചെണ്ണ വയനാട്, കോഴിക്കോട്, വടകര കേന്ദ്രമാക്കിയുള്ള ഏജന്റുമാരാണു കടകളിൽ വിൽപനയ്ക്ക് എത്തിക്കുന്നത്.

video
play-sharp-fill

ഒരുകിലോ കൊപ്രയ്ക്ക് 220 രൂപ വിലയുള്ളപ്പോൾ വ്യാജ വെളിച്ചെണ്ണ വിൽക്കുന്നതു ലീറ്ററിന് 200 – 260 രൂപ നിരക്കിലാണ്. കൊപ്രയെക്കാൾ വിലകുറച്ചാണു വെളിച്ചെണ്ണ വിൽപനയെന്ന് ചെറുകിട മില്ലുടമകൾ പറയുന്നു.

ഒരുകിലോ കൊപ്ര ആട്ടിയാൽ 650 ഗ്രാം വെളിച്ചെണ്ണയാണു ലഭിക്കുക. ഇതിൽ നിന്നു വിപണിയിൽ വ്യാജ വെളിച്ചെണ്ണ വ്യാപകമാണെന്നു മനസ്സിലാകുമെന്ന് മില്ലുടമകൾ പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പാരഫിനാണ് ഇത്തരം വെളിച്ചെണ്ണയിൽ കലർത്തുന്നതെന്നും മില്ലുടമകൾ പറയുന്നു. നല്ല പാക്കറ്റുകളിൽ പല പേരുകളിലാണ് വ്യാജ വെളിച്ചെണ്ണ ഓഫർ എന്ന പേരിൽ വിൽപന നടത്തുന്നത്. നാട്ടിൽപുറങ്ങളിലെ മില്ലുകളിൽ ഉൽപാദിപ്പിക്കുന്ന വെളിച്ചെണ്ണയ്ക്ക് 320 മുതൽ 340 രൂപ വരെയാണ് വില.

പച്ചത്തേങ്ങയ്ക്ക് നിലവിൽ കിലോയ്ക്ക് 64 രൂപയും ഉണ്ടക്കൊപ്ര ക്വിന്റലിന് 28000 രൂപയും കർഷകർക്ക് ലഭിക്കുന്നുണ്ട്. വ്യാജ വെളിച്ചെണ്ണയുടെ വരവ് പച്ചത്തേങ്ങയുടെ വില കുറയാനും ഇടയാക്കുമെന്നു പറയുന്നു.

മുൻപ്, വ്യാജ വെളിച്ചെണ്ണ വിൽപന തടയാൻ ആരോഗ്യവകുപ്പ് കടകളിൽ പരിശോധന കർശനമാക്കുകയും പല പേരുകളിലുള്ള വെളിച്ചെണ്ണയുടെ വിൽപന നിരോധിക്കുകയും ചെയ്തിരുന്നു.

ആരോഗ്യവകുപ്പ് പിൻമാറിയതോടെ ഈ സംഘം പുതിയ പേരുകളിലാണ് വ്യാജവെളിച്ചെണ്ണ വിൽക്കുന്നത്. ഉത്സവ, കല്യാണ സീസൺ എന്നിവ കണക്കിലെടുത്താണു വ്യാജന്റെ വരവ്. വിപണിയിൽ ആരോഗ്യവകുപ്പിന്റെ പരിശോധന കർശനമാക്കണമെന്ന് ആവശ്യമുയർന്നിട്ടുണ്ട്.

ലാഭമാണെന്നു കരുതി വാങ്ങുന്നവരാണ് അധികവും കബളിപ്പിക്കപ്പെടുന്നത്. വ്യാജ വെളിച്ചെണ്ണ വിൽപന സജീവമായതോടെ ചെറുകിട വെളിച്ചെണ്ണ മില്ലുകൾ അടച്ചു പൂട്ടേണ്ട അവസ്ഥയാണ്.