
സ്വന്തം ലേഖകൻ
ചെന്നൈ : മദ്രാസ് സർവകലാശാലയുടെ വ്യാജ സർട്ടിഫിക്കറ്റ് തയാറാക്കി നൽകിയ കേസിൽ എറണാകുളം സ്വദേശി ഷാജിനമോളെ (36) ചെന്നൈ ക്രൈംബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്തു. വീസാ നടപടിക്രമങ്ങൾക്കായി യുഎസ് കോൺസുലേറ്റിൽ മലയാളി വിദ്യാർഥി സമർപ്പിച്ച മദ്രാസ് സർവകലാശാല ബിസിഎ കോഴ്സിന്റെ സർട്ടിഫിക്കറ്റ് വ്യാജമാണെന്നു കണ്ടെത്തിയതോടെ യുഎസ് കോൺസുലേറ്റ് റീജനൽ സെക്യൂരിറ്റി ഓഫിസർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.
വിദ്യാർഥിയെ ചോദ്യം ചെയ്തപ്പോൾ എറണാകുളം കടവന്ത്രയിലെ റിസ് റോയൽ അക്കാദമിയിൽ നിന്നാണു തനിക്കു സർട്ടിഫിക്കറ്റ് ലഭിച്ചതെന്നു മൊഴി നൽകി. കേസ് റജിസ്റ്റർ ചെയ്ത ക്രൈംബ്രാഞ്ച് സംഘം എറണാകുളത്ത് എത്തിയാണ് ഷാജിനമോളെ അറസ്റ്റ് ചെയ്തത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
എംബിഎ ബിരുദധാരിയായ ഷാജിന എളുപ്പത്തിൽ പണമുണ്ടാക്കാനുള്ള മാർഗമെന്ന നിലയ്ക്കാണു 2018ൽ റിസ് റോയൽ അക്കാദമി ആരംഭിച്ചതെന്നു പൊലീസ് പറഞ്ഞു. മദ്രാസ് യൂണിവേഴ്സിറ്റിയുടേതു കൂടാതെ അണ്ണാമലൈ, കോട്ടയം എംജി സർവകലാശാലകളുടെ സർട്ടിഫിക്കറ്റുകളും ഗവ.സ്കൂൾ സർട്ടിഫിക്കറ്റുകളും ഷാജിന നിർമിച്ചിരുന്നതായി കണ്ടെത്തി.
വിദ്യാർഥി യുഎസ് കോൺസുലേറ്റിൽ സമർപ്പിച്ച വ്യാജ സർട്ടിഫിക്കറ്റിനായി 60,000 രൂപ ഈടാക്കി. ഇടയ്ക്കു സ്ഥാപനത്തിന്റെ പേര് എഡ്യൂവിൻ ഡിസ്റ്റൻസ് കൺസൽറ്റൻസി എന്നു മാറ്റിയതായും പൊലീസ് പറഞ്ഞു. കംപ്യൂട്ടറുകളും പ്രിന്ററുകളും വ്യാജ സർട്ടിഫിക്കറ്റുകളും അടക്കം പിടിച്ചെടുത്തു. കോടതിയിൽ ഹാജരാക്കിയ യുവതിയെ റിമാൻഡ് ചെയ്തു.