പയ്യന്നൂരിലെ വ്യാജ ആധാര്‍ കാര്‍ഡ് പരാതി; അടിയന്തര റിപ്പോര്‍ട്ട് തേടി തിരഞ്ഞെടുപ്പ് കമ്മീഷന്‍

Spread the love

വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സിപിഐഎം പയ്യന്നൂര്‍ ഏരിയ കമ്മിറ്റി ഓഫീസിൽ വ്യാജ ആധാർ കാർഡുകൾ നിർമിക്കുന്നുവെന്ന ആരോപണത്തിൽ റിപ്പോർട്ട് തേടി തിരഞ്ഞെടുപ്പ് കമ്മീഷൻ. പരാതിയില്‍ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ രത്തന്‍ യു ഖേല്‍ക്കര്‍ ആണ് അടിയന്തര റിപ്പോര്‍ട്ട് തേടിയത്. ജില്ലാ കളക്ടറോടാണ് അടിയന്തരമായി റിപ്പോര്‍ട്ട് നല്‍കാന്‍ തിരഞ്ഞെടുപ്പ് ഓഫീസര്‍ നിര്‍ദേശിച്ചത്. ഇന്ന് രാത്രിയോടെ റിപ്പോര്‍ട്ട് നല്‍കണമെന്നാണ് നിര്‍ദേശം. റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷം തുടര്‍നടപടികള്‍ തീരുമാനിക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ വ്യക്തമാക്കി. കെപിസിസി നല്‍കിയ പരാതിയിലാണ് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ നടപടി. പയ്യന്നൂര്‍, കല്യാശേരി മണ്ഡലങ്ങളില്‍ വ്യാപകമായി ഇരട്ട വോട്ട് ചേര്‍ത്തെന്നും പരാതിയില്‍ പറയുന്നുണ്ട്.

video
play-sharp-fill

എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലാണ് വ്യാജ ആധാർ കാർഡ് നിർമാണവുമായി ബന്ധപ്പെട്ട ആരോപണമുന്നയിച്ചത്. വ്യാജ ആധാര്‍ കാര്‍ഡ് നിര്‍മ്മാണം നടക്കുന്നത് സിപിഐഎം പയ്യന്നൂര്‍ ഏരിയ കമ്മിറ്റി ഓഫീസിന്റെ മൂന്നാം നിലയിലാണ് എന്നാണ് കെസി വേണുഗോപാല്‍ പറഞ്ഞത്. പരാജയ ഭീതിയില്‍ സിപിഐഎം പഴയ തന്ത്രങ്ങള്‍ പുറത്തെടുക്കുന്നുവെന്നും കെസി വേണുഗോപാല്‍ പറഞ്ഞു. സിപിഐഎം വിറളി പൂണ്ടിരിക്കുന്നുവെന്നും ടിപി ചന്ദ്രശേഖരന്റെ അനുഭവം ഓര്‍മിപ്പിച്ച് കൊണ്ടാണ് തിരഞ്ഞെടുപ്പിനെ നേരിടാന്‍ സിപിഐഎം തയ്യാറെടുക്കുന്നതെന്നും കെസി വേണുഗോപാല്‍ ആരോപിച്ചിരുന്നു.