
ഫെയ്സ്ബുക്ക് ചാറ്റ് പ്രണയമായി: 14 കാരന് 18 കാരി കാമുകിയായി; ഒടുവിൽ ഒളിച്ചോട്ടവും കൂട്ടുകാരിയുടെ വീട്ടിൽ അഭയവും; ഒരു വൈപ്പിൻ പ്രണയകഥ ഇങ്ങനെ
തേർഡ് ഐ ബ്യൂറോ
കൊച്ചി: ഫെയ്സ്ബുക്ക് ചാറ്റും സോഷ്യൽ മീഡിയയും സജീവമായതോടെ ആളും തരവും നോക്കാതെയായി പ്രണയങ്ങൾ. ഇത് വ്യക്തമാക്കുന്നതാണ് കൊച്ചി വൈപ്പിനിൽ നിന്നും വരുന്ന കഥ. കഴിഞ്ഞ ദിവസമാണ് വൈപ്പിനെയും നാടിനെയും മുഴുവൻ വിറപ്പിച്ച പ്രണയകഥ അരങ്ങേറിയത്.
ഒടുവിൽ പതിന്നാലുകാരൻ ബാലനെ പതിനെട്ടുകാരിയായ കാമുകിയോടൊപ്പം ഇവരുടെ കൂട്ടുകാരിയുടെ വീട്ടിൽനിന്ന് പോലീസും നാട്ടുകാരും ചേർന്ന് കണ്ടെത്തി.മുളവുകാട്, ഞാറയ്ക്കൽ സ്റ്റേഷനിലെ പോലീസുകാർ, നാട്ടുകാർ എന്നിവർ ചേർന്ന് മൂന്നു ദിവസത്തെ അന്വേഷണത്തിനൊടുവിലാണ് ഇരുവരെയും കണ്ടെത്തിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈ മാസം അഞ്ചിനാണ് എടവനക്കാട് സ്വദേശിയായ പതിനാലുകാരനെ കാണാതാകുന്നത്.വീട്ടുകാർ പലയിടങ്ങളിലും അന്വേഷിച്ചെങ്കിലും കണ്ടെത്താനാവാതെ വന്നപ്പോൾ ഞാറയ്ക്കൽ പോലീസിൽ പരാതി നൽകുകയായിരുന്നു. പോലീസ് കേസെടുത്ത് അന്വേഷണം നടത്തിയെങ്കിലും ആളെ കുറിച്ച് ഒരു വിവരവുമുണ്ടായിരുന്നില്ല.
ഇതിനിടെയാണ് വൈപ്പിൻകരയുടെ തെക്കൻ മേഖലയിൽനിന്നു പതിനെട്ടുകാരിയായ ഒരു പെണ്‍കുട്ടിയെ കാണ്മാനില്ലെന്ന് പറഞ്ഞ് തൊട്ടടുത്ത ദിവസം തന്നെ മുളവുകാട് പോലീസ് സ്റ്റേഷനിൽ ഒരു പരാതിയെത്തിയത്.എന്നാൽ പോലീസിനാകട്ടെ ആദ്യം ഇത് തമ്മിൽ പരസ്പരം ബന്ധമൊന്നും തോന്നിയില്ലെങ്കിലും ഒരു ബാലനും ഒരു പെണ്‍കുട്ടിയും പുതുവൈപ്പ് കിഴക്ക് ഭാഗത്ത് കറങ്ങി നടക്കുന്നത് ചില പൊതുപ്രവർത്തകരുടെ കണ്ണിൽപ്പെട്ടത് പോലീസിന്റെ ചെവിയിൽ എത്തിയതോടെ സംഗതി പരസ്പരം ബന്ധമുള്ള കേസുകളാണെന്ന് മനസിലായി.
പിന്നെ പൊതുപ്രവർത്തകരുടെ സഹായത്തോടെയായി പോലീസിന്റെ അന്വേഷണം. ഇതിനിടെ കാണാതായ ബാലൻ ഓച്ചന്തുരുത്തിൽ നിന്ന് ഒരു യുവാവിനൊപ്പം ഓട്ടോറിക്ഷയിൽ പോകുന്നതായി ചിലർ കണ്ടതായി പോലീസിനു വിവരം ലഭിച്ചു. ഇതോടെ പോലീസ് ഈ യുവാവിനെ തപ്പാൻ തുടങ്ങി. ഇതിനിടെ പെണ്‍കുട്ടിയുടെ മൊബൈൽ ടവർ കേന്ദ്രീകരിച്ചുള്ള അന്വേഷണം കൂടിയായപ്പോൾ രണ്ടും ചെന്നെത്തിയത് ബാലനുമായി ഓട്ടോയിൽ കണ്ടെന്ന് പറയുന്ന യുവാവിന്റെ വീട്ടിലാണ്.
കാണാതായ പെണ്‍കുട്ടിയുടെ കൂട്ടുകാരിയുടെ ഭർത്താവണത്രേ പോലീസ് അന്വേഷിച്ചെത്തിയ യുവാവ്. ഈ വീട്ടിൽനിന്നുമാണ് ബാലനെയും പെണ്‍കുട്ടിയെയും കണ്ടെത്തിത്.പ്രണയത്തിലായിരുന്ന ഇരുവരും ഒരുമിച്ച് ജീവിക്കാൻ വേണ്ടിയാണത്രേ വീടുവിട്ടിറങ്ങി കൂട്ടുകാരിയുടെ വീട്ടിലെത്തയതെന്നാണ് പോലീസിനോട് പറഞ്ഞത്. കോടതിയിൽ ഹാജരാക്കിയതിനെ തുടർന്ന് ഇരുവരെയും അവരവരുടെ വീട്ടുകാർക്കൊപ്പം വിട്ടയച്ചു.