ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട കാമുകനെതേടി യുവതി കോട്ടയത്തെത്തി; താലികെട്ടാനെത്തിയ ക്ഷേത്രത്തിനുമുന്നിൽ കൂട്ടയടി. കല്ല്യാണവും പ്രണയവും ഒടുവിൽ പൊലീസ് സ്റ്റേഷൻ കയറി
തേർഡ് ഐ ബ്യൂറോ
കോട്ടയം: ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട കാമുകനെ തേടിയെത്തിയ യുവതിയ്ക്ക് മർദ്ദനവും പൊലീസ് സ്റ്റേഷൻ വാസവും. അടികിട്ടി അവശയായ കാമുകിയെ സ്റ്റേഷനിൽ പൊലീസ് കാവലാക്കി. കല്ല്യാണവും പ്രണയവും വീട്ടുകാരുടെ അനുരഞ്ജന ചർച്ചയുടെ അടിസ്ഥാനത്തിൽ തീരുമാനമായേക്കും. ബുധനാഴ്ച രാവിലെ പതിനൊന്നരയോടെ പള്ളിപ്പുറത്തുകാവ് ക്ഷേത്രത്തിനു സമീപമായിരുന്നു നാടകീയ സംഭവങ്ങൾ. കൊട്ടാരക്കര സ്വദേശിയായ യുവതിയാണ് അയ്മനം സ്വദേശിയായ കാമുകനെ തേടിയെത്തിയത്. രണ്ട് വർഷമായി യുവതിയും യുവാവും തമ്മിൽ ഫേസ്ബുക്കുവഴി പരിചയപ്പെട്ടിട്ട്. വിദേശത്തായിരുന്ന യുവാവ് രണ്ട് ദിവസം മുമ്പാണ് നാട്ടിലെത്തിയത്. ഇതേ തുടർന്ന് ചൊവ്വാഴ്ച വൈകിട്ട് യുവതി കാമുകനെ കാണുന്നതിനായി കൊട്ടാരക്കരയിലെ വീട്ടിൽ നിന്നും ഇറങ്ങിത്തിരിക്കുകയായിരുന്നു. യുവതി ആദ്യം എത്തിയത് കാമുകന്റെ അയ്മനത്തെ വീട്ടിലായിരുന്നു. തുടർന്ന് ബന്ധുക്കൾ ചേർന്ന് ഇവരെ കോട്ടയം വനിത പൊലീസ് സ്റ്റേഷനിൽ എത്തിച്ചു. തുടർന്ന് യുവതിയും ബന്ധുക്കളെ വിവരമറിയിച്ചു. എന്നാൽ യുവതിയുടെയും യുവാവിന്റെയും വിവാഹം നടത്തണമെന്നാണ് തങ്ങളുടെ ആവശ്യമെന്നും ഇതിനായി ബുധനാഴ്ച രാവിലെ തങ്ങൾ കോട്ടയത്തെത്തുമെന്നും യുവതിയുടെ മാതാപിതാക്കൾ അറിയിച്ചു. ഇതേ തുടർന്ന് രാവിലെ യുവതിയേയും കാമുകനേയും കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷനിൽ കൊണ്ടുവന്നു. ഇവിടെ ബന്ധുക്കളുമായി ചർച്ച നടത്തിയ ശേഷം പള്ളിപ്പുറത്തുകാവ് ക്ഷേത്രത്തിൽ വെച്ച് വിവാഹം നടത്താൻ തീരുമാനിക്കുകയായിരുന്നു. ഇതിനായി ഇവർ ക്ഷേത്ര മുറ്റത്തെത്തിയപ്പോൾ ക്ഷേത്രം അടച്ചുപോയിരുന്നു. തുടർന്ന് യുവതി ഓട്ടോറിക്ഷയിൽ നിന്ന് പുറത്തിറങ്ങവെ യുവാവിന്റെ മാതാവ് ക്രൂരമായി മർദ്ദിക്കുകയായിരുന്നു. മർദ്ദനമേറ്റ ഇവരെ ഓട്ടോറിക്ഷ ഡ്രൈവർമാരും പ്രദേശത്തുണ്ടായിരുന്ന നാട്ടുകാരും ചേർന്നാണ് പിടിച്ച് മാറ്റിയത്. തുടർന്ന് പൊലീസ് എത്തി രണ്ട് കൂട്ടരേയും വെസ്റ്റ് പൊലീസ് സ്റ്റേഷനിൽ കൊണ്ടുപോയി.