എഴുകോണിൽ സി.പി.എം ബ്രാഞ്ച് സെക്രട്ടറി അടിയേറ്റ് മരിച്ചു; അന്വേഷണത്തിന് പോയ പോലീസ് ജീപ്പ് പാടത്തേക്ക് മറിഞ്ഞു
സ്വന്തം ലേഖകൻ
കൊല്ലം: എഴുകോണിൽ എരുതനങ്ങാട് സിപിഎം ബ്രാഞ്ച് സെക്രട്ടറി കൈതക്കോട് എരുതനങ്ങാട് പൊയ്കവിള വീട്ടിൽ ദേവദത്തൻ (ബാബു, 54) അടിയേറ്റ് മരിച്ചു. സംഭവവുമായി ബന്ധപ്പെട്ട് എരുതനങ്ങാട് ചരുവിള തെക്കതിൽ സുനിൽകുമാറിനെ (മാറനാട് സുനി) പ്രതിയാക്കി എഴുകോൺ പൊലീസ് കേസെടുത്തു. കൊലപാതകത്തിന് ശേഷം കടന്ന സുനിൽകുമാറിനെ അന്വേഷിച്ച് പോയ പൊലീസ് വാഹനം കടപുഴയിൽ ചിറ്റുമല ചിറയിലേക്ക് മറിഞ്ഞു. വാഹനത്തിലുണ്ടായിരുന്ന എസ്.ഐ ബാബുക്കുറുപ്പ്, അഡീഷണൽ എസ്.ഐമാരായ ചന്ദ്രബാബു, മനോജ്, സീനിയർ സിവിൽ പൊലീസ് ഓഫീസർ അശോകൻ, ജോൺമാത്യു, ഡ്രൈവർ ചന്ദ്രകുമാർ എന്നിവർ പരിക്കേൽക്കാതെ രക്ഷപെട്ടു.
തടിക്കച്ചവടക്കാരനായ ദേവദത്തന്റെ അയൽവാസിയായ ബാബുവും പ്രതി സുനിൽകുമാറും തമ്മിൽ വസ്തു തർക്കം നിലനിന്നിരുന്നു. ഇതിൽ സുനിൽകുമാറിനെതിരായ നിലപാട് സ്വീകരിച്ച ദേവദത്തൻ പൊലീസിലും ഇടപെട്ടിരുന്നു. ഇതിലുള്ള വിരോധമാണ് കൊലപാതക കാരണമെന്ന് പൊലീസ് പറഞ്ഞു. പവിത്രേശ്വരം സഹകരണബാങ്ക് തിരഞ്ഞെടുപ്പിന്റെ സ്‌ളിപ്പ് വിതരണത്തിന് പാർട്ടി പ്രവർത്തകർക്കൊപ്പം ഉച്ചയ്ക്ക് 1.30 ഓടെ എരുതനങ്ങാട് പടിഞ്ഞാറ് വള്ളക്കടവ് ഭാഗത്ത് എത്തിയപ്പോൾ ചെത്തിയൊരുക്കിയ വടിയുമായി എത്തിയ സുനിൽകുമാർ ദേവദത്തനെ തലങ്ങും വിലങ്ങും അടിക്കുകയായിരുന്നു. തലയ്‌ക്കേറ്റ അടിയാണ് മരണകാരണമെന്ന് കരുതുന്നതായി പൊലീസ് പറഞ്ഞു. സംഭവത്തിന് ശേഷം സുനിൽകുമാർ സ്ഥലം വിട്ടു. ഒപ്പമുണ്ടായിരുന്നവരും നാട്ടുകാരും ചേർന്ന് ദേവദത്തനെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചു. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം ഇന്ന് ഉച്ചയോടെ വീട്ടുവളപ്പിൽ സംസ്‌കരിക്കും. ഭാര്യ: കുമാരി, മക്കൾ: അതുല്യ, അച്ചുദേവ്. മരുമകൻ: ബെൻസി. പ്രതി സുനിൽകുമാർ തിരുവല്ല, റാന്നി എക്‌സൈസ് റേഞ്ചുകളിൽ നിരവധി അബ്കാരി കേസുകളിൽ പ്രതിയാണ്. കൊലപാതകത്തിൽ പ്രതിഷേധിച്ച് സി.പി.എം ഇന്ന് പവിത്രേശ്വരം പഞ്ചായത്തിൽ ഹർത്താലിന് ആഹ്വാനം ചെയ്തു. രാവിലെ 6 മുതൽ വൈകിട്ട് 6 വരെയാണ് ഹർത്താൽ. സംഘർഷാവസ്ഥ കണക്കിലെടുത്ത് പ്രദേശത്ത് വൻ പൊലീസ് സംഘം നിലയുറപ്പിച്ചിട്ടുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group