
തിരുവനന്തപുരം: തിരുവനന്തപുരം സർക്കാർ കണ്ണാശുപത്രിയിൽ ഗുരുതര വീഴ്ച. ഇടതു കണ്ണിന് നൽകേണ്ട ചികിത്സ മാറി വലതു കണ്ണിന് നൽകി. തിരുവനന്തപുരം ബീമാപള്ളി സ്വദേശിനിയായ അസൂറ ബീവിയാണ് ചികിത്സാ പിഴവ് നേരിട്ടത്. സംഭവത്തിൽ ഡോ.എസ് എസ് സുജീഷിനെ സസ്പെൻഡ് ചെയ്തു.
ഇടതു കണ്ണന് കാഴ്ചക്കുറവ് ഉണ്ടായതിനെ തുടർന്ന് അസൂറ ബീവി ഒരു മാസക്കാലമായി തിരുവനന്തപുരം സർക്കാർ കണ്ണാശുപത്രിയിൽ ചികിത്സ തേടിയിരുന്നത്.
തുടർന്ന് ഇന്നലെ രാവിലെ ശസ്ത്രക്രിയയുടെ ഭാഗമായി ഇവർ ആശുപത്രിയിൽ അഡ്മിറ്റ് ആവുകയും, ഡോക്ടറുടെ നിർദ്ദേശപ്രകാരം കണ്ണിൽ ഇഞ്ചക്ഷൻ ചെയ്യാനുള്ള മരുന്ന് ആശുപത്രിയിൽ വാങ്ങി നൽകുകയും ചെയ്തു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ശേഷം ശസ്ത്രക്രിയയ്ക്ക് പ്രവേശിപ്പിച്ച അസൂറയുടെ ഇടത് കണ്ണ് ക്ലീൻ ചെയ്യുകയും, ഇടതുകണ്ണിൽ നൽകേണ്ട ഇഞ്ചക്ഷൻ വലതു കണ്ണിൽ എടുക്കുകയുമായിരുന്നു.
ചികിത്സ പിഴവിന്റെ ഉത്തരവാദിത്വം ആശുപത്രിയിലെ അസിസ്റ്റന്റ് പ്രൊഫസർ എസ്.എസ്. സുജീഷിനാണെന്നാണ് രോഗിയുടെ കുടുംബം ചൂണ്ടിക്കാട്ടുന്നത്. ചികിത്സയിലെ പിഴവ് ബോധ്യപ്പെട്ടതോടെ ഉടൻ തന്നെ ആശുപത്രി അധികൃതരെ കുടുംബം വിവരം അറിയിച്ചു. എന്നാൽ അതിനുശേഷം ചികിത്സാ രേഖയായ ഒപി ടിക്കറ്റ് ആശുപത്രി അധികൃതർ തടഞ്ഞുവച്ചതായും കുടുംബം ആരോപിക്കുന്നു.
ഈ ഗുരുതരമായ വീഴ്ച രോഗിയുടെ കാഴ്ചശേഷിയിലും കുഴപ്പങ്ങൾ ഉണ്ടാക്കുമോ എന്ന ആശങ്കയിലായ കുടുംബം ഉന്നത അന്വേഷണം ആവശ്യപ്പെട്ടിരിക്കുകയാണ്.