
പണപ്പിരിവ് സംസ്ഥാന കമ്മിറ്റിയുടെ ആസ്ഥാനമന്ദിരത്തിനു വേണ്ടി ; ശബ്ദസന്ദേശമിട്ടത് അപ്പോഴത്തെ മാനസികാവസ്ഥയിൽ ; ബാർ കോഴയാരോപണത്തിൽ മലക്കം മറിഞ്ഞ് ഫെഡറേഷൻ ഓഫ് കേരള ഹോട്ടൽസ് അസോസിയേഷൻ സംസ്ഥാന നേതാവ് അനിമോൻ
സ്വന്തം ലേഖകൻ
തിരുവനന്തപുരം: ബാർ കോഴയാരോപണത്തിൽ മലക്കം മറിഞ്ഞ് ഫെഡറേഷൻ ഓഫ് കേരള ഹോട്ടൽസ് അസോസിയേഷൻ സംസ്ഥാന നേതാവും ഇടുക്കി ജില്ലാ പ്രസിഡന്റുമായ അനിമോൻ. പണപ്പിരിവ് സംസ്ഥാന കമ്മിറ്റിയുടെ ആസ്ഥാനമന്ദിരത്തിനു വേണ്ടിയായിരുന്നു. സംഘടനാ യോഗത്തിൽ പ്രസിഡന്റ് തന്നെ ഭീഷണിപ്പെടുത്തുന്ന നിലപാട് സ്വീകരിച്ചതിനാലാണു മറ്റൊരു തരത്തിൽ ശബ്ദസന്ദേശമിട്ടത്. അപ്പോഴത്തെ മാനസികാവസ്ഥയിലാണ് അങ്ങനെ ചെയ്തത്.
ഈ മെസേജ് എല്ലാവർക്കും തെറ്റിദ്ധാരണയുണ്ടാക്കിയെന്നും സർക്കാരിനെതിരെ ആരോപണമുണ്ടാകാൻ ഇടയാക്കിയെന്നും മനസിലാക്കുന്നു. താൻ മൂലമുണ്ടായ ബുദ്ധിമുട്ടിൽ ഖേദപ്രകടനം നടത്തുന്നുവെന്നും ബാറുടമകൾക്കുള്ള വാട്സാപ് സന്ദേശത്തിൽ അനിമോൻ പറഞ്ഞു. ഈ സന്ദേശം തന്റേതു തന്നെയെന്ന് അനിമോൻ സ്ഥിരീകരിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോഴയാരോപണം വിവാദമായശേഷമുള്ള അനിമോന്റെ ആദ്യപ്രതികരണമാണ് ഇത്. അനുകൂല മദ്യനയം രൂപീകരിക്കുന്നതിന് കോഴ നൽകാനായി ബാർ ഉടമകൾ 2.5 ലക്ഷം രൂപ വീതം നൽകണമെന്നാവശ്യപ്പെട്ടുള്ള, അനിമോന്റെ ശബ്ദസന്ദേശമാണ് സർക്കാരിനെ വെട്ടിലാക്കിയത്. ഇടുക്കിയിലെ ബാർ ഉടമകളുടെ ഗ്രൂപ്പിലാണ് സന്ദേശമിട്ടത്. സംഭവത്തിൽ ഗൂഢാലോചന സംശയിച്ചും അന്വേഷണമാവശ്യപ്പെട്ടും എക്സൈസ് മന്ത്രി എം.ബി.രാജേഷ് ഡിജിപിക്കു കത്തു നൽകിയതിനെ തുടർന്ന് ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു.
അനിമോന്റെ ശബ്ദസന്ദേശം ഇങ്ങനെ: ‘ഇലക്‌ഷൻ കഴിഞ്ഞാലുടൻ പുതിയ പോളിസി വരും. ഒന്നാം തീയതി ഡ്രൈഡേ എടുത്തുകളയും. സമയത്തിന്റെ കാര്യമൊക്കെയുണ്ട്. ഇതൊക്കെ ചെയ്തുതരണമെന്നുണ്ടെങ്കിൽ നമ്മൾ കൊടുക്കേണ്ട കാര്യങ്ങൾ കൊടുക്കണം. 2.5 ലക്ഷം രൂപവച്ചു കൊടുക്കാൻ പറ്റുന്നവർ അക്കാര്യം രണ്ടുദിവസത്തിനകം ഗ്രൂപ്പിലിടുക.’