അടുത്ത മഹാമാരി അധികം വൈകാതെ; ഡിസീസ് എക്സ് മൂലം 5 കോടി ആളുകൾ മരണപ്പെടുമെന്ന് ആരോഗ്യ വിദഗ്ധൻ; അടുത്ത പാൻഡെമിക്കിന് കാരണമാകുന്ന ഡിസീസ് X എന്താണ്?: അറിയേണ്ടതെല്ലാം
സ്വന്തം ലേഖകൻ
കോവിഡ്-19 പോലെയുള്ള മറ്റൊരു മഹാമാരിക്ക് കാരണമായേക്കാവുന്ന ഡിസീസ് X സംബന്ധിച്ച വിവരങ്ങൾ വീണ്ടും ചർച്ചയാകുന്നു. 5 കോടിയിലധികം ആളുകൾ മരിക്കാൻ ഡിസീസ് എക്സ് കാരണമായേക്കുമെന്ന യു.കെ ആരോഗ്യ വിദഗ്ധരുടെ മുന്നറിയിപ്പിനെ തുടർന്നാണ് ഡിസീസ് എക്‌സ് വീണ്ടും വാർത്തയാകുന്നത്.
ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) അതിന്റെ വെബ്‌സൈറ്റിലെ ‘മുൻഗണന രോഗങ്ങളുടെ’ പട്ടികയിൽ ഡിസീസ് എക്‌സിനെ ചേർത്തു. കോവിഡ് -19, എബോള, ലസ്സ ഫീവർ, മിഡിൽ ഈസ്റ്റ് റെസ്പിറേറ്ററി സിൻഡ്രോം (മെർസ്), നിപ, സിക്ക എന്നിവയ്ക്കിടയിൽ ആഗോള ആരോഗ്യ സംഘടന ഈ അജ്ഞാത രോഗത്തെയും ഉൾപ്പെടുത്തിയിരിക്കുകയാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
എന്താണ് ഡിസീസ് എക്സ്?
ഡിസീസ് എക്സിലെ, എക്സ് എന്നത് അർഥമാക്കുന്നത്, നമുക്ക് അറിയാത്തത് എന്തോ അവയെല്ലാം എന്നതാണ്. അതായത് പുതിയൊരു രോഗമായിരിക്കും ഇത്. അതിനാൽ തന്നെ അത് ഏതു വിധത്തിൽ രൂപപ്പെട്ടാലും അതിനെ കുറിച്ചുള്ള അറിവുകൾ പരിമിതമായിരിക്കും. ഇത് ഒരു പുതിയ ഏജന്റായിരിക്കാം – ഒരു വൈറസ്, ഒരു ബാക്ടീരിയ അല്ലെങ്കിൽ ഫംഗസ് ഇതിലേതെങ്കിലും ആകാം. അറിവുകൾ പരിമിതായതിനാൽ വ്യക്തമായ ചികിത്സയും ഉണ്ടാകില്ല.
ലോകാരോഗ്യ സംഘടന 2018 ൽ ഔദ്യോഗികമായി ഈ പദം ഉപയോഗിക്കാൻ തുടങ്ങി. മറ്റൊരു മഹാമാരിക്ക് കാരണമായേക്കാവുന്ന അടുത്ത രോഗകാരിയെ തിരിച്ചറിയാൻ വിദഗ്ധർ ഗവേഷണം ആവശ്യപ്പെട്ടിട്ടുണ്ട്. ആഗോളതലത്തിൽ തന്നെ പടർന്നുപിടിച്ചേക്കാവുന്ന ഈ രോഗം വൈറസോ ബാക്ടീരിയയോ ഫംഗസോ വഴി പടരുന്നത് ആകാമെന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്. ഡിസീസ് എക്സിന്റെ തീവ്രതയെക്കുറിച്ചു പറയുമ്പോഴും രോഗത്തെക്കുറിച്ചുള്ള വ്യക്തത ഇല്ലായ്മയാണ് പ്രധാന ആശങ്ക.
വൈറൽ മഹാമാരികളെ സ്ഥിരീകരിക്കാനുള്ള കാലതാമസം കുറയ്ക്കുകയും വാക്സിനുകളും ഫലപ്രദമായ ചികിത്സയും ഉടനടി ലഭ്യമാക്കുകയുമാണ് ഡിസീസ് എക്സിന് പ്രാധാന്യം നൽകുന്നതിലൂടെ ലോകാരാഗ്യ സംഘടന ലക്‌ഷ്യം വെയ്ക്കുന്നത്.