
സ്വന്തം ലേഖകൻ
തിരുവനന്തപുരം: ധനമന്ത്രി കെ.എൻ. ബാലഗോപാൽ അവതരിപ്പിക്കുന്ന ആദ്യ സമ്പൂർണ ബജറ്റ് ഇന്ന്. കോവിഡ് സൃഷ്ടിച്ച പ്രശ്നങ്ങളും കേന്ദ്രത്തിൽനിന്നുള്ള വിഹിതത്തിലെ കുറവും മൂലം സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയെ അഭിമുഖീകരിക്കുന്ന സാഹചര്യത്തിലാണ് ബജറ്റ്.
ജിഎസ്ടി നിലവിൽ വന്നതോടെ സംസ്ഥാനത്തിനു നികുതിനിരക്കുകൾ വർധിപ്പിക്കുന്നതിനുള്ള സാധ്യതകൾ പരിമിതമായി. ഇന്ധനം, മദ്യം, മോട്ടോർ വാഹനം, രജിസ്ട്രേഷൻ തുടങ്ങിയ മേഖലകളിൽ മാത്രമാണ് നികുതി വർധിപ്പിക്കാൻ സാധിക്കുന്നത്. മദ്യം, ഇന്ധനം എന്നിവയ്ക്ക് ഇപ്പോൾതന്നെ ഉയർന്ന നികുതി ഈടാക്കുന്നതിനാൽ വർധനയ്ക്കു സാധ്യതയില്ല. ഭൂമിയുടെ ന്യായവിലയിൽ വർധന വരുത്തിയേക്കും. സർക്കാർ സേവനങ്ങൾക്കുള്ള നിരക്കുകളും വർധിപ്പിച്ചേക്കും.

Whatsapp Group 1 | Whatsapp Group 2 |Telegram Group
വിളകളുടെ വൈവിധ്യവത്കരണത്തിലൂടെ തോട്ടങ്ങളുടെ വരുമാനം വർധിപ്പിക്കാനുള്ള നയം വെള്ളിയാഴ്ച അവതരിപ്പിക്കുന്ന സംസ്ഥാന ബജറ്റിൽ ധനമന്ത്രി കെ.എൻ. ബാലഗോപാൽ അവതരിപ്പിച്ചേക്കും. തോട്ടങ്ങളിൽ ഫലവർഗങ്ങൾ ഉത്പാദിപ്പിച്ച് വൈനും മറ്റു മൂല്യവർധിത ഉത്പന്നങ്ങളും നിർമിക്കാനാണ് പദ്ധതി.
പ്രതീക്ഷകളോടെ കാത്തിരിക്കുകയാണ് കെ എസ് ആർ ടി സി . ബജറ്റിൽ കെ എസ് ആർ ടി സി പ്രതീക്ഷിക്കുന്നത് ചുരുങ്ങിയത് 2000 കോടിയുടെ ധനസഹായമെങ്കിലും ലഭിക്കുമെന്നാണ്.
ക്ഷേമപെൻഷൻ 1600 രൂപയിൽനിന്ന് 1700 രൂപയാക്കാൻ സാധ്യതയുണ്ട്. രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ ആദ്യ പൂർണബജറ്റാണ് വെള്ളിയാഴ്ച അവതരിപ്പിക്കുന്നത്. കഴിഞ്ഞവർഷം മുൻ സർക്കാരിന്റെ അവസാനവർഷത്തെ ബജറ്റിലെ തിരുത്തലുകളാണ് മന്ത്രി ബാലഗോപാൽ അവതരിപ്പിച്ചത്.



