
ശബരിമല: പമ്പയിലും പരിസരപ്രദേശങ്ങളിലും പമ്പ എക്‌സൈസ് റേഞ്ച് സംഘം ഒരാഴ്ചയ്ക്കിടെ നടത്തിയ പരിശോധനയിൽ 171 കോട്പാ കേസുകൾ രജിസ്റ്റർ ചെയ്തു. 34,200 രൂപ പിഴയീടാക്കി. നിരോധിത പുകയില ഉത്പന്നങ്ങൾ, സിഗരറ്റ് എന്നിവ വിറ്റതിനും പൊതുസ്ഥലത്ത് പുകവലിച്ചതിനുമാണ് കേസുകൾ. വിൽപനക്കായി കൊണ്ടുവന്ന അഞ്ചുകിലോ നിരോധിത പുകയില ഉത്പന്നങ്ങൾ, 112 പാക്കറ്റ് സിഗരറ്റ്, 210 പാക്കറ്റ് ബീഡി എന്നിവ പിടികൂടി. ഡിസംബർ 15 മുതൽ 21 വരെ നടത്തിയ പരിശോധനയിലാണ് നടപടി.
ശബരിമലയും പരിസരപ്രദേശങ്ങളും മദ്യം, പുകയില, മറ്റ് ലഹരി വസ്തുക്കൾ എന്നിവയുടെ നിരോധിതമേഖലയായി സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് പമ്പ, നിലയ്ക്കൽ, സന്നിധാനം എന്നിവിടങ്ങളിൽ താത്കാലിക എക്‌സൈസ് റേഞ്ച് ഓഫീസുകൾ സ്ഥാപിച്ചിട്ടുണ്ട്. പമ്പയിലും പരിസരപ്രദേശങ്ങളിലും ഇവയുമായി ബന്ധപ്പെട്ട പരാതികൾ പമ്പ പോലീസ് കൺട്രോൾ റൂമിന് എതിർവശം ദേവസ്വം ബോർഡ് മരാമത്ത് കോംപ്ലക്‌സിൽ പ്രവർത്തിക്കുന്ന താൽക്കാലിക എക്‌സൈസ് റെയ്ഞ്ച് ഓഫീസിൽ അറിയിക്കാം. ഫോൺ: പമ്പ റെയിഞ്ച്: 04735203432. എക്‌സൈസ് കൺട്രോൾ റൂം പമ്പ: 0473 5203332


