play-sharp-fill
വാഹനമുണ്ട് ഓടിക്കാൻ ഡ്രൈവർമാരില്ല ; 732 വാഹനങ്ങൾ ഉള്ള എക്‌സൈസ് വിഭാഗത്തിൽ ഓടിക്കാനുള്ളത് മുന്നൂറിൽ താഴെ ഡ്രൈവർമാർ മാത്രം

വാഹനമുണ്ട് ഓടിക്കാൻ ഡ്രൈവർമാരില്ല ; 732 വാഹനങ്ങൾ ഉള്ള എക്‌സൈസ് വിഭാഗത്തിൽ ഓടിക്കാനുള്ളത് മുന്നൂറിൽ താഴെ ഡ്രൈവർമാർ മാത്രം

സ്വന്തം ലേഖകൻ

കോട്ടയം : ആവശ്യത്തിലധികം വാഹനങ്ങൾ കൊണ്ട് സമ്പന്നമാണ് സംസ്ഥാനത്ത് എക്‌സൈസ് വിഭാഗം. എന്നാൽ എക്‌സൈസ് വിഭാഗത്തിലേക്ക് പുതിയ പുതിയ വാഹനങ്ങൾ വാങ്ങിക്കൂട്ടുമ്പോഴും വാഹനങ്ങൾക്ക് ആവശ്യത്തിനുള്ള ഡ്രൈവർമാരില്ല. സംസ്ഥാനത്താകെ എക്‌സൈസിനുള്ളത് 732 വാഹനങ്ങളാണ്. എന്നാൽ, ഇത് ഓടിക്കാനുള്ളത് മുന്നൂറിൽത്താഴെ ഡ്രൈവർമാർമാത്രം.

എക്‌സൈസിനെ നവീകരിക്കുന്നതിന്റെയും എൻഫോഴ്‌സ്‌മെന്റ് ശക്തിപ്പെടുത്തുന്നതിന്റെയും ഭാഗമായി നവംബറിൽ 14 ടാറ്റാ ഹെക്‌സ വാഹനങ്ങളും 65 മഹീന്ദ്ര ടി.യു.വി. വാഹനങ്ങളുമാണ് സേനയ്ക്കു ലഭിച്ചത്. പുതിയ വാഹനങ്ങൾ എത്തിയപ്പോഴും ഇവ ഓടിക്കേണ്ട ഡ്രൈവർമാരുടെ തസ്തികകൾ കൂട്ടാൻ സർക്കാർ തയ്യാറായില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

277 ഡ്രൈവർമാരുടെ സ്ഥിരം തസ്തികകളാണുള്ളത്. ഇതിൽപ്പോലും ഒട്ടേറെ ഒഴിവുകളുണ്ട്. എക്‌സൈസിന്റെ എൻഫോഴ്‌സ്‌മെന്റ് പ്രവർത്തനത്തെയും ഡ്രൈവർക്ഷാമം ബാധിക്കുന്നു. 15 റെയിഞ്ച് ഓഫീസുകളും ഏഴ് സർക്കിൾ ഓഫീസുകളും എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് ആൻഡ് ആന്റി നാർകോട്ടിക് സ്‌ക്വാഡുകളുമാണ് സംസ്ഥാനത്തുള്ളത്. എറണാകുളം ജില്ലയിൽ 24 സ്ഥിരം ഡ്രൈവർമാരുടെ തസ്തികയാണുള്ളത്.

വാഹനത്തിന്റെ പരിപാലനം നടത്തേണ്ടത് ഡ്രൈവറാണ്. എന്നാൽ ഡ്രൈവർമാരില്ലാത്തതിനെ തുടർന്ന് താത്കാലികമായി വണ്ടിയോടിക്കാനെത്തുന്നവർ വണ്ടിയുടെ പരിപാലനം ശ്രദ്ധിക്കാറില്ല. ഇത് വാഹനങ്ങൾ വേഗം നശിച്ചുപോകാൻ ഇടയാക്കുന്നു.