പതിനാറ് ലിറ്റർ വാറ്റ് ചാരായം പിടിച്ചു; ഒരാൾ അറസ്റ്റിൽ
സ്വന്തം ലേഖകൻ
കോട്ടയം: ഓണത്തിന്റെ റെയ്ഡിൽ 16 ലിറ്റർ വാറ്റ് ചാരായവുമായി ഒരാൾ പിടിയിൽ. ഓണം സ്പെഷ്യൽ ഡ്രൈവിനോടനുബന്ധിച്ച് നടത്തിയ എക്സൈസ് റെയ്ഡിൽ ആർപ്പൂക്കര വാര്യമുട്ടം ഭാഗത്ത് നിന്ന് 16 ലിറ്റർ വാറ്റ് ചാരായവുമായി വാര്യമുട്ടത്ത് വാടകയ്ക്ക് താമസിക്കുന്ന പൈറ്റേട്ട് പറമ്പിൽ വീട്ടിൽ ഓമന എന്ന് വിളിക്കുന്ന ഓമനക്കുട്ടനെ (59 വയസ്) ഏറ്റുമാനൂർ റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ രാഗേഷ് ബി ചിറയാത്തിന്റെ നേതൃത്ത്വത്തിൽ അറസ്റ്റ് ചെയ്തു. ഓണത്തിന് വില്പന നടത്തുന്നതിനായി വീടിന്റ പരിസരത്ത് സൂക്ഷിച്ചിരിക്കുകയായിരുന്നു. ചാരായം കൈവശം വച്ചാൽ 10 വർഷം തടവും ഒരു ലക്ഷം രൂപ. പിഴയും ലഭിക്കാവുന്ന കുറ്റമാണ്. രഹസ്യവിവരത്തെ തുടർന്നായിരുന്നു അറസ്റ്റ്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.റെയ്ഡിൽ പ്രിവന്റീവ് ഓഫീസർമാരായ ബിനോദ്, ജോസ്, സജിമോൻ സിവിൽ ഓഫീസർമാരായ ദീപേഷ്, ജെക്സി, വിനോദ് കുമാർ, ജോബി, അനൂപ്, രഞ്ജിത്ത്, സുരേഷ് ബാബു എന്നിവർ പങ്കെടുത്തു.