യു. പ്രതിഭ എംഎല്‍എയുടെ മകനെതിരായ കഞ്ചാവ് കേസ് : എക്സൈസ് ഉദ്യോഗസ്ഥരെ വിളിച്ച്‌ വരുത്തി മൊഴിയെടുത്തു

Spread the love

ആലപ്പുഴ : യു പ്രതിഭ എംഎല്‍എയുടെ മകനെതിരെ കഞ്ചാവ് കേസെടുത്ത ഉദ്യോഗസ്ഥരെ വിളിച്ച്‌ വരുത്തി മൊഴിയെടുത്തു.

യു പ്രതിഭ നല്‍കിയ പരാതിയെ തുടർന്നാണ് നടപടി. കുട്ടനാട് എക്സൈസ് സിഐ ജയരാജ്, റേഞ്ച് ഇൻസ്പെക്ടർ അനില്‍കുമാർ എന്നിവരുടെ മൊഴിയാണ് ആലപ്പുഴ എക്സൈസ് അസി. കമ്മീഷണർ അശോക് കുമാർ രേഖപ്പെടുത്തിയത്. ആലപ്പുഴ അസി. എക്സൈസ് കമ്മീഷണർ അന്വേഷണ റിപ്പോർട്ട് സംസ്ഥാന എക്സൈസ് കമ്മീഷണർക്ക് നല്‍കും. ഇതിൻ്റെ അടിസ്ഥാനത്തിലാകും തുടർനടപടികള്‍.

ഡിസംബർ 28നാണ് ആലപ്പുഴ തകഴിയില്‍ നിന്ന് യു പ്രതിഭ എം എല്‍എയുടെ മകൻ കനിവ് ഉള്‍പ്പടെ ഒൻപത് പേരെ കുട്ടനാട് എക്സൈസ് സംഘം പിടികൂടിയത്. കഞ്ചാവ് കൈവശം വച്ചതിനും പൊതു സ്ഥലത്ത് കഞ്ചാവ് ഉപയോഗിച്ചതിനുമായിരുന്നു കേസെടുത്തത്. കേസില്‍ ഒൻപതാം പ്രതിയായിരുന്നു കനിവ്. ജാമ്യം കിട്ടുന്ന വകുപ്പുകളായതിനാല്‍ സ്റ്റേഷൻ ജാമ്യത്തില്‍ വിടുകയും ചെയ്തു. സംഭവം വാർത്തയായതോടെ മകൻ കഞ്ചാവ് ഉപയോഗിച്ചിട്ടില്ലെന്നും വ്യാജ വാർത്തയാണെന്നുമുള്ള വാദവുമായി യു പ്രതിഭ പരസ്യമായി രംഗത്തെത്തി. പിന്നാലെ കേസിന്റെ എഫ്‌ഐആർ ഉള്‍പ്പടെ പുറത്ത് വന്നതോടെ വിവാദം രൂക്ഷമായി. നിയമസഭയിലും സി പി എം ജില്ലാ സമ്മേളനത്തിലും എക്സൈസ് ഉദ്യോഗസ്ഥർക്കെതിരെ യു പ്രതിഭ രൂക്ഷമായ വിമർശനം ഉന്നയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം, എംഎല്‍എയുടെ മകനെതിരായ കഞ്ചാവ് കേസിന് പിന്നാലെ ആലപ്പുഴ എക്സൈസ് ഡെപ്യൂട്ടി കമ്മിഷണറെ സ്ഥലം മാറ്റിയത് വിവാദമായിരുന്നു. എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ പി.കെ ജയരാജിനെ സ്ഥലംമാറ്റിയത് നേരത്തെ തീരുമാനിച്ചപ്രകാരമെന്നായിരുന്നു അന്ന് എക്സൈസിന്റെ വിശദീകരണം.