
സ്വന്തം ലേഖകൻ
തിരുവനന്തപുരം : പിഎസ്‌സി വകുപ്പുതല പരീക്ഷകൾ എഴുതാനെന്ന പേരിൽ അവധിയെടുത്ത എക്സൈസ് ഉദ്യോഗസ്ഥ ഹാജരാക്കിയത് വ്യാജ ഹാജർ സർട്ടിഫിക്കറ്റ് എന്ന് വിജിലൻസ് കണ്ടെത്തൽ. ആലപ്പുഴ കാർത്തികപ്പള്ളി റേഞ്ച് ഓഫിസിലെ സിവിൽ എക്സൈസ് ഓഫിസർ ബി.എസ്.സംഗമിത്രയ്ക്ക് എതിരെയാണ് എക്സൈസ് വിജിലൻസ് ഓഫിസർ റിപ്പോർട്ട് നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിൽ അച്ചടക്ക നടപടിക്കു മുന്നോടിയായി എക്സൈസ് കമ്മിഷണർ വിശദീകരണം തേടി.
പിഎസ്‌സി 2023 ജനുവരിയിൽ വിജ്ഞാപനം ചെയ്ത പരീക്ഷകൾക്കാണ് സംഗമിത്ര അപേക്ഷ നൽകിയിരുന്നത്. ഇതിൽ ആലപ്പുഴ കാർമൽ പോളിടെക്നിക് കോളജിൽ 4 പരീക്ഷകളിൽ ഇവർ പങ്കെടുത്തു. എന്നാൽ, ഇവർ പരീക്ഷയ്ക്ക് അപേക്ഷിക്കുകയോ ഹാജരാകുകയോ ചെയ്യാത്ത 3 പരീക്ഷകളിൽ പങ്കെടുത്തെന്നു കാട്ടി എക്സൈസ് ഇൻസ്പെക്ടർക്കു ഹാജർ സർട്ടിഫിക്കറ്റ് നൽകിയിരുന്നു. ഈ ദിവസങ്ങളിലെ അവധി ഡ്യൂട്ടിയായി കാണിക്കുന്നതിനാണ് പങ്കെടുക്കാത്ത പരീക്ഷയിൽ പങ്കെടുത്തെന്നു കാണിക്കുന്ന രേഖ പിഎസ്‌സി ഉദ്യോഗസ്ഥരുടെ പേരിൽ വ്യാജമായി തയാറാക്കിയതെന്നു വിജിലൻസ് റിപ്പോർട്ടിൽ പറയുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഈ ഉദ്യോഗസ്ഥ കഴിഞ്ഞ 2 വർഷം എടുത്ത അവധികളും അതിനായി സമർപ്പിച്ച രേഖകളും വിശദമായി പരിശോധിക്കാൻ എക്സൈസ് കമ്മിഷണർ ആലപ്പുഴ ഡപ്യൂട്ടി എക്സൈസ് കമ്മിഷണർക്ക് ഉത്തരവു നൽകി. പതിവായി ഇത്തരത്തിൽ വ്യാജരേഖകൾ സമർപ്പിക്കുന്നുണ്ടോയെന്നു കണ്ടെത്തുന്നതിനാണ് 2 വർഷത്തെ രേഖകൾ പരിശോധിക്കാൻ നിർദേശം നൽകിയതെന്നു കമ്മിഷണറുടെ ഉത്തരവിൽ പറയുന്നു.



