തേർഡ് ഐ ബ്യൂറോ
കോട്ടയം: കുമരകത്ത് എക്‌സൈസ് സംഘം നടത്തിയ മിന്നൽ റെയിഡിൽ എട്ടര ലിറ്റർ ചാരായവും 30 ലിറ്റർ കോടയുമായി രണ്ടു പേരെ പിടികൂടി. കുമരകത്തു നിന്നും ജില്ലയുടെ വിവിധ ഭാഗങ്ങളിലേയ്ക്കു വാറ്റും ചാരായവും എത്തിക്കുന്ന സംഘത്തിലെ പ്രധാനികളെയാണ് എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തത്.
കുമരകം അമ്മങ്കരി കരോട്ട് കായൽ വീട്ടിൽ ബാബുമോൻ (43), അയ്മനം ചീപ്പുങ്കൽ കരയിൽ ഇടച്ചിറ വീട്ടിൽ അനീഷ് ടി.പി (44) എന്നിവരെയാണ് കോട്ടയം എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് ആൻഡ് ആന്റി നാർക്കോട്ടിക്ക് സ്‌ക്വാഡ് എക്‌സൈസ് ഇൻസ്‌പെക്ടർ വി.പി .അനൂപും സംഘവും ചേർന്നു പിടികൂടിയത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അനീഷ് നിർമ്മിച്ചു നൽകുന്ന വാറ്റ് ചാരായം ബാബുമോൻ വിവിധ സ്ഥലങ്ങളിൽ എത്തിച്ചു വിൽക്കുകയാണ് ചെയ്തിരുന്നത്. ബാബുമോന്റെ വീട്ടിൽ വിൽപ്പനയക്കായി സൂക്ഷിച്ചിരുന്ന അഞ്ചു ലിറ്റർ ചാരായം പിടിച്ചെടുത്തു. ഇയാളെ ചോദ്യം ചെയ്തതിൽ നിന്നാണ് അയ്മനം ചീപ്പുങ്കൽ സ്വദേശി അനീഷിന്റെ കൈയ്യിൽ നിന്നും ലിറ്റർ ഒന്നിന് 1500 രൂപ നിരക്കിൽ ചാരായം വാങ്ങി 2500 രൂപയ്ക്ക് മറിച്ച് വിൽപ്പന നടത്തി വരികയായിയിരുന്നുവെന്നു കണ്ടെത്തിയത്.
തുടർന്ന് അനീഷിന്റെ വീട്ടിൽ നിന്നും 3.5 ലിറ്റർ ചാരായവും, 30 ലിറ്റർ കോടയും പിടിച്ചെടുത്തു. അനീഷിനെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ലോക്ക് ഡൗൺ മദ്യ നിരോധനത്തിന്റെ സാഹചര്യത്തിൽ അനീഷ് വൻതോതിൽ ചാരായം നിർമ്മാണം നടത്തി വരികയായിരുന്നു.ടി അനീഷിനെക്കുറിച്ച് ഇന്റലിജൻസ് ബ്യൂറോ രഹസ്യ വിവരം നൽകിയിരുന്നു.
ബാബു മോനെ കോട്ടയം റേഞ്ചിലും അനീഷിനെ ഏറ്റുമാനൂർ റേഞ്ചിലും മേൽ നടപടികൾക്കായി ഹാജരാക്കി. റെയിഡിൽ പ്രിവന്റീവ് ആഫീസർ എം.എസ് അജിത്ത് കുമാർ , രാജീവൻ പിള്ള, സിവിൽ എക്‌സൈസ് ആഫീസർമാരായ ,ലാലു തങ്കച്ചൻ, സാജു പി.എസ് ,വനിത സിവിൽ എക്‌സൈസ് ഓഫീസർ അഞ്ജു പി.എസ് എന്നിവർ പങ്കെടുത്തു.