play-sharp-fill
എക്സൈസ് ഇൻസ്പെക്ടറും സംഘവും വള്ളത്തിൽ മീൻ പിടുത്തക്കാരായി: ഒന്നര ലിറ്റർ ചാരായവും 120 ലിറ്റർ കോടയും വാറ്റുപകരണങ്ങളുമായി നാട്ടകത്ത് ഒരാൾ അറസ്റ്റിൽ

എക്സൈസ് ഇൻസ്പെക്ടറും സംഘവും വള്ളത്തിൽ മീൻ പിടുത്തക്കാരായി: ഒന്നര ലിറ്റർ ചാരായവും 120 ലിറ്റർ കോടയും വാറ്റുപകരണങ്ങളുമായി നാട്ടകത്ത് ഒരാൾ അറസ്റ്റിൽ

സ്വന്തം ലേഖകൻ

കോട്ടയം: ലോക്ക് ഡൗൺ കാലത്ത് ഈസ്റ്റർ വിപണി ലക്ഷ്യമിട്ട് ചാരായം വാറ്റാനിറങ്ങിയ നാട്ടകത്ത് സ്വദേശിയെ മീൻ പിടുത്തക്കാർ എന്ന വ്യാജേനെ എത്തിയ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. ഈസ്റ്റർ,വിഷു വിപണിമുന്നിൽ കണ്ട് വീട്ടിൽ വൻതോതിൽ ചാരായം നിർമ്മാണം നടത്തിയിരുന്ന നാട്ടകം പള്ളം മലയിൽ ചിറ വീട്ടിൽ മോശ മകൻ എം.എം ജോസിനെ (മോനായി – 55) യാണ് എക്സൈസ് പിടികൂടിയത്.


എക്സൈസ് എൻഫോഴ്സ്മെൻ്റ് ആൻ്റ് ആൻ്റി നാർക്കോട്ടിക്ക് സ്പെഷ്യൽ സ്ക്വാഡിലെ എക്സൈസ് ഇൻസ്പെക്ടർ വി.പി. അനൂപിന്റെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിലാണ് ഇയാൾ പിടിയിലായത്. മീൻപിടുത്തക്കാർ എന്ന വ്യാജേനെ എക്സൈസ് സംഘം കായലിലൂടെ സഞ്ചരിക്കുകയായിരുന്നു. എക്സൈസ് ഉദ്യോഗസ്ഥർ ചൂണ്ടക്കാർ എന്ന വ്യാജേന വള്ളത്തിലാണ് ഇയാളുടെ വീട്ടിലെത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചാരായം വാറ്റിക്കൊണ്ടിരുന്ന ഇയാൾ എക്‌സൈസിനെ കണ്ട് തിരിച്ചറിഞ്ഞ് ഓടിരക്ഷപെടാൻ ശ്രമിച്ചെങ്കിലും ഉദ്യോഗസ്ഥർ ടിയാനെ പിന്തുടർന്ന് പിടികൂടി.

വർഷങ്ങളായി ഇയാൾ എക്സൈസിനെയും, പോലിസിനെ വെട്ടിച്ച് ചാരായം നിർമ്മിച്ച് വിൽപ്പന നടത്തി വരികയായിരുന്നു. ഇയാളുടെ വീട്ടിൽ നിന്നും ഒന്നര ലിറ്റർ ചാരായവും, 120 ലിറ്റർ കോടയും, വാറ്റ് ഉപകരണങ്ങളും കണ്ടെടുത്തു.

പള്ളം കരിമ്പിൻ കാലാ കടവിൽ നിന്നും കൊടൂരാർ കടന്ന് 2 കിലോമീറ്റർ പാടവരമ്പിലൂടെ നടന്ന് വേണം ഇയാളുടെ വീട്ടിലെത്താൻ.
എക്സൈസ് ഇൻറലിജെൻസ് ഇൻസ്പെക്ടർ എൻ.വി സന്തോഷ് കുമാറിന് ലഭിച്ച വിവര ത്തിൻ്റെയടിസ്ഥാനത്തിൽ സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ ടി.വി ദിവാകരന്റെ നിർദ്ദേശാനുസരണമാണ് റെയിഡ് നടന്നത്.

എക്സൈസ് ഇൻസ്പെക്ടർ വി.പി അനൂപിന്റെ നേതൃത്വത്തിൽ പ്രിവന്റീവ് ഓഫീസർ എം.എസ്. അജിത് കുമാർ, ഗിരീഷ് കുമാർ, സിവിൽ എക്സൈസ് ഓഫിസർമാരായ പ്രവീൺ. പി. നായർ, ലാലു തങ്കച്ചൻ, എസ്. സുരേഷ്, ജീമോൻ, വനിതാ സിവിൽ എക്സൈസ് ഓഫിസർ വിജയരശ്മി. വി എന്നിവരും റെയ്ഡിൽ പങ്കെടുത്തു. പ്രതിയെയും തൊണ്ടി വകകളും കോട്ടയം എക്സൈസ് റേഞ്ച് ഓഫീസിൽ ഹാജരാക്കി.