നാളെ നടക്കുന്ന പരീക്ഷയുടെ ചോദ്യപേപ്പറും ഉത്തരങ്ങളും വില്‍പ്പനയ്ക്കെന്ന് പരസ്യം; സംഘങ്ങളെ തേടി സൈബര്‍ ക്രൈം പോലീസ്; കേസെടുത്ത് അന്വേഷണം ആരംഭിച്ചു

Spread the love

തിരുവനന്തപുരം: നാളെ നടക്കുന്ന പരീക്ഷയുടെ ചോദ്യപേപ്പറും ഉത്തരങ്ങളും വില്‍പ്പനയ്ക്കെന്ന് സമൂഹ മാധ്യമങ്ങളില്‍ പരസ്യം ചെയ്ത സംഘങ്ങളെ തേടി പൊലീസ്.

സംഭവത്തില്‍ തിരുവനന്തപുരം സിറ്റി സൈബർ ക്രൈം പോലീസ് കേസ് രജിസ്റ്റർ ചെയ്തു. നാഷണല്‍ ബോർഡ് ഓഫ് എക്സാമിനേഷൻ നടത്തുന്ന ഫോറിൻ മെഡിക്കല്‍ ഗ്രാജുവേറ്റ് എക്സാമിനേഷൻ (എഫ് എം ജി ഇ) എന്ന പരീക്ഷയുടെ ചോദ്യപേപ്പർ പണം നല്‍കിയാല്‍ ലഭിക്കും എന്നായിരുന്നു ടെലഗ്രാം ഗ്രൂപ്പില്‍ പരസ്യം നല്‍കിയത്.

വിദേശത്ത് എംബിബിഎസ് പഠനം പൂർത്തിയാക്കിയശേഷം ഇന്ത്യയില്‍ പ്രാക്ടീസ് ചെയ്യാൻ ആഗ്രഹിക്കുന്നവർക്കായി നടത്തുന്ന പരീക്ഷയാണ് എഫ് എം ജി ഇ. ജൂലൈ ആറിനു നടക്കുന്ന പരീക്ഷയുടെ ചോദ്യപേപ്പറും ഉത്തരങ്ങളും ആണ് വില്‍പ്പനയ്ക്ക് എന്ന പേരില്‍ ടെലഗ്രാം ഗ്രൂപ്പുകളില്‍ പരസ്യം ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ദി പബ്ലിക് എക്സാമിനേഷൻ (പ്രിവൻഷൻ ഓഫ് അണ്‍ഫെയർ മീൻസ്) ആക്‌ട് 2024 പ്രകാരമാണ് കേസെടുത്തത്. ഈ നിയമം ചുമത്തി രജിസ്റ്റർ ചെയ്യുന്ന സംസ്ഥാനത്തെ ആദ്യത്തെ കേസാണിത്.

ഇത്തരം തട്ടിപ്പുകള്‍ കണ്ടെത്തുന്നതിന്റെ ഭാഗമായി വിവിധ ടെലഗ്രാം ചാനലുകള്‍ ഉള്‍പ്പെടെയുള്ള സാമൂഹ്യ മാധ്യമങ്ങളില്‍ 24 മണിക്കൂറും സൈബർ പട്രോളിങ് ആരംഭിച്ചതായി പൊലീസ് സൈബർ ഡിവിഷൻ അറിയിച്ചു. നീറ്റ് പരീക്ഷ വിവാദമടക്കം കത്തി നില്‍ക്കുന്ന സമയത്താണ് ഇത്തരം തട്ടിപ്പ് സംഘങ്ങള്‍ വീണ്ടും സജീവമായിരിക്കുന്നത്.