
പത്താം ക്ലാസ് പരീക്ഷയെഴുതി നിൽക്കുന്ന പതിനഞ്ചുകാരി മൂന്നു മാസം ഗർഭിണി: പ്രതി പതിനേഴുകാരൻ; സംഭവം കുമരകത്ത്
സ്വന്തം ലേഖകൻ
കോട്ടയം: പത്താംക്ലാസ് പരീക്ഷയെഴുതിയ പതിനഞ്ചുകാരി മൂന്നു മാസം ഗർഭിണി. പ്രതി അയൽവാസിയായ പതിനേഴുകാരൻ. സംഭവം കുമരകത്ത്. പരാതി നേരത്തെ നൽകിയിട്ടും, പീഡക്കേസിൽ അറസ്റ്റ് അടക്കം സിഐ വൈകിപ്പിക്കുകയാണെന്നും ആരോപണം ഉയർന്നിട്ടുണ്ട്.
പത്താം ക്ലാസ് വിദ്യാർത്ഥിയായ പെൺകുട്ടി മൂന്നു മാസം ഗർഭിണിയാണെന്ന വിവരം കഴിഞ്ഞ ദിവസമാണ് വീട്ടുകാർ അറിഞ്ഞത്. തുടർന്ന് ഇവർ പ്രദേശത്തെ സിപിഎം നേതൃത്വത്തെ വിവരം അറിയിച്ചു. പെൺകുട്ടിയെ പ്രദേശവാസിയായ പതിനേഴുകാരനാണ് പീഡിപ്പിച്ചതെന്നായിരുന്നു ബന്ധുക്കളുടെ പരാതി. വിവരം അറിഞ്ഞ സിപിഎം പ്രാദേശിക നേതൃത്വം പരാതി കുമരകം സ്റ്റേഷൻ ഹൗസ് ഓഫിസർ സിഐ ശിവകുമാറിനെ അറിയിച്ചു. ശനിയാഴ്ച രാവിലെ തന്നെ പരാതി ലഭിച്ചിട്ടും സിഐ അടക്കമുള്ള ഉദ്യോഗസ്ഥർ കാര്യമായ നടപടി സ്വീകരിച്ചില്ലെന്ന് ആരോപണം ഉയർന്നിട്ടുണ്ട്. പീഡനത്തിന് ഇരയായ കുട്ടിയുടെ മൊഴി രേഖപ്പെടുത്താൻ തയ്യാറാകാതിരുന്ന സിഐ പ്രതിയെ രക്ഷപെടാൻ സഹായിക്കുകയായിരുന്നുവെന്ന ആരോപണമാണ് നാട്ടുകാർ ഉന്നയിക്കുന്നത്. പ്രതിഷേധത്തെ തുടർന്ന് രാത്രിയിൽ പ്രശ്‌നത്തിൽ ഇടപെട്ട സിഐ രാത്രി എട്ടു മണിയോടെ മൊഴി രേഖപ്പെടുത്തുകയായിരുന്നു.
എന്നാൽ, പെൺകുട്ടിയും യുവാവും തമ്മിൽ അടുപ്പത്തിലായിരുന്നെന്നും, ഇതു സംബന്ധിച്ചു നേരത്തെ തന്നെ കുമരകം പൊലീസ് സ്റ്റേഷനിൽ പരാതി നിലവിലുള്ളതാണെന്നുമാണ് കുമരകം എസ്്എച്ച്ഒ സിഐ ശിവകുമാറിന്റെ വാദം. സംഭവം വിവാദമായതോടെ സിഐയ്‌ക്കെതിരെ നടപടിയെടുക്കണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്. ഞായറാഴ്ച രാവിലെ ജില്ലാ പൊലീസ് മേധാവി അടക്കമുള്ളവർക്ക് സിഐയ്‌ക്കെതിരെ പരാതി നൽകാൻ ഒരുങ്ങുകയാണ് കുട്ടിയുടെ ബന്ധുക്കൾ.