കൊച്ചുമകളെ പീഡിപ്പിച്ചതിന് കേസ് :ഉത്തരാഖണ്ഡ് മുൻ മന്ത്രി ജീവനൊടുക്കി
സ്വന്തം ലേഖകൻ
ഡൽഹി: ഉത്തരാഖണ്ഡ് മുൻ മന്ത്രി രാജേന്ദ്ര ബഹുഗുണയെ (59) ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. വീടിനു സമീപം നിർമിച്ച വെള്ള ടാങ്കിൽ കയറി സ്വയം വെടിവെച്ചുവെന്നാണ് പുറത്തുവരുന്ന വിവരം. തന്റെ മകളെ പീഡിപ്പിച്ചെന്നാരോപിച്ച്, മരുമകൾ പരാതിനൽകി മൂന്നു ദിവസത്തിന് ശേഷമാണ് സംഭവം. ബഹുഗുണയ്ക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തിരുന്നു.
സംഭവത്തിന് മുമ്പ്, 112 എന്ന അടിയന്തര നമ്പറിൽ പോലീസിനെ വിളിച്ച് ആത്മഹത്യ ചെയ്യാൻ പോവുകയാണന്ന് അദ്ദേഹം അറിയിച്ചു. പോലീസ് വീട്ടിലെത്തുമ്പോഴേക്കും ബഹുഗുണ ടാങ്കിന് മുകളിൽ കയറിയിരുന്നു. പോലീസ് എത്തി താഴെയിറക്കാൻ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. ആളുകൾ നോക്കിനിൽക്കേ തോക്കെടുത്ത് സ്വയം വെടിയുതിർക്കുകയായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കോൺഗ്രസ് എം.എൽ.എയായിരുന്ന രാജേന്ദ്ര ബഹുഗുണ 2004-05 കാലത്ത് എൻ.ഡി. തിവാരി മന്ത്രിസഭയിൽ ഗതാഗത സഹമന്ത്രിയായിരുന്നു.കൊച്ചുമകളെ പീഡിപ്പിച്ച കേസിന് പുറമെ മറ്റൊരു കേസ് കൂടി ഇയാളുടെ പേരിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. തന്നോട് മോശമായി പെരുമാറിയെന്ന് കാണിച്ച് അയൽവാസിയായ സ്ത്രീ നൽകിയ പരാതിയിലാണ് കേസ്. ഭീഷണിപ്പെടുത്തിയെന്നും അക്രമിച്ചെന്നും അയൽവാസി ആരോപിച്ചിട്ടുണ്ട്. ഇതിനിടെ ആത്മഹത്യാ പ്രേരണയ്ക്ക് രാജേന്ദ്ര ബഹുഗുണയുടെ മരുമകളുടെ പേരിലും കേസെടുത്തിട്ടുണ്ട്.