
സ്വന്തം ലേഖകൻ
ബ്രസല്‍സ്: പ്രൈമറി സ്‌കൂളില്‍ പഠിക്കവേ അപമാനിച്ച അധ്യാപികയെ മുപ്പതുകൊല്ലത്തിനു ശേഷം കുത്തിക്കൊലപ്പെടുത്തി യുവാവ്. പടിഞ്ഞാറന്‍ യൂറോപ്യന്‍ രാജ്യമായ ബെല്‍ജിയത്തിലാണ് സംഭവം.
ഗണ്ടര്‍ യുവെന്റസ് എന്ന യുവാവാണ് അധ്യാപിക മരിയ വെര്‍ലിന്‍ഡ(59)നെ കൊലപ്പെടുത്തിയ കാര്യം പോലീസിന് മുന്നില്‍ സമ്മതിച്ചത്. 2020-ലാണ് മരിയ കൊല്ലപ്പെടുന്നത്.
1990-ല്‍, ഏഴുവയസ്സുകാരനായിരുന്ന തന്നെക്കുറിച്ച് മരിയ ക്ലാസില്‍ നടത്തിയ ചില പരാമര്‍ശങ്ങളില്‍നിന്ന് പിന്നീട് ഒരിക്കലും മോചനം നേടാന്‍ കഴിഞ്ഞിരുന്നില്ലെന്ന് യുവെന്റസ് പോലീസിനോടു പറഞ്ഞു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
2020 നവംബര്‍ 20-ന് ഹെരെന്റല്‍സിലെ സ്വന്തംവീട്ടില്‍വെച്ചാണ് മരിയ കൊല്ലപ്പെട്ടത്. ബെല്‍ജിയന്‍ പോലീസ് വ്യാപക അന്വേഷണം നടത്തിയിട്ടും ആരാണ് കൊലപാതകി എന്ന് കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.
കൊലപാതകിയെ കണ്ടെത്താന്‍ ഡി.എന്‍.എ. സാമ്പിളുകള്‍ ശേഖരിച്ച് പരിശോധനയും നടത്തിയിരുന്നു. തുടര്‍ന്ന് മരിയയുടെ ഭര്‍ത്താവ്, സാക്ഷികള്‍ ആരെങ്കിലുമുണ്ടെങ്കില്‍ മുന്നോട്ടുവരണമെന്ന് പൊതുജനങ്ങളോട് അഭ്യര്‍ഥിക്കുകയും ചെയ്തിരുന്നു.
മാധ്യമ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത് മരിയയ്ക്ക് 101 വട്ടം കുത്തേറ്റിരുന്നു എന്നാണ്. ഇവരുടെ പണം സൂക്ഷിച്ചിരുന്ന പഴ്‌സ് നഷ്ടപ്പെടാതിരുന്നത്, കൊലപാതകം മോഷണശ്രമത്തിനിടെ സംഭവിച്ചതല്ലായെന്നും വ്യക്തമാക്കിയിരുന്നു.
മരിയ കൊല്ലപ്പെട്ട് 16 മാസങ്ങള്‍ക്കു ശേഷം യുവെന്റസ് ഒരു സുഹൃത്തിനോട് കൊലപാതകത്തിന്റെ കാര്യം പറഞ്ഞു. ഈ സുഹൃത്ത് പോലീസില്‍ അറിയിച്ചതിന് പിന്നാലെ, ഞായറാഴ്ചയാണ് യുവെന്റസ് പിടിയിലായത്. ചൊവ്വാഴ്ച കോടതിയില്‍ ഹാജരാക്കിയ യുവെന്റസിനെ കൊലപാതക കുറ്റം ചുമത്തി കസ്റ്റഡിയില്‍ വിട്ടു.



