പത്രവായന മൂല്യനിർണയത്തിൽ ഉൾപ്പെടുത്താൻ ശുപാർശ, പൊതുപരീക്ഷയിൽ ആനുകാലിക ചോദ്യങ്ങൾ ഉൾപ്പെടുത്തും, വിവരങ്ങൾ ജൂണിൽ വിദ്യാലയങ്ങൾക്ക് നൽകണമെന്ന് നിർദേശം
തിരുവനന്തപുരം: പൊതുവിദ്യാലയങ്ങളിൽ നിരന്തര മൂല്യനിർണയത്തിന്റെ ഭാഗമായി പത്രവായനയും അനുബന്ധ പ്രവർത്തനങ്ങളും ഉൾപ്പെടുത്താൻ ശുപാർശ. ഇതുസംബന്ധിച്ച് സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതി (എസ്.സി.ഇ.ആർ.ടി) വിദ്യാഭ്യാസ മന്ത്രിക്ക് റിപ്പോർട്ട് സമർപ്പിച്ചു.
പത്രവായനയുമായി ബന്ധപ്പെട്ട അക്കാദമിക പ്രവർത്തനങ്ങൾ മൂല്യനിർണയത്തിൽ ഉൾപ്പെടുത്തണമെന്നും എസ്.സി.ഇ.ആർ.ടി അസസ്മെൻറ് സെൽ തയാറാക്കുന്ന വിലയിരുത്തൽ മാർഗനിർദേശത്തിൽ ഉൾപ്പെടുത്താനുമാണ് ശുപാർശ നൽകിയിരിക്കുന്നത്.
പൊതുപരീക്ഷയിൽ ആനുകാലികമായ വായനയെ പ്രോത്സാഹിപ്പിക്കുന്ന രീതിയിലുള്ള അപഗ്രഥനാത്മക/വിശകലനാത്മക ചോദ്യങ്ങൾ ഉൾപ്പെടുത്തണം. പദ്ധതിയുടെ ചുമതല സ്കൂൾതലത്തിൽ വിദ്യാരംഗം കലാസാഹിത്യവേദിയുമായി ബന്ധപ്പെടുത്തി നടത്തണം എന്നിങ്ങനെയുള്ള കാര്യങ്ങളാണ് ശുപാർശയിൽ പറയുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പത്രവായന പ്രോത്സാഹിപ്പിക്കാൻ വിപുലമായ പദ്ധതികളാണ് റിപ്പോർട്ടിലുള്ളത്. സാമൂഹികശാസ്ത്രം ഉൾപ്പെടെ എല്ലാ വിഷയങ്ങളിലും പഠന സാമഗ്രികളായി പത്രവാർത്തകൾ, മുഖപ്രസംഗങ്ങൾ തുടങ്ങിയവ സന്ദർഭോചിതമായി പ്രയോജനപ്പെടുത്തണമെന്നും വ്യക്തമാക്കുന്നു.
അധ്യാപകർ മുൻകൂട്ടി രേഖപ്പെടുത്തി നൽകുന്ന വാർത്തകൾ സ്കൂൾ അസംബ്ലിയിൽ വായിക്കുന്നതും വാർത്തകളെ അടിസ്ഥാനമാക്കി ചിത്രങ്ങൾ വരക്കുന്നതും അനുബന്ധ പ്രവർത്തനങ്ങളായി ഉൾപ്പെടുത്തിയിട്ടുണ്ട്.
പൊതുമാർഗരേഖയെ അടിസ്ഥാനമാക്കി ഓരോ ക്ലാസിലും നടക്കേണ്ട വായന പരിപോഷണ പ്രവർത്തനങ്ങൾ സംബന്ധിച്ച വിവരങ്ങൾ ജൂണിൽ വിദ്യാലയങ്ങൾക്ക് നൽകണമെന്നാണ് നിർദേശം. വായന പോഷണ പരിപാടിയുടെ അക്കാദമിക ചുമതല എസ്.സി.ഇ.ആർ.ടിക്കായിരിക്കും.