
സിഇ മാർക്കിന് ക്ലാസ് പരീക്ഷകൾ നിർണായകം; വിദ്യാർത്ഥികളുടെ പഠനമികവ് വിലയിരുത്താൻ ഓരോ പാദത്തിലും രണ്ട് ക്ലാസ് പരീക്ഷകൾ; എഴുത്തുപരീക്ഷക്ക് പുറമെ ഓപൺ ബുക്ക് പരീക്ഷയും; അക്ഷരത്തെറ്റും വ്യാകരണ പിഴവുമില്ലാതെയുള്ള എഴുത്തിനും പ്രാധാന്യം
തിരുവനന്തപുരം: സിഇ മാർക്കിന് പ്രധാനമായി പരിഗണിക്കുന്ന ഘടകങ്ങളിലൊന്ന് ക്ലാസ് പരീക്ഷകളായിരിക്കും. പഠന ലക്ഷ്യങ്ങളുമായി ബന്ധപ്പെട്ട ആശയങ്ങൾ, ധാരണകൾ, ശേഷികൾ, നൈപുണികൾ, മൂല്യങ്ങൾ, മനോഭാവങ്ങൾ എന്നിവ വിദ്യാർത്ഥി നേടിയത് ക്ലാസ് പരീക്ഷയിലൂടെ വിലയിരുത്തും.
ഇതിനായി ഓരോ പാദത്തിലും രണ്ട് ക്ലാസ് പരീക്ഷകളാണ് നിർദേശിച്ചിരിക്കുന്നത്. നിലവിലെ എഴുത്തുപരീക്ഷക്ക് പുറമെ, തുറന്ന പുസ്തക പരീക്ഷ (ഓപൺ ബുക്ക് പരീക്ഷ), കുട്ടിക്ക് ആത്മവിശ്വാസമുള്ള സമയത്ത് മാത്രം നടത്തുന്ന ഓൺ ഡിമാൻഡ് പരീക്ഷ, വീട്ടിൽവെച്ച് എഴുതാവുന്ന പരീക്ഷ, ഓൺലൈൻ പരീക്ഷ എന്നിവയും നിർദേശിക്കപ്പെട്ടിട്ടുണ്ട്.
വിദ്യാർത്ഥിയെ ബഹുമുഖമായി വിലയിരുത്തുന്നതിന് അഭിമുഖം, വാചാപരീക്ഷ, പ്രായോഗിക പരീക്ഷ, തുറന്ന ചോദ്യാവലി, പ്രകടന വിലയിരുത്തൽ, അവതരണങ്ങൾ, നിരീക്ഷണ രീതി, ഗവേഷണ രീതി, സ്വയം വിലയിരുത്തൽ, പരസ്പരം വിലയിരുത്തൽ, ഗ്രൂപ് വർക്ക്, പ്രശ്നോത്തരികൾ തുടങ്ങിയ രീതികളാണ് നിർദേശിച്ചിരിക്കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ക്ലാസ് പരീക്ഷയിൽ വിദ്യാർത്ഥിയെ വിലയിരുത്തുന്നതിനുള്ള സൂചകങ്ങളിൽ അക്ഷരത്തെറ്റും വ്യാകരണ പിഴവുമില്ലാതെ എഴുതാനുള്ള കഴിവ് എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്. പത്താം ക്ലാസ് പാസായ വിദ്യാർത്ഥികൾക്കുപോലും അക്ഷരത്തെറ്റില്ലാതെ എഴുതാൻ അറിയില്ലെന്ന വിമർശനം നിലനിൽക്കെയാണ് ഇത് സിഇ മാർക്ക് നൽകുന്നതിനുള്ള മാനദണ്ഡങ്ങളിൽ ഉൾപ്പെടുത്തിയത്.