play-sharp-fill
ഏറ്റുമാനൂരിൽ സ്ഥിതി അതീവ ഗുരുതരം: അറുപത് പേരെ പരിശോധിച്ചപ്പോൾ 33 പേർക്കും കൊവിഡ്; ഇനി എന്ത് ചെയ്യണമെന്നറിയാതെ ആരോഗ്യ വിഭാഗം; പേരൂർ റോഡ് അടിയന്തരമായി അടച്ചു

ഏറ്റുമാനൂരിൽ സ്ഥിതി അതീവ ഗുരുതരം: അറുപത് പേരെ പരിശോധിച്ചപ്പോൾ 33 പേർക്കും കൊവിഡ്; ഇനി എന്ത് ചെയ്യണമെന്നറിയാതെ ആരോഗ്യ വിഭാഗം; പേരൂർ റോഡ് അടിയന്തരമായി അടച്ചു

സ്വന്തം ലേഖകൻ

ഏറ്റുമാനൂർ: ഒരിടവേളയ്ക്കു ശേഷം ഏറ്റുമാനൂരിൽ കൊവിഡ് സ്ഥിതി അതീവ ഗുരുതരം. മാർക്കറ്റിൽ പരിശോധന നടത്തിയ 60 പേരിൽ 33 പേർക്കും കൊവിഡ് സ്ഥിരീകരിച്ചതോടെ ആശങ്ക അതിന്റെ എല്ലാ സീമകളും ലംഘിച്ചു. ഇതര സംസ്ഥാന തൊഴിലാളികളായ 33 പേർക്കാണ് ഇപ്പോൾ ഏറ്റുമാനൂരിൽ കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.


തിങ്കളാഴ്ച രാവിലെ ആരോഗ്യ വകുപ്പ് നടത്തിയ മിന്നൽ ആന്റിജൻ പരിശോധനയിലാണ് തൊഴിലാളികൾക്കു കൊവിഡ് സ്ഥിരീകരിച്ചത്. നേരത്തെ ഇവിടെ രണ്ടു തൊഴിലാളികൾക്കു കൊവിഡ് സ്ഥിരീകരിച്ചതോടെ പച്ചക്കറി മാർക്കറ്റ് അടച്ചിരുന്നു. ഈ പച്ചക്കറി മാർക്കറ്റിലെ മുകൾ നിലകളിൽ താമസിച്ചിരുന്ന ഇതര സംസ്ഥാന തൊഴിലാളികളായ 63 പേരെയാണ് തിങ്കളാഴ്ച പരിശോധനയ്ക്കു വിധേയരാക്കിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതോടെ ഏറ്റുമാനൂർ നഗരസഭയിൽ സ്ഥിതി അതീവ ഗുരുതരമായതായി നഗരസഭാ ചെയർമാൻ ബിജു കൂമ്പിക്കൻ പറഞ്ഞു. ഒരു ദിവസം 33 പേർക്കു കൊവിഡ് സ്ഥിരീകരിച്ചതോടെ ജില്ലയിലെ ഏക ഹൈറിസ്‌ക് മേഖലയായി ഏറ്റുമാനൂർ മാറി. ഇവിടെ സ്ഥിതി അതീവ ഗുരുതരമാണെന്ന് ആരോഗ്യവകുപ്പ് വിലയിരുത്തുന്നു.

ഒരാഴ്ച അടഞ്ഞു കിടന്ന മാർക്കറ്റ് ഇന്നലെ തുറന്നതിനു പിന്നാലെയാണ് ഇത്രയും പേർക്ക് രോഗം സ്ഥിരീകരിച്ചത്. ഈ സാഹചര്യത്തിൽ പേരൂർ റോഡ് അടിയന്തിരമായി അടച്ചു. ആന്റിജൻ പരിശോധനാ ഫലം ചൊവ്വാഴ്ചയും തുടരാനാണ് സാധ്യത.

എന്നാൽ, നഗരത്തിന്റെ മറ്റു ഭാഗങ്ങൾ കൊവിഡ് ബാധയുടെ പശ്ചാത്തലത്തിൽ അടയ്ക്കണമോ എന്ന കാര്യത്തിൽ ഇനിയും തീരുമാനം ആയിട്ടില്ല. കഴിഞ്ഞ ചൊവ്വാഴ്ച മുതൽ ഏറ്റുമാനൂരിൽ വ്യാപരി സംഘടനകളുടെ നേതൃത്വത്തിൽ കടകളും വ്യാപാര സ്ഥാപനങ്ങളും അടച്ചിരുന്നു. എന്നാൽ, ഈ സ്ഥാപനങ്ങൾ ഇന്നലെ മുതൽ കർശന നിയന്ത്രണത്തോടെ തുറന്ന് പ്രവർത്തനമാരംഭിച്ചതോടെയാണ് സ്ഥിതി ഗതികൾ അതീവ ഗുരുതരമായത്.

മത്സ്യമാർക്കറ്റിലും നിരവധി പേർക്കും പച്ചക്കറി മാർക്കറ്റിൽ രണ്ടു പേർക്കും കഴിഞ്ഞയാഴ്ച രോഗം സ്ഥിരീകരിച്ചതിനെത്തുടർന്നായിരുന്നു താത്കാലികമായി കടകൾ അടച്ചിട്ടത്. മരുന്നുകടകളും ഭക്ഷണശാലകൾ പാഴ്സൽ നൽകുന്നതിനും വേണ്ടി മാത്രമാണ് ഈ കാലയളവിൽ തുറന്നു പ്രവർത്തിച്ചിരുന്നത്.