
സ്വന്തം ലേഖിക
ഏറ്റുമാനൂര്‍: ഉത്സവം അഞ്ചു ദിവസം പിന്നിടുമ്പോള്‍ ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രത്തിലേക്കു ഭക്തജനപ്രവാഹം.
രാവിലെ ശ്രീബലി, ഉച്ചയ്ക്ക് ഉത്സവബലി ദര്‍ശനം, വൈകുന്നേരം കാഴ്ചശ്രീബലി സമയങ്ങളിലാണ് ഭക്തജനങ്ങള്‍ കൂടുതലായെത്തുന്നത്. ഉത്സവബലി ദര്‍ശനത്തിന് വിദൂരസ്ഥലങ്ങളില്‍നിന്നു പോലും ഭക്തര്‍ എത്തിച്ചേരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കഥകളി പ്രേമികള്‍ക്ക് ആസ്വാദനവിരുന്നൊരുക്കിയ കഥകളി പൂര്‍ത്തിയായി. മൂന്നു ദിവസവും പുലര്‍ച്ചയോളം നീണ്ട കഥകളി ആസ്വദിക്കാന്‍ ഒട്ടേറെപ്പേരെത്തി. വിദേശികളും ആസ്വാദകരായുണ്ടായിരുന്നു. ഇന്നലെ അയ്മനം സ്വാതിക്ഷേത്രം കഥകളി റിസര്‍ച്ച് ഫൗണ്ടേഷനാണ് കഥകളി അവതരിപ്പിച്ചത്. മണ്ഡോദരീവിലാപവും കിരാതവുമായിരുന്നു കഥകള്‍.
സായാഹ്നങ്ങളെ ഭക്തിസാന്ദ്രമാക്കിക്കൊണ്ട് താലപ്പൊലി സമര്‍പ്പണം പുരോഗമിക്കുന്നു. ഇന്നലെ കാക്കാല സമുദായ സൊസൈറ്റിയുടെ നേതൃത്വത്തിലായിരുന്നു താലപ്പൊലി സമര്‍പ്പണം. ഇന്ന് അഖില കേരള ചേരമര്‍ ഹിന്ദു മഹാസഭ കോട്ടയം താലൂക്ക് സമിതിയുടെ നേതൃത്വത്തില്‍ താലപ്പൊലി സമര്‍പ്പണം നടത്തും.
കാഴ്ചശ്രീബലിയോടനുബന്ധിച്ച് രണ്ടാം ഉത്സവദിനത്തില്‍ ആരംഭിച്ച വേലകളി തുടരുന്നു. വൈകുന്നേരം കാഴ്ച ശ്രീബലി എഴുന്നള്ളത്തിനാണ് വേലകളി. കാഴ്ച ശ്രീബലി എഴുന്നള്ളത്ത് രണ്ടു പ്രദക്ഷണത്തിനുശേഷം പടിഞ്ഞാറെ ഗോപുരത്തിലെത്തി നില്‍ക്കുമ്പോള്‍ ക്ഷേത്ര മൈതാനത്തുനിന്നും വേലകളി തുടങ്ങും.
കൃഷ്ണന്‍ കോവില്‍ വഴി വില്ലുകുളത്തില്‍ വേലയും കഴിഞ്ഞു മതില്‍ക്കകത്ത് കയറി പ്രദക്ഷിണം വച്ച് തെക്കേനടയിലുള്ള സേവാപന്തലില്‍ എഴുന്നള്ളിപ്പിനു മുൻപില്‍ എത്തുന്നതോടെ വേലകളി സമാപിക്കും.
രണ്ടു മുതല്‍ ഒൻപതു വരെ ഉത്സവ ദിവസങ്ങളില്‍ വൈകുന്നേരം കാഴ്ച ശ്രീബലി എഴുന്നള്ളിപ്പിനെ തുടര്‍ന്ന് നടക്കുന്ന വേലകളി കാട്ടാമ്പാക്ക് മഠത്തില്‍ കുടുംബത്തിന്‍റെ അവകാശമാണ്. കാട്ടാമ്പാക്ക് തേവര്‍ത്തുമലയില്‍ മഠത്തില്‍ കുടുംബം വക ഭൂമിയില്‍ അധിവസിച്ചിരുന്ന ശിവചൈതന്യത്തെ വില്വമംഗലത്ത് സ്വാമിയാര്‍ ഏറ്റുമാനൂരില്‍ കുടിയിരുത്തുന്നതുവരെ ഭഗവാന് അകമ്പടി സേവിച്ച ഭൂതഗണങ്ങളെയാണ് വേലകളിയിലൂടെ ഇവിടെ അനുസ്മരിക്കുന്നത്.