ഒരു വനിത അടക്കം കോട്ടയത്തെ രണ്ടു മുതിർന്ന കോൺഗ്രസ് നേതാക്കൾ ബി.ജെ.പിയിലേയ്ക്ക്..! രണ്ടു നേതാക്കളും ബി.ജെ.പിയുമായി ചർച്ച നടത്തി; ബി.ജെ.പി സ്ഥാനാർത്ഥി പട്ടിക വൈകുന്നത് ഈ കോൺഗ്രസ് നേതാക്കളെ പ്രതീക്ഷിച്ച്
തേർഡ് ഐ ബ്യൂറോ
കോട്ടയം: ഒരു വനിത അടക്കം ജില്ലയിലെ രണ്ടു പ്രമുഖ നേതാക്കൾ ബി.ജെ.പിയിലേയ്‌ക്കെന്നു സൂചന. കോട്ടയം ജില്ലയിലെ ഒരു സീറ്റിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിലാണ് ബി.ജെ.പി ജില്ലാ – സംസ്ഥാന നേതൃത്വങ്ങൾ ഈ രണ്ടു നേതാക്കളെ സമീപിച്ചതെന്നാണ് സൂചന. ഇരുവരുമായുള്ള ചർച്ചകൾ പുരോഗമിക്കുന്നതിനാലാണ് കോട്ടയം ജില്ലയിലെ ബി.ജെ.പിയുടെയും – എൻ.ഡി.എയുടെയും സ്ഥാനാർത്ഥി പ്രഖ്യാപനം അനിശ്ചിതമായി നീളുന്നതെന്നാണ് ഏറ്റവും ഒടുവിൽ പുറത്തു വരുന്ന സൂചനകൾ.
ജില്ലയിലെ ജനകീയരായ രണ്ടു നേതാക്കളെയാണ് ഇപ്പോൾ ബി.ജെ.പി സമീപിച്ചിരിക്കുന്നത്. കോട്ടയം ജില്ലയിൽ മുൻപ് കേരള കോൺഗ്രസ് മത്സരിച്ചിരുന്ന ഒരു സീറ്റിനെച്ചൊല്ലി കോൺഗ്രസിനുള്ളിൽ തർക്കം ഉടലെടുത്തിരുന്നു. സംസ്ഥാനത്തെ പ്രമുഖ വനിതാ നേതാവും, ജില്ലയിൽ നിന്നുള്ള ഒരു മുതിർന്ന നേതാവുമാണ് ഈ സീറ്റിൽ അവകാശവാദമുന്നയിച്ചിരുന്നത്. ഈ സീറ്റിന്റെ പേരിൽ കോൺഗ്രസിലെ അഞ്ചിലേറെ നേതാക്കൾ അവകാശവാദവുമായി രംഗത്ത് എത്തി. ഇതേ തുടർന്ന് സീറ്റ് യു.ഡി.എഫിലെ മറ്റൊരു ഘടകകക്ഷിയ്ക്കു കൈമാറുകയായിരുന്നു. ഇതേ തുടർന്നു, ഈ സിറ്റിൽ സ്ഥാനാർത്ഥിയെ നിർണ്ണയിച്ച ഘടകകക്ഷി ആദ്യ ഘട്ട പ്രചാരണം ആരംഭിക്കുകയും ചെയ്തു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇതോടെയാണ് ഈ സീറ്റ് മോഹികളായ രണ്ടു നേതാക്കളെയും ബി.ജെ.പിയുടെ ഒരു വിഭാഗം നേതാക്കൾ സമീപിച്ചത്. ഈ സീറ്റിൽ വിജയം പ്രതീക്ഷിക്കുന്ന സി.പി.എമ്മിന്റെ ജില്ലയിലെ ഉന്നതനായ നേതാവും ഈ ചർച്ചകൾക്കും, കുളം കലക്കലിനും പിന്നിലുണ്ടെന്നാണ് സൂചന. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ ബി.ജെ.പി നേതാക്കൾ ചർച്ചകൾ സജീവമാക്കിയിരിക്കുന്നത്. നിലവിലെ സാഹചര്യത്തിൽ ഇരു നേതാക്കളും ബി.ജെ.പിയിലേയ്ക്കു പോകുമെന്നും, സ്ഥാനാർത്ഥിത്വം സ്വീകരിക്കുമെന്നുമുള്ള നിലപാട് തള്ളിയിരിക്കുകയാണ്.
എന്നാൽ, കോട്ടയം ജില്ലയിലെ സീറ്റ് നിഷേധിക്കപ്പെട്ട കോൺഗ്രസ് സ്ഥാനാർത്ഥികളിൽ പലരുമായും ഇതിനോടകെ തന്നെ ബി.ജെ.പി ചർച്ച നടത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ തിരഞ്ഞെടുപ്പ് നാമനിർദേശ പത്രിക പുറത്തു വരാനിരിക്കെ ഇനി ആരൊക്കെ ബി.ജെ.പിയിലേയ്ക്കു പോകുമെന്ന ആശങ്കയിലാണ് കോൺഗ്രസ് നേതൃത്വം. നേരത്തെ ജില്ലയിലെ കോൺഗ്രസ് നേതാക്കളായിരുന്ന ജി.പ്രമീള ദേവിയും, ജി.രാമൻ നായരും അടക്കമുള്ളവർ ബി.ജെ.പിയിൽ ചേർന്നിരുന്നു.