നിയമസഭാ തെരഞ്ഞെടുപ്പ്: ഏറ്റുമാനൂർ , ചങ്ങനാശേരി സീറ്റുകൾ കോൺഗ്രസ് ഏറ്റെടുത്തേക്കും: ഏറ്റുമാനൂരിൽ ഫിലിപ്പ്ജോസഫോ നാട്ടകം സുരേഷോ സ്ഥാനാർത്ഥിയാകും: തദേശ തെരഞ്ഞെടുപ്പിൽ ഏറ്റുമാനൂർ മണ്ഡലത്തിലെ ഒരു പഞ്ചായത്ത് ഒഴികെ മുഴുവൻ പിടിക്കാനായത് യുഡിഎഫിന് ആത്മവിശ്വാസം നൽകുന്നു.

Spread the love

കോട്ടയം: കോട്ടയം ജില്ലയിൽ മുമ്പെങ്ങും ഉണ്ടാകാത്ത വിധം ഇക്കുറി യു ഡി എഫ് നിയമസഭാ തെരഞ്ഞെടുപ്പ് രംഗത്തേക്ക് കടന്നു. വോട്ടർ പട്ടികയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. പിന്നാലെ ചിലസീറ്റ് ചർച്ചകളും അനൗദ്യോഗികമായി ആരംഭിച്ചു.

video
play-sharp-fill

നിലവിൽ നാല് എം എൽ എ മാരാണ് കോട്ടയംജില്ലയിൽ നിന്നുള്ളത്. ഇത് വർധിപ്പിച്ച് അടുത്ത ഭരണം പിടിക്കാനുള്ള നീക്കമാണ് നടക്കുന്നത്. ഇതിന്റെ ഭാഗമായി ഏറ്റുമാനൂർ , ചങ്ങനാശേരി സീറ്റുകൾ കേരളാ കോൺഗ്രസ് ജോസഫ് വിഭാഗത്തിൽ നിന്ന് തിരിച്ചെടുക്കണമെന്ന് ആവശ്യം കോൺഗ്രസിനുളളിൽ ശക്തമാണ്.
നിലവിലെ സാഹചര്യമനുസരിച്ച് ഏറ്റുമാനൂർ മണ്ഡലം യുഡിഎഫിന് അനുകൂലമാണ്.
തദ്ദേശ തെരഞ്ഞെടുപ്പിൽ ഏറ്റുമാനൂർ നഗരസഭ. അയ്മനം , ആർപ്പൂക്കര, കുമരകം, അതിരമ്പുഴ , നീണ്ടൂർ പഞ്ചായത്തുകൾ യുഡിഎഫ് പിടിച്ചെടുത്തു. തിരുവാർപ്പ് മാത്രമാണ് എൽഡിഎഫിന് ലഭിച്ചത്.നിയമസഭാ തെരഞ്ഞെടുപ്പിൽ ഇത് യുഡിഎഫിന് ആത്മവിശ്വാസം നൽകുന്ന കാര്യമാണ്. അതുകൊണ്ടു തന്നെ സീറ്റ് കോൺഗ്രസ് തിരിച്ചെടുക്കണമെന്ന വാദം ശക്തമാണ്.

സീറ്റ് കോൺഗ്രസിന് ലഭിച്ചാൽ കെപി സിസി ജനറൽ സെക്രട്ടറിയും ഐ എൻടിയുസി ജില്ലാ പ്രസിഡന്റമായ ഫിലിപ്പ് ജോസഫ് , ഡിസി സി പ്രസിഡന്റ് നാട്ടകം സുരേഷ് എന്നിവരുടെ പേരുകളാണ് പരിഗണിക്കപ്പെടുന്നത്. മുൻ ജില്ലാ പഞ്ചായത്ത് അംഗം കൂടിയായ ഫിലിപ്പ് ജോസഫ് കോട്ടയത്തുകാർക്ക് സുപരിചിതനാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഏറ്റുമാനൂർ മണ്ഡലത്തിന്റെ ചരിത്രം പരിശോധിച്ചാൽ ക്രിസ്ത്യൻ വിഭാഗത്തിൽ നിന്നാണ് ഏറ്റവുമധികം എം എൽ എ മാർ തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്. ജോർജ് ജോസഫ് പൊടിപാറ. ഇ.ജെ. ലൂക്കോസ്, തോമസ് ചാഴികാടൻ തുടങ്ങിയവർ പല തവണ ജയിച്ച മണ്ഡലമാണ്. അതിനാൽ കിസ്ത്യൻ വിഭാഗത്തിൽ നിന്നൊരാൾ മത്സരിക്കണമെന്ന വാദവും ഉയരുന്നുണ്ട്. അങ്ങനെ വന്നാൽ ഫിലിപ്പ് ജോസഫിനു തന്നെയാകും നറുക്ക് വീഴുക.എന്നാൽ മറ്റു ചില നേതാക്കൾക്കും ഏറ്റുമാനൂർ സീറ്റിൽ കണ്ണുണ്ട്. വരും ദിവസങ്ങളിൽ ഇതു സംബന്ധിച്ച ചർച്ചകൾ നടക്കും.

അതേസമയം എന്തു വന്നാലും സീറ്റ് വിട്ടുകൊടുക്കില്ലെന്ന നിലപാടിലാണ് ജോസഫ് ഗ്രൂപ്പ്. കേരള കോണ്‍ഗ്രസ് നിലവിലുളള പത്തു സീറ്റിലും മല്‍സരിക്കുമെന്നു മോൻസ് ജോസഫ് പ്രഖ്യാപിച്ചു കഴിഞ്ഞു. മണ്ഡലം വച്ചുമാറുന്നതിനെക്കുറിച്ചുളള ചര്‍ച്ചകള്‍ നടന്നിട്ടില്ലെന്നും മോൻസ് പറയുന്നു.

മോൻസിൻ്റെ നിലപാടില്‍ കടുത്ത അതൃപ്തിയിലാണ് കോണ്‍ഗ്രസ്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഫ്രാന്‍സിസ് ജോര്‍ജിന് സീറ്റു നല്‍കിയതും തദ്ദേശ തെരഞ്ഞെടുപ്പില്‍ കേരളാ കോണ്‍ഗ്രസിന് ജില്ലാ പഞ്ചായത്തില്‍ അടക്കം സീറ്റുകളില്‍ വിട്ടുവീഴ്ച നടത്തിയത് രണ്ടു സീറ്റുകളും ഏറ്റെടുക്കുന്നത് മുന്നില്‍ കണ്ടാണ്.

ലോക്സഭയില്‍ ഫ്രാന്‍സിസ് ജോര്‍ജിന് സീറ്റു നല്‍കുമ്ബോള്‍ കേരളാ കോണ്‍ഗ്രസ് നിയമസഭയില്‍ വിട്ടുവീഴ്ച ചെയ്യണമെന്ന ധാരണ ഉണ്ടായിരുന്നു. ഇതു പാലിക്കാന്‍ കേരളാ കോണ്‍ഗ്രസ് തയാറാകുന്നില്ലെന്നാണ് കോണ്‍ഗ്രസിലെ വികാരം.

എന്നാല്‍, സീറ്റുകള്‍ തിരിച്ചെടുക്കുമെന്നാണ് കോണ്‍ഗ്രസിലെ ഉറച്ച വിശ്വാസം. കഴിഞ്ഞപ്രാവശ്യം പത്തു സീറ്റില്‍ കേരളാ കോണ്‍ഗ്രസ് മത്സരിച്ചപ്പോള്‍ രണ്ടിടത്ത് മാത്രമാണ് ജയിച്ചതെന്നും കോണ്‍ഗ്രസ് നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു. വരും ദിവസങ്ങളില്‍ നടക്കുന്ന സീറ്റ് ചർച്ചകളില്‍ കേരളാ കോണ്‍ഗ്രസ് വഴങ്ങുമെന്നാണ് കോണ്‍ഗ്രസിൻ്റെ പ്രതീക്ഷ.