ഏറ്റുമാനൂരിൽ അഭിഭാഷകയും മക്കളും ആത്മഹത്യ ചെയ്ത സംഭവം: കുറ്റപത്രം നാളെ ഏറുമാനൂർ ഫസ്റ്റ് ക്ലാസ് ജുഡീഷല്‍ മജിസ്ട്രേറ്റ് കോടതിയില്‍ സമർപ്പിക്കും.

Spread the love

ഏറ്റുമാനൂർ: പാറോലിക്കല്‍ വടകര വീട്ടില്‍ ഷൈനി പെണ്‍മക്കള്‍ക്കൊപ്പം ട്രെയിനിനു മുന്നില്‍ ചാടി ജീവനൊടുക്കിയ സംഭവത്തില്‍ പോലീസ് നാളെ കുറ്റപത്രം സമർപ്പിക്കും.
ഷൈനിയെയും മക്കളെയും മരണത്തിലേക്ക് നയിച്ചത് ഭർത്താവ് നോബിയുടെ പീഡനമാണെന്ന് കുറ്റപത്രത്തില്‍ പറയുന്നു. കേസിലെ ഏക പ്രതിയാണ് നോബി.

സംഭവം നടന്ന് ആറുമാസം പൂർത്തിയാകാൻ 10 ദിവസങ്ങള്‍ ബാക്കിയുള്ളപ്പോഴാണ് കുറ്റപത്രം സമർപ്പിക്കുന്നത്. ഏറ്റുമാനൂർ സ്റ്റേഷൻ ഹൗസ് ഓഫീസർ ഇൻസ്പെക്ടർ എ.എസ്. അൻസലാണ് അന്വേഷണ ഉദ്യോഗസ്ഥൻ. നാളെ ഏറ്റുമാനൂർ ഫസ്റ്റ് ക്ലാസ് ജുഡീഷല്‍ മജിസ്ട്രേറ്റ് കോടതിയില്‍ കുറ്റപത്രം സമർപ്പിക്കും.

നാല്പതോളം ശാസ്ത്രീയ തെളിവുകളും രേഖകളും കുറ്റപത്രത്തിനൊപ്പം സമർപ്പിക്കും. ഷൈനിയുടെയും നോബിയുടെയും മൊബൈല്‍ ഫോണുകള്‍ നിർണായക തെളിവുകളാണ്. ഷൈനിയുടെ മകനും നിലമ്പൂർ എക്സ്പ്രസ് ട്രെയിനിന്‍റെ ലോക്കോ പൈലറ്റും ഉള്‍പ്പെടെ 56 സാക്ഷികളാണുള്ളത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഷൈനി മരിക്കുന്നതിന്‍റെ തലേ ദിവസം ഷൈനിയെ ഫോണില്‍ വിളിച്ച്‌ മക്കളെയും കൂട്ടി പോയി മരിക്കൂ എന്ന് നോബി പറഞ്ഞതാണ് ഷൈനിയെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് കുറ്റപത്രത്തില്‍ പറയുന്നു. കഴിഞ്ഞ ഫെബ്രുവരി 28ന് പുലർച്ചെയാണ് ഷൈനി (43), മക്കളായ അലീന (11), ഇവാന (10) എന്നിവരുമായി നിലമ്പൂർ എക്സ്പ്രസ് ട്രെയിനിനു മുമ്പില്‍ ചാടി ജീവനൊടുക്കിയത്.